പി. വത്സലയുടെ സംസ്കാരം ഇന്ന്
text_fieldsകോഴിക്കോട്: ചൊവ്വാഴ്ച അന്തരിച്ച മലയാളത്തിെൻറ പ്രിയ സാഹിത്യകാരി പി. വത്സലയുടെ സംസ്കാരം ഇന്ന് നടക്കും. വൈകീട്ട് നാലിന് വെസ്റ്റ്ഹിൽ ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിക്കുക. ഇന്ന് രാവിലെ മുതൽ 12വരെ വെള്ളിമാട്കുന്നിലെ ‘അരുൺ’ വീട്ടിലും 12 മുതൽ മൂന്നുവരെ കോഴിക്കോട് ടൗൺഹാളിലും പൊതുദർശനത്തിന് വെക്കും. വൈകീട്ട് അഞ്ചിന് ടൗൺഹാളിൽ അനുശോചന യോഗം ചേരും.
വയനാട്ടിലെ ആദിവാസികളടക്കം അറിയപ്പെടാത്തവരുടെ ജീവിതങ്ങൾ അക്ഷരങ്ങളിൽ പകർത്തിയ എഴുത്തുകാരിയുടെ വേർപാട് ചൊവ്വാഴ്ച രാത്രി 11 മണിയോടെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു.
വത്സലയുടെ നോവൽ ‘നെല്ല്’ ഏറെ ശ്രദ്ധനേടിയിരുന്നു. എഴുത്തച്ഛൻ പുരസ്കാരം,കേരള സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങിയവ ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.
കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതി. വയനാട്ടിലെ ആദിവാസി ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണ് എഴുത്തിെൻറ ലോകത്ത് ശ്രദ്ധേയയായത്.
‘നിഴലുറങ്ങുന്ന വഴികൾ’ എന്ന നോവലിന് കേരളസാഹിത്യ അക്കാദമി അവാർഡ് (1975)ലഭിച്ചു. 2007ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡും 2019ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ലഭിച്ചു. തപസ്യ കലാ സാഹിത്യവേദിയുടെ സഞ്ജയൻ പുരസ്കാരം (2017), 2021 ൽ എഴുത്തച്ഛൻ പുരസ്കാരം, കുങ്കുമം അവാർഡ്, സി.എച്ച്. മുഹമ്മദ് കോയ അവാർഡ്, രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, ലളിതാംബികാ അന്തർജനം അവാർഡ്, സാഹിത്യ പ്രവർത്തക സഹകരണസംഘത്തിെൻറ അക്ഷരം അവാർഡ്, മയിൽപീലി അവാർഡ് തുടങ്ങിയവ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.