വിപ്ലവഗായിക മേദിനി നവതി നിറവിൽ
text_fieldsകേരളത്തെ കോരിത്തരിപ്പിച്ച വിപ്ലവഗായിക പി.കെ. മേദിനി നവതിയുടെ നിറവിൽ. ആഗസ്റ്റ് എട്ടിനായിരുന്നു 89ാം പിറന്നാൾ. പിളർപ്പിലും പ്രമുഖർ പലരും ചേരിമാറി മാർക്സിറ്റ് പാർട്ടിയിലേക്ക് തേരോട്ടം നടത്തിയപ്പോഴും മേദിനി സഖാവിന്റെ മനസ്സ് ചാഞ്ചാടിയില്ല. കമ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ അന്നും ഇന്നും. പിളർപ്പിൽ ആൾക്കൂട്ടം അപ്പുറത്തായിരുന്നു. ആശയങ്ങളെയോ നിലപാടുകളെയോ ആൾക്കൂട്ടം സ്വാധീനിച്ചു കൂടെന്നാണ് എന്റെ പക്ഷം -മാരാരിക്കുളത്തെ വീട്ടിലുള്ള അവർ 'മാധ്യമ'ത്തോട് പറഞ്ഞു. അങ്ങനെ ചാഞ്ചാടുന്നെങ്കിൽ ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോട് അടുക്കേണ്ടിവരും. പാട്ടിലും നിലപാടിലും ജീവിതം തന്നെയും കമ്യൂണിസ്റ്റുകാരിയായി തന്നെയാകും. അവസാനം വരെ അതാണ് ആഗ്രഹം.
മധുരവുമായി സഖാക്കളും സഹപ്രവർത്തകരും ജന്മദിനത്തിൽ എത്തിയപ്പോഴും നിറഞ്ഞുകേട്ടത് 'റെഡ് സല്യൂട്ടെ'ന്ന വിപ്ലവഗാനവും ജാതീയതക്കെതിരായ പോരാട്ടമായി 'മനസ്സുനന്നാകട്ടെ' എന്ന ഗാനവും തന്നെ. തൊണ്ണൂറിലേക്ക് നടക്കുമ്പോഴും മേദിനിക്കു വിശ്രമമില്ല. പാർട്ടിസമ്മേളന വേദികളിലും വായനശാലകളിലും ക്ലബുകളിലും എന്നുവേണ്ട ക്ഷണിക്കുന്ന വേദികളിലെല്ലാം പോകും. ആലപ്പുഴ സമ്മേളനത്തിൽ പതാക ഉയർത്തിയത് മേദിനി. ഇക്കുറി തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിലും ഉടനീളം പങ്കെടുത്തു. ജിവിതത്തിന്റെ 75 വർഷവും പാടിയും അഭിനയിച്ചുമാണ് മുന്നേറിയത്. പടപ്പാട്ടുകാരിയെന്നാണ് പറയുന്നതെങ്കിലും ഉണർത്തുപാട്ടുകാരിയെന്നു വിളിക്കാനാണ് സഖാക്കൾക്ക് ഇഷ്ടം.
പുന്നപ്ര-വയലാർ സമരവും വെടിവെപ്പും നടക്കുമ്പോൾ മേദിനിക്കു വയസ്സ് പന്ത്രണ്ടായിരുന്നു. തൊഴിലാളി യൂനിയൻ നേതാവും സഹോദരനുമായ പി.കെ. ബാവയിൽനിന്ന് സമരത്തിന്റെ ചൂരും ചൂടും ആ കുട്ടിയറിഞ്ഞു. അതുകൊണ്ടുതന്നെ 'റെഡ് സല്യൂട്ട് റെഡ് സല്യൂട്ട് രക്തസാക്ഷി ഗ്രാമങ്ങളേ' എന്നു മേദിനി പാടുമ്പോൾ പുന്നപ്ര-വയലാർ ഓർമകൾ ആ ശബ്ദത്തിലുണ്ടാകും. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയെ അടുത്തറിഞ്ഞ അപൂർവ വ്യക്തിത്വം കൂടിയാണ് മേദിനി. ആലപ്പുഴ കാഞ്ഞിരംചിറ കട്ടത്തിൽ കങ്കാളിയുടെയും പാപ്പിയുടെയും 12 മക്കളിൽ ഇളയവൾ. മേദിനി പിറക്കും മുമ്പേ ആറു സഹോദരങ്ങളും മരിച്ചു. മറ്റൊരു സഹോദരൻ തിരക്കഥാകൃത്തും നടനുമായ പി.കെ. ശാരങ്ഗപാണിയും മേദിനിക്കു താങ്ങായിരുന്നു പാർട്ടിയിലും വേദിയിലും. പട്ടിണി കൂടുകൂട്ടിയിരുന്ന വീട്ടിലിരുന്ന് സഹോദരൻ തിരക്കഥയെഴുതി. പെങ്ങൾ പാടി.
കുഞ്ചാക്കോയുടെ ആരോമലുണ്ണി, ഉണ്ണിയാർച്ച, കണ്ണപ്പനുണ്ണി തുടങ്ങിയ ഹിറ്റുകളായ 30ഓളം ചലച്ചിത്രങ്ങളുടെ രചയിതാവ് ശാരങ്ഗപാണിയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.ഐക്കൊപ്പം ഉറച്ചുനിന്നപ്പോഴും സി.പി.എം പ്രവർത്തകർക്കും പ്രിയങ്കരിയാണവർ. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും അതിനിടെ പ്രവർത്തിച്ചു. ഭർത്താവ് പരേതനായ ശങ്കുണ്ണി കോൺഗ്രസുകാരനായിരുന്നു. 36 ാം വയസ്സിൽ മേദിനി വിധവയായി. സ്മൃതി, ഹൻസ എന്നീ രണ്ട് പെൺമക്കളാണ് അവർക്ക്. മരുമക്കൾ: ദാമോദരൻ, ഷാജി പാണ്ഡവത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.