96ാം വയസ്സിലും വായനയെ ചേർത്തു പിടിച്ച് അലീമ ഉമ്മ
text_fieldsകരേക്കാട്: 96ാം വയസ്സിലും വായന കൈവിടാതെ ഹരമായി കൊണ്ടുനടക്കുകയാണ് അലീമ ഉമ്മ. കരേക്കാട് ആൽപറ്റപ്പടിയിൽ താമസിക്കുന്ന ചാരത്ത് അലീമ ഉമ്മ കല്പകഞ്ചേരി സർക്കാർ ഗേൾസ് സ്കൂളിലാണ് പഠിച്ചത്. പല മുസ്ലിം പെൺകുട്ടികളും പ്രൈമറി ക്ലാസുകളിൽ പഠനം അവസാനിപ്പിക്കുന്ന കാലഘട്ടത്തിൽ ഇവർ എട്ടാം ക്ലാസ് വരെ പഠനം തുടർന്നു.
കുടുംബത്തോടൊപ്പം കരേക്കാട്ടേക്ക് താമസം മാറ്റേണ്ടിവന്നതോടെ കല്പകഞ്ചേരിയിൽ പോയുള്ള പഠനം പ്രയാസമായതിനാൽ ഇടക്കുവെച്ച് നിർത്തേണ്ടിവന്നു. മലയാളത്തിന് പുറമെ ഇംഗ്ലീഷും വായിക്കാനറിയാം. കോവിഡ്കാലത്തിന് മുമ്പുവരെ പത്രം സ്ഥിരമായി വായിച്ചിരുന്നു. പത്രം നിർത്തിയതിനുശേഷം തൊട്ടടുത്ത വീടുകളിൽനിന്ന് പഴയ പത്രങ്ങൾ ശേഖരിച്ച് വായിക്കുന്നത് പതിവായിരുന്നു. വെറുതെ ഇരിക്കുമ്പോൾ വായിക്കുക എന്നത് ഇവരുടെ ശീലമാണ്.
ഈ ശീലം മനസ്സിലാക്കിയതിനെത്തുടർന്ന് വടക്കുംപുറം എ.യു.പി സ്കൂൾ അധ്യാപകൻ വി.പി. ഉസ്മാനും പൊതുപ്രവർത്തകനായ കെ.എം. മുസ്തഫ എന്ന മുത്തുവും കൂടി ഒരുവർഷത്തേക്ക് അലീമ ഉമ്മക്ക് 'മാധ്യമം' പത്രം സ്പോൺസർ ചെയ്തതോടെ ദിവസവുമുള്ള പത്രവായന ഇവർ പുനരാരംഭിച്ചു. വയസ്സ് 96 ആയിട്ടും കണ്ണട ഉപയോഗിക്കാതെ വായിക്കാൻ സാധിക്കുന്നത് ദൈവാനുഗ്രഹംകൊണ്ടാണെന്ന് ഇവർ വിശ്വസിക്കുന്നു. ഖുർആൻ പാരായണം മുറതെറ്റാതെ തുടരുന്നു. ഒപ്പം പത്രവായനയും. പുസ്തകം ഏതായാലും വായിക്കും.
വീട്ടുമുറ്റത്തും പറമ്പിലും പച്ചക്കറി കൃഷി ചെയ്തിരുന്നു. നെല്ല് വറുത്ത് അവിലാക്കി വിൽക്കുന്ന ജോലി നേരത്തേ ചെയ്തിരുന്നു. ഈ പ്രായത്തിലും അലീമ ഉമ്മക്ക് ഓർമശക്തിക്ക് ഒട്ടും കുറവില്ല. ഏക മകൻ അബൂബക്കറും ഉമ്മയുടെ വായനയെ പ്രോത്സാഹിപ്പിച്ച് ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.