വായന: ദേശവും മനുഷ്യനും, ഒരു മുഖാമുഖം
text_fieldsജീവിതവും കാലവും ചരിത്രവും കഥാപാത്രങ്ങളും ഇഴചേർന്നാണ് നോവൽ രൂപപ്പെട്ടിരിക്കുന്നത്. ചരിത്രവും ഭാവനയും സങ്കീർണതകളില്ലാതെ സമന്വയിക്കുകയും കാലവും കഥയും യുക്തിപൂർണമായി അലിഞ്ഞുചേരുകയും ചെയ്യുന്നുണ്ട്
ദേശത്തിന്റെ കഥകൾ മലയാള വായനയിലെ സവിശേഷ സാന്നിധ്യമാണ്. ഒരു ദേശത്തിന്റെ രാഷ്ട്രീയ ഭൂമികയിലൂടെയുള്ള യാത്രകൾ, ചരിത്രത്തിന്റെ അന്വേഷണങ്ങൾ, ജീവിത വിതാനങ്ങൾ, സാംസ്കാരിക രൂപാന്തരങ്ങൾ തുടങ്ങി നിരവധി അനുഭവങ്ങളാണ് ഈ നോവലുകൾ സൃഷ്ടിക്കുന്നത്. ഈ നോവലുകളിൽനിന്ന് കാലത്തിന്റെ ഋതുഭേദങ്ങൾ, മനുഷ്യജീവിതത്തിന്റെ ആകുലതകൾ, സംസ്കാരത്തിന്റെ അതിജീവനങ്ങൾ എല്ലാം വായിച്ചെടുക്കാനാവും.
ഇത്തരം ദേശകഥാഖ്യാനങ്ങൾ ഭൂതകാല ജീവിത വീഥികളിലേക്ക് വായനക്കാരനെ നിരന്തരം നയിക്കുന്നു. നോവൽ ചരിത്രത്തിന്റെ എല്ലാ കാലത്തും ഇത്തരം രചനകൾ പുറത്തുവന്നിട്ടുണ്ട്. പുതിയ നോവൽ കലയിലും ഈ സമീപനമുള്ള കൃതികൾ രൂപപ്പെട്ടുവരുന്നുണ്ട്
സുേരഷ് പേരിശ്ശേരിയുടെ ‘മനുഷ്യന് ഒരു സൂത്രവാക്യം’ എന്ന നോവലാണ് ഈ ചിന്തകളിലേക്ക് ക്ഷണിച്ചത്. ഇത്തരം നോവലുകൾ ഭാവന ചെയ്യുക എന്നത് രചനയിലെ വെല്ലുവിളിയാണ്. കാരണം കാലത്തെ യുക്തിപൂർവം സമീപിക്കേണ്ടിയിരിക്കുന്നു, ചരിത്രത്തിന്റെ സാധ്യതകളെ തിരിച്ചറിയണം.
മാത്രമല്ല, ദേശത്തിന്റെ ജൈവിക രൂപാന്തരങ്ങൾ അടയാളപ്പെടുത്തുകയും വേണം. ഈ പ്രതിസന്ധികളെ തരണം ചെയ്യുമ്പോൾ മാത്രമേ നോവൽ അതിന്റെ കലാസാധ്യതകൾ സാക്ഷാത്കരിക്കൂ. സുരേഷ് പേരിശ്ശേരി ഈ തിരിച്ചറിവിലൂടെയാണ് നോവൽ കലയെ സമീപിക്കുന്നത്. ‘മനുഷ്യന് ഒരു സൂത്രവാക്യം’ അത് തെളിയിക്കുന്നുണ്ട്.
‘പോരുവഴി’ എന്ന ദേശത്തിന്റെ ജീവിത വിതാനങ്ങൾ ആവിഷ്കരിക്കുന്ന നോവലാണിത്. മധ്യതിരുവിതാംകൂറിന്റെ ചരിത്രഭൂമികയിൽനിന്നാണ് ഈ ദേശം രൂപപ്പെടുത്തിയിരിക്കുന്നത്. അവിടത്തെ ഭാഷ, ഭാഷാഭേദങ്ങൾ, സംസ്കാരം, രാഷ്ട്രീയം, ജീവിതരീതികൾ, സംഭാഷണസ്വഭാവങ്ങൾ, ആകാര സവിശേഷതകൾ, പ്രകൃതി എന്നിവയിൽനിന്നാണ് ഈ ദേശത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.
ഇത്തരം ഒരു ദേശം സൃഷ്ടിക്കുമ്പോൾ സ്വാഭാവികമായി പരുവപ്പെടേണ്ട ജീവിതഭൂമിക ഇവിടെ സാക്ഷാത്കരിക്കുന്നുണ്ട്. ഒരു ദേശത്തിന്റെ ജീവിതത്തിലെ മിക്കവാറും എല്ലാ സാമൂഹിക രാഷ്ട്രീയജീവിത വ്യാപാരങ്ങളും ഇവിടെ ദൃശ്യമാണ്.
കുടുംബബന്ധങ്ങളിലെ ഊഷ്മളത, അതിലെ ശൈഥില്യങ്ങൾ, മനുഷ്യസംവേദനങ്ങളിലെ ഇടർച്ചകളും തുടർച്ചകളും, ജാതി മത അധിഷ്ഠിതമായ സാമൂഹിക വ്യാപാരങ്ങൾ, രാഷ്ട്രീയ വിഭിന്നതകൾ, ജീവിത വിശ്വാസങ്ങൾ, മൂല്യഭേദങ്ങൾ, വിഭിന്ന സാമ്പത്തികതലങ്ങൾ എല്ലാം ഈ നോവൽ ഘടനയിൽ പടർന്നുകിടപ്പുണ്ട്.
കാലത്തിൽനിന്നോ ചരിത്രത്തിൽനിന്നോ വേറിട്ടുനിൽക്കാതെ, അതിന്റെ ഭാഗമായി നിൽക്കാനാണ് പെരുവഴി ദേശം ശ്രമിക്കുന്നത്. ഒരു ഗ്രാമം നിലനിർത്തേണ്ട ബാഹ്യ സൗന്ദര്യവും അന്തരിക സംഘർഷവും ഈ രചനയിൽ കാണാം. എഴുത്തുകാരന്റെ രചനാതന്ത്രത്തിന്റെ സവിശേഷ സാധ്യതയാണ് ഇത് തെളിയിക്കുന്നത്.
1960കളിൽ തുടങ്ങുന്ന കാലഭൂമികയാണ് നോവലിന്റേത്. കേരളീയ സമൂഹത്തെ നിർണായകമായി സ്വാധീനിച്ച രാഷ്ട്രീയ ഘട്ടങ്ങളിലൂടെയാണ് നോവൽ കടന്നുപോകുന്നത്. ആ രാഷ്ട്രീയ പരിണതികൾ ആ ദേശത്തെ മനുഷ്യരെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് സൂക്ഷ്മമായി രേഖപ്പെടുത്തുന്നു. രാഷ്ട്രീയം അന്തർധാരയായി വരുമ്പോൾ രചനകൾക്ക് ആഴം വർധിക്കും.
വായനക്കാർക്ക് ചരിത്രവുമായി ചേർത്തുവെച്ച് വായിക്കാനാവും. ചരിത്രവുമായി നിരന്തരം സംവദിക്കാൻ കഴിയുമ്പോഴാണ് ഒരു രചന പൂർണമാകുന്നത്. അതിനുള്ള ശ്രമമാണ് നോവലിസ്റ്റ് നടത്തുന്നത്.
മുരളി എന്ന കഥാപാത്രത്തിലൂടെയാണ് നോവൽ വികസിക്കുന്നതും പടരുന്നതും. മുരളി കേരളത്തിന്റെ ഒരു പ്രത്യേക കാലഘട്ടത്തിന്റെ മുദ്ര പതിഞ്ഞ കഥാപാത്രമാണ്. അറുപതുകളിൽ തുടങ്ങിയ സാമൂഹിക പരിണാമങ്ങൾക്കൊപ്പമാണ് മുരളി സഞ്ചരിക്കുന്നത്. ഭൂപരിഷ്കരണത്തിന്റെ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കാലത്തുകൂടിയാണ് മുരളിയുടെ ബാല്യം കടന്നുപോകുന്നത്.
ദേശത്തെ യാഥാസ്ഥിതിക നായർ കുടുംബങ്ങളിൽ സംഭവിക്കുന്ന സാമ്പത്തിക സാമൂഹിക ശൈഥില്യങ്ങൾ, ബന്ധങ്ങളിലെ സ്വാഭാവിക വ്യഥകൾ, പാരമ്പര്യവും വർത്തമാനവും തമ്മിലെ ഇടർച്ചകൾ തുടങ്ങിയവ മുരളിയിലൂടെ അനാവരണം ചെയ്യുന്നു. കുറെക്കൂടി വ്യക്തമായി പറഞ്ഞാൽ കാലത്തിന്റെ സാക്ഷിയാണ് മുരളി. കാലത്തിന്റെ തീക്ഷ്ണ പാതകളെ അതിജീവിക്കാൻ മുരളി നടത്തുന്ന യത്നങ്ങൾ സൂക്ഷ്മമായി അവതരിപ്പിക്കുന്നു.
ജീവിതത്തിന്റെ ലളിത സന്ദർഭങ്ങളെപ്പോലും കാലവുമായി ചേർത്തുവെച്ചാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. മുരളിയുടെ ആന്തരിക ജീവിത സമസ്യകൾ കാലത്തിന്റെ സന്ദിഗ്ധതകളിൽനിന്ന് രൂപപ്പെട്ടു വന്നതാണ്. ചരിത്രവുമായുള്ള സംവേദനം നോവലിൽനിന്ന് വായിച്ചെടുക്കാനാവും.
കൃഷ്ണപിള്ള എന്ന കഥാപാത്രവും ചരിത്രത്തോട് പാരസ്പര്യം പുലർത്തുന്നു. മൂല്യാധിഷ്ഠിത രാഷ്ട്രീയവും വ്യഥിതരായ വ്യക്തികളോടുള്ള പരിഗണനയും നിസ്വാർഥ സമീപനങ്ങളും ജീവിതചര്യയാക്കിയ നിരവധി രാഷ്ട്രീയ പ്രവർത്തകർ ഒരു കാലത്ത് കേരളത്തിലുണ്ടായിരുന്നു. അവരിൽനിന്നാണ് കൃഷ്ണപിള്ള എന്ന കഥാപാത്രം ഉണ്ടാവുന്നത്. ഈ കഥാപാത്രം കാലത്തിന്റെ ഓർമപ്പെടുത്തലാണ്.
ഇത്തരം രാഷ്ട്രീയ വ്യക്തിത്വങ്ങൾ കേരളീയസമൂഹത്തിൽ ജീവിച്ചിരുന്നുവെന്ന് ഓർമപ്പെടുത്തുന്നു. ലക്ഷ്മിയമ്മ എന്ന കഥാപാത്രം ഒരു കാലത്ത് സമൂഹത്തിൽ രൂപപ്പെട്ടുവന്ന, ഒറ്റപ്പെട്ടതെങ്കിലും ശക്തമായ സ്ത്രീ ശാക്തീകരണത്തിന്റെ സാക്ഷ്യമാണ്. ഇങ്ങനെ ഓരോ കഥാപാത്രത്തെയും കാലത്തോട് ചേർത്തുനിർത്തി പരിഗണിക്കാവുന്നതാണ്.
പാരായണ ക്ഷമമായ ആഖ്യാനമാണ് നോവലിന്റേത്. ജീവിതവും കാലവും ചരിത്രവും കഥാപാത്രങ്ങളും ഇഴചേർന്നാണ് നോവൽ രൂപപ്പെട്ടിരിക്കുന്നത്. ചരിത്രവും ഭാവനയും സങ്കീർണതകളില്ലാതെ സമന്വയിക്കുന്നു. കാലവും കഥയും യുക്തിപൂർണമായി അലിഞ്ഞുചേരുന്നുമുണ്ട്. ഭാഷയുടെ രൂപപ്പെടുത്തലിലും വിനിമയത്തിലും സൂക്ഷ്മത പുലർത്താൻ ശ്രമിക്കുന്നുണ്ട്. ദേശം കാലത്തിലും കാലം മനുഷ്യരിലും മനുഷ്യരെ ജീവിതത്തിലും കൊത്തിവെച്ചതാണ് ‘മനുഷ്യന് ഒരു സൂത്രവാക്യം’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.