ബരാക് ഒബാമയുടെ പുസ്തകത്തിന് ആദ്യദിനം റെക്കോർഡ് വിൽപന
text_fieldsവാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ ഓര്‍മക്കുറിപ്പ് പുസ്തകത്തിന്റെ ആദ്യഭാഗമായ 'എ പ്രോമിസ്ഡ് ലാന്‍ഡി'ന് ആദ്യദിവസം റെക്കോഡ് വില്‍പ്പന. അമേരിക്കയിലും കാനഡയിലുമായി 8,89,000 കോപ്പികള്‍ വിറ്റഴിഞ്ഞതായി പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് അറിയിച്ചു. ഇ ബുക്, ഓഡിയോ ബുക് എന്നീ കാറ്റഗറികളിലെല്ലാം ചേർന്ന കണക്കാണിത്.
പ്രോമിസ് ലാൻഡിന്‍റെ വിൽപനയോട് ഏറ്റവുമടുത്ത് നിൽക്കുന്ന പുസ്തകം മിഷേൽ ഒബാമയുടെ 'ബികമിങ്' ആണ്. ആദ്യദിവസം നോർത്ത് അമേരിക്കയിൽ 7,25,000 കോപ്പികളാണ് വിറ്റുപോയത്. 2018ലാണ് ബികമിങ് പുറത്തിറങ്ങിയത്. അന്നുമുതൽ ഇപ്പോഴും വിൽപനയിൽ മുൻപന്തിയിൽ നിൽക്കുന്ന പുസ്തകങ്ങളിലൊന്നാണ് ബികമിങ്.
ഇതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍വെച്ച് ആദ്യദിനത്തിലെ റെക്കോഡ് വില്‍പ്പനയാണിതെന്നും വായനക്കാരുടെ പ്രതികരണത്തില്‍ ഏറെ ആവേശത്തിലാണെന്നും പെന്‍ഗ്വിന്‍ പബ്ലിഷര്‍ ഡേവിഡ് ഡ്രേക്ക് അറിയിച്ചു.
മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍റെ 'മൈ ലൈഫ്' ആദ്യദിവസം നാലുലക്ഷം കോപ്പികളാണ് വിറ്റത്. ജോര്‍ജ് ഡബ്ല്യു. ബുഷിന്‍റെ 'ഡിസിഷന്‍ പോയന്‍റ്‌സ്' ആദ്യദിനം 2,20,000 കോപ്പിയും വിറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.