'രാത്രിമഴ' സാഹിത്യ പുരസ്കാരം ലിൻസി, സൂര്യജ, നസ്രി നമ്പ്രത്ത് എന്നിവർക്ക്
text_fieldsകണ്ണൂർ തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം വനിതാവേദി സുഗതകുമാരിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ 'രാത്രിമഴ' പുരസ്കാരങ്ങൾക്ക് ലിൻസി വർക്കി, സൂര്യജ എം, നസ്രി നമ്പ്രത്ത് എന്നിവർ അർഹരായി. വനിതാ ദിനത്തിൽ സംഘടിപ്പിച്ച രാക്കൂട്ടം പെൺകൂട്ടായ്മയിൽ മയ്യിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. റിഷ്നയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. എഴുത്തുകാരായ ഡോ. ടി.പി. വേണുഗോപാലൻ, വി.എച്ച്. നിഷാദ്, കെ.എം. പ്രമോദ്, എൻ.പി. സന്ധ്യ, കെ.വി. സിന്ധു, മാധ്യമപ്രവർത്തക ജസ്ന ജയരാജ് എന്നിവർ ഉൾപ്പെട്ട പാനലാണ് വിധി നിർണയം നടത്തിയത്.
അടച്ചിരിപ്പുകാലത്തെ പെൺജീവിതം അടയാളപ്പെടുത്തുന്നതിനാണ് സഫ്ദർ ഹാഷ്മി വനിതാവേദി സംസ്ഥാനതലത്തിൽ കഥ, കവിത, അനുഭവം രചനാമത്സരങ്ങൾ പ്രഖ്യാപിച്ചത്. മൂവായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ലിൻസി വർക്കി (കെന്‍റ്, യുകെ)യുടെ അഡ്രിയാനയുടെ അടച്ചിരിപ്പുകാലമെന്ന കഥയാണ് കഥാവിഭാഗത്തിൽ പുരസ്കാരം നേടിയത്. ഇടുക്കി കട്ടപ്പന സ്വദേശിനിയാണ്. കവിതാവിഭാഗത്തിൽ കാലിക്കറ്റ് സർവകലാശാല മലയാളം & കേരളപഠനം വിഭാഗത്തിലെ ഗവേഷകയായ എം. സൂര്യജയുടെ 'വിഷാദം, മഞ്ഞ ചോർന്നുപോയ മഞ്ഞ പൂക്കൾ ' പുരസ്കാരം നേടി. മലപ്പുറം കാക്കഞ്ചേരി സ്വദേശിനിയാണ്. അനുഭവങ്ങളിൽ നസ്രി നമ്പ്രത്തിന്‍റെ 'ജന്മം മുഴുവൻ ലോക്ഡൗണിലായവർ' എന്ന രചനക്കാണ് പുരസ്കാരം. കണ്ണൂർ മുണ്ടേരിയിൽ താമസിക്കുന്ന നസ്രി കണ്ണൂർ ഫാത്തിമ ഹോസ്പിറ്റൽ ജീവനക്കാരിയാണ്.
എല്ലാ വിഭാഗത്തിലെയും തെരഞ്ഞെടുക്കപ്പെട്ട രചനകൾ ഉൾപ്പെടുത്തി പുസ്തകം പുറത്തിറക്കും. മേയ് മാസം ചേരുന്ന വിപുലമായ ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കുക. കോവിഡ് കാലത്തെ കീഴ്മേൽ മറിഞ്ഞ ജീവിതത്തെ വരച്ചിടുന്നതാണ് മത്സരത്തിനെത്തിയ രചനകളെന്ന് ജൂറി പാനൽ വിലയിരുത്തി. അടച്ചിരുപ്പുകാലത്ത് മനുഷ്യർ തമ്മിലെ ബന്ധങ്ങളിലുണ്ടായ മാറ്റം രചനകളിൽ നിഴലിക്കുന്നു. ആയുസ് മുഴുവൻ ലോക്ഡൗണിന് സമാനമായ ജീവിതാവസ്ഥകൾ നേരിടുന്ന പെണ്ണിന്‍റെ ജീവിതചിത്രമാണ് രചനകളെന്നും ജൂറി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.