Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
MT Vasudevan Nair
cancel

കേരളത്തിലെ കാർഷിക ഭൂബന്ധങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കൊപ്പമാണ് എം.ടി. വാസുദേവൻ നായരുടെ സാഹിത്യവും കടന്നുവരുന്നത്. ഭൂ ഉടമ സമ്പ്രദായത്തിൽനിന്ന് കാര്‍ഷിക മുതലാളിത്തത്തിലേക്കുള്ള പരിവർത്തനഘട്ടം ആയിരുന്നു അതിന്റെ ചരിത്രസന്ദർഭം. ചരിത്രത്തിന്റെ ഈ സംക്രമണ ഘട്ടത്തെ അതിന്റെ സങ്കീര്‍ണതകളോടെ എം.ടിയുടെ കൃതികളില്‍ വായിക്കാം. തകരുന്ന “നാലുകെട്ടു”കളില്‍‌നിന്ന്, ഫ്യൂഡല്‍ ഗൃഹാതുരതകളില്‍നിന്ന് ഇറങ്ങിനടക്കുന്ന “കാല”ത്തിന്റെ സംഘര്‍ഷവും തറവാടുകളുടെ ശൈഥില്യവും ആ രചനകളിൽ അടയാളപ്പെട്ടു. സാമൂഹികപരിവര്‍ത്തനങ്ങള്‍ കുടുംബ-സ്വകാര്യ ജീവിതങ്ങളെയും വ്യക്തിയുടെ ആന്തരിക ജീവിതത്തെയും ആഴത്തില്‍ കുഴമറിച്ചു.

കൂടല്ലൂരിലെ ഒരു മഴക്കാലം

1933 ജൂലൈ 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരില്‍ മഴകോരിച്ചൊരിഞ്ഞ ഒരു വര്‍ഷകാലത്തായിരുന്നു എം.ടിയുടെ ജനനം. പുന്നയൂര്‍ക്കുളം ടി. നാരായണന്‍നായരുടെയും അമ്മാളു അമ്മയുടെയും നാലു മക്കളില്‍ ഇളയവന്‍. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പാലക്കാട് വിക്ടോറിയ കോളജിൽനിന്ന് രസതന്ത്രത്തിലാണ് എം.ടി ബിരുദം നേടുന്നത്. മനുഷ്യാവസ്ഥകളുടെ നിഗൂഢ രസതന്ത്രമായിരുന്നു എം.ടി, തന്റെ രചനകളില്‍ നിരന്തരം അന്വേഷിച്ചുകൊണ്ടിരുന്നത്. ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം വിക്ടോറിയ കാലത്താണ് പ്രസിദ്ധീകരിച്ചത്. 1954ൽ ന്യൂയോർക് ഹെറാൾഡ് ട്രൈബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടിയുടെ ‘വളർത്തുമൃഗങ്ങൾ’ ഒന്നാം സ്ഥാനം നേടി. മലയാളം ഒരെഴുത്തുകാരന്റെ വരവറിയുകയായിരുന്നു.

നാലുകെട്ടിലെ ബന്ധങ്ങൾ

ഋതുഭേദങ്ങളുടെ തീക്ഷ്ണത അദ്ദേഹത്തിന്റെ രചനകളില്‍ തീവ്രമായി പ്രതിഫലിച്ചു. “കര്‍ക്കടക”ത്തിലെ തോരാമഴയിലും ദാരിദ്ര്യത്തിലും എം.ടി കടന്നുപോയ ബാല്യകാലത്തിന്റെ ഗാഢഋതുക്കളുണ്ട്. കാൽപനികതയും ആധുനികതയും സമന്വയിക്കുന്ന “നാലുകെട്ട്” (1958) മലയാള നോവല്‍ ഗതിയെ ചരിത്രപരമായി മാറ്റിപ്പണിതു. സോഷ്യല്‍ റിയലിസത്തിന്റെ ഭാഷാ ലാവണ്യധാരകളെ വിട്ട് വ്യക്ത്യനുഭവങ്ങളുടെ സ്വകാര്യതയിലേക്ക് സഞ്ചരിക്കുന്ന രചന. വ്യക്തിയെ രൂപപ്പെടുത്തുന്ന കുടുംബ, സമുദായ, സാമൂഹിക രസതന്ത്രങ്ങളെയാണ് എം.ടി നിര്‍ദ്ധാരണം ചെയ്തത്. തകരുന്ന തറവാടുകളും അഴിയുന്ന രക്തബന്ധങ്ങളും തിരസ്കൃത യൗവനവും ഒരു കാലത്തെ മുഴുവന്‍ യുവതൃഷ്ണകളെയും ശിഥിലകാമനകളെയുമാണ് ആവിഷ്കരിച്ച്. നാലുകെട്ടിലെ അപ്പണ്ണിയുടെ ഉടലില്‍ കാലത്തിന്റെ ചരിത്രം ആലേഖനം ചെയ്തിരുന്നു.

വിവിധ കാലങ്ങൾ

ഘനീഭവിച്ച കാലത്തില്‍നിന്ന് കുതറാന്‍ ശ്രമിക്കുന്ന വ്യക്തിയുടെ സംഘര്‍ഷങ്ങളാണ് എം.ടിയെ പ്രചോദിപ്പിച്ച രൂപകം. ഭാഷയ്ക്കുള്ളില്‍ ഒരു ഭാഷ നിർമിക്കലാണ് സാഹിത്യം എന്ന് എം.ടി വിശ്വസിച്ചു.

അറബിപ്പൊന്ന്' (1960), അസുരവിത്ത്‌ (1962), മഞ്ഞ്‌ (1964), കാലം (1969) രണ്ടാമൂഴം (1984) തുടങ്ങിയ പ്രധാന നോവലുകളിലെല്ലാം കാലവും കാമനയും തമ്മിലുള്ള സംഘര്‍ഷമുണ്ട്. എം.ടിയും എന്‍.പി. മുഹമ്മദും ചേര്‍ന്നെഴുതിയ നോവലാണ് അറബിപ്പൊന്ന്. മലയാളി പ്രവാസവും സ്വര്‍ണം എന്ന മഞ്ഞമോഹവും വ്യക്തിതൃഷ്ണകളും ഉരുക്കിക്കാച്ചിയ നോവല്‍. അതില്‍ കാലവും ചരിത്രവുമുണ്ട്. അതിജീവനത്തിന്റെ സാഹസികതകളുണ്ട്. അസുരവിത്തില്‍ സാമൂഹികസാഹചര്യങ്ങളോടും അനീതികളോടും സ്വന്തം ബോധ്യങ്ങളാല്‍ ഇടയുകയും ഇടറിപ്പോവുകയും ചെയ്യുന്ന വ്യക്തിമാതൃകകളെ എം.ടി കണ്ടെടുക്കുന്നു. ദേശവും തൊഴിലും വര്‍ഗവും സമുദായവും ഭിന്നമായിരിക്കുമ്പോഴും ആ കഥാപാത്രങ്ങള്‍ വായനക്കാരുമായി, അവരിലെ ആന്തരിക വ്യക്തികാമനയുമായി താദാത്മ്യപ്പെടുന്നു. അസുരവിത്തിലെ ഗോവിന്ദന്‍കുട്ടി കാലത്തില്‍നിന്ന് തെന്നിനില്‍ക്കുമ്പോഴും നമ്മളില്‍ ഒരാളായിത്തീരുന്ന കഥാപാത്രമാണ്. “പ്രിയപ്പെട്ടവരെ, തിരിച്ചുവരാന്‍വേണ്ടി യാത്ര ആരംഭിക്കുകയാണ്.” എന്ന അനുസ്യൂതിയിലാണ് അസുരവിത്ത് അവസാനിക്കുന്നത്.

മലയാളി ആധുനികതയെ അടയാളപ്പെടുത്തിയ രചനയാണ് കാലം. ആധുനികതയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന കാലത്തിന്റെ എല്ലാ വൈരുധ്യങ്ങളും കാലത്തിലെ സേതുമാധവനിലുണ്ട്. കാലത്തിന്റെ മേച്ചില്‍ സ്ഥലങ്ങളില്‍ അവസാനിക്കാത്ത തൃഷ്ണകളുടെ, ത്യജിക്കലുകളുടെ, തിരസ്കാരങ്ങളുടെ കാമനകളുടെ ജനിതകമാണ് സേതുമാധവനെ നിർമിക്കുന്നത്. ഫ്യൂഡല്‍ കാര്‍ഷിക കാലത്തിന്റെ ആന്തരിക വൈരുധ്യവും അധിനിവേശവും കാര്‍ഷിക മുതലാളിത്തവും സൃഷ്ടിച്ച ചൂഷണവ്യവസ്ഥയും ഭൂപരിഷ്കരണത്തിന്റെ സാമൂഹിക പ്രതിഫലനങ്ങളും ശിഥിലമാകുന്ന തറവാടുകളും അണുകുടുംബ ബന്ധങ്ങളിലെ സ്വാര്‍ഥകാമനകളും ‘കാല’ത്തില്‍ പതിഞ്ഞുകാണാം.

മഞ്ഞുകാലം

വിഷാദ ഋതുവാണ് മഞ്ഞ്. വിമലയുടെ ജാലകത്തിനപ്പുറം തടാകം തണുത്തുറഞ്ഞിട്ടുണ്ട്. പുല്‍പ്പടര്‍പ്പുകള്‍ മഞ്ഞുമൂടി. വെള്ളിയില്‍ സൂര്യമണികള്‍കൊത്തിയ നൈനിറ്റാള്‍ ഒരു നിശ്ചല ശിൽപം പോലെ തണുത്തുറ‍ഞ്ഞു. വിമല ജന്തുശാസ്ത്രം പഠിപ്പിക്കുന്ന സ്കൂളിലെ ഹോസ്റ്റലില്‍നിന്ന് എല്ലാ കുട്ടികളും അവധിക്കാലം ആഘോഷിക്കാന്‍ പുറപ്പെട്ടുകഴിഞ്ഞു. ചോക്ലറ്റ് നിറംവാര്‍ന്ന കവിളുകളുള്ള രശ്മി വാജ്പേയിയും അവളുടെ വെള്ളാരംകണ്ണുകളുള്ള കാമുകനും മഞ്ഞുകാലം ചെലവഴിക്കാന്‍ കുന്നുകളിറങ്ങി. വിമല തനിച്ചാണ്. ഒരവധിക്കാലം ചെലവിടാന്‍ നൈനിറ്റാളിലെത്തിയ സുധീര്‍കുമാര്‍ മിശ്ര എന്ന യുവാവിന്റെ ഓര്‍മയും ഗന്ധവുമായി കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളായി വിമല കാത്തിരിക്കുന്നു. “വരും വരാതിരിക്കില്ല” എന്ന എക്കാലത്തേയും പ്രതീക്ഷാ നിര്‍ഭരവും നിരാശാഭരിതവുമായ വരികള്‍ എം.ടി കുറിച്ചത് മഞ്ഞിലാണ്. ആ ചെറിയ വാക്യത്തില്‍ മലയാളിയുടെ പ്രണയവിഷാദമത്രയും ഒരു ചിപ്പിയിലെന്നപോലെ ഘനീഭവിച്ചു. കാലത്തിന്റെ വിഷാദമധുരമായ സംഗീതമായി മഞ്ഞ് മലയാള വയനലോകം സ്വീകരിച്ചു.

ഊഴങ്ങൾ പിന്നെയും

മനുഷ്യന്‍ അനന്ത സാധ്യതയുടെ ഇനിയും അഴിഞ്ഞുകിട്ടാത്ത അടരുകളാണ് എം.ടിയിലെ കഥാകാരനെ പ്രചോദിപ്പിച്ചത്. പുരാവൃത്തങ്ങളിലും ഇതിഹാസങ്ങളും സഞ്ചാരങ്ങളിലും ഭൂപരപ്പുകളിലും മനുഷ്യകുലത്തിന്റെ നിഗൂഢലിപികള്‍ വായിക്കുകയായിരുന്നു അദ്ദേഹം. മഹാഭാരതത്തെ രണ്ടാമന്റെ ഇതിഹാസമായി പുനരെഴുതുമ്പോള്‍ വീര-ദേവ ചിഹ്നങ്ങളും കൊടിയടയാളങ്ങളും ആലഭാരങ്ങളുമഴിഞ്ഞ് മഹാപ്രസ്ഥാനത്തിന്റെ അവസാന തിരിവില്‍ തിരിഞ്ഞുനില്‍ക്കുന്ന ഭീമനുമായി നാം കണ്ണാടികാണുന്നു.

“മുമ്പേ നടന്നുപോയവര്‍ അകലെയെത്തിക്കഴിഞ്ഞു. മഹാമേരുവില്‍ എവിടെയോ, വീഴാത്തവരെ സ്വീകരിക്കാന്‍ ദേവരഥം ഒരുങ്ങിനില്‍ക്കുന്നുണ്ടാകും.” ഭീമന്റെ മനോവിചാരമാണ്. ഭീമന്‍ ഈ നിമിഷം വരെ വീണുപോകാത്തവനാണ്. എന്നിട്ടും ഭീമന്‍ സംശയിച്ചു. “മലയിടുക്കില്‍ കാടിന്റെ പച്ചത്തലപ്പുകള്‍ കണ്ടു.” അയാള്‍ തിരിഞ്ഞുനടക്കുന്നു. ഇതിഹാസം തിരിഞ്ഞുനടക്കുന്നു. കാലം തിരിഞ്ഞു നടക്കുന്നു.

“ചെങ്കുത്തായ വഴിയിലൂടെ ഇടറാത്ത കാലുകള്‍ അമര്‍ത്തിച്ചവിട്ടി, വീണുകിടക്കുന്ന ശ്യാമമേഘംപോലെ താഴെക്കാണുന്ന വനഭൂമിയിലെത്താന്‍വേണ്ടി ഭീമസേനന്‍ നടന്നു.” അതിമുമ്പേ വെള്ളിപ്പറവകള്‍ മേഘങ്ങളില്‍നിന്നിറങ്ങി അവന്റെ വരവറിയിച്ച് താഴ്വരയിലേക്ക് പറന്നു.

മനുഷ്യത്വത്തിന്റെ അനാഥവും അഗാധവുമായ നിമിഷത്തിലാണ്, അതിന്റെ വൈരുധ്യത്തിലാണ് രണ്ടാമൂഴം അവസാനിക്കുന്നത്. ദ്രൗപദിയുടെ മരണമാണ് ഭീമനിലെ അനാഥത്വത്തെ സമ്പൂർണവും അഗാധവുമാക്കുന്നത്. അയാള്‍ സ്വര്‍ഗാരോഹണത്തിന്റെ പടിവാതിലില്‍നിന്ന് മണ്ണിലേക്കുള്ള അവരോഹണത്തിന് നിശ്ചയിക്കുന്ന നിമിഷമാണ് മനുഷ്യത്വത്തിന്റെ പ്രഫുല്ലസന്ദര്‍ഭം. ഈ അവരോഹണക്രമം എം.ടിയുടെ എല്ലാ കഥാപാത്രങ്ങളിലും കാണാം. എം.ടിയെപ്പോലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും തനിവഴിയിലൂടെ നടക്കുന്നതായി കാണാം.

മലയാളദേശത്തിന്റെ നൂറ്റാണ്ട് ചരിത്രമാണ് എം.ടിയിലൂടെ കടന്നുപോയത്. തകരുന്ന ഫ്യൂഡലിസവും, കാര്‍ഷിക മുതലാളിത്തവും കാൽപനികതയും ആധുനികതയും കോളനി അനന്തരകാലവും ഉത്തരാധുനികതയും അദ്ദേഹത്തിന്റെ ഭാഷയില്‍ ചൂഴ്ന്നുനിന്നു. എപ്പോഴും പുതുക്കിയെടുക്കുന്ന കാലത്തിന്റെ കലാ കൗശലമാണ്; വിസ്മയമാണ് എം.ടി. ഭാഷയുടെ അതിസൂക്ഷ്മ സ്ഥലരാശിയില്‍ നടത്തിയ നിതാന്ത ശിൽപവേലയായിരുന്നു എം.ടിയുടെ രചനാലോകം. അതു പുതുമകളെ കണ്ടെത്തിക്കൊണ്ടേയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MT Vasudevan Nair
News Summary - Remembering MT Vasudevan Nair by KP Jayakumar
Next Story