എസ്. ഹരീഷിന്റെ 'മീശ'ക്ക് വയലാർ അവാർഡ്
text_fieldsഇക്കൊല്ലത്തെ വയലാർ അവാർഡിന് എസ്. ഹരീഷ് അർഹനായി. ഏറെ വിവാദം സൃഷ്ടിച്ച മീശ എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശിൽപവുമാണ് പുരസ്കാരമായി ലഭിക്കുക. വ്യത്യസ്തമായ രചന മികവ് പുലർത്തിയതും മികച്ച വായനാനുഭവം നൽകിയ കൃതിയാണ് മീശയെന്ന് ജൂറി വിലയിരുത്തി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മീശ നോവൽ ഏതാനും ഹിന്ദു സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു. പിന്നീട് ഡി.സി. ബുക്സ് ആണ് നോവൽ പ്രസിദ്ധീകരിച്ചത്.
നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ ഒരു സംഭാഷണത്തിന്റെ ചിലഭാഗങ്ങൾ ചില കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ഹിന്ദുവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ച് യോഗക്ഷേമസഭ, ബി.ജെ.പി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകൾ രംഗത്ത് വരികയായിരുന്നു.
പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതിന് എതിരെയും ഹിന്ദു സംഘടനകൾ പ്രതിഷേധിക്കുകയും പുസ്തകം കത്തിക്കുകയും ചെയ്തു. അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതിജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുകയാണ് മീശയിൽ.
കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള 2019 ലെ പുരസ്‌കാരം മീശക്ക് ലഭിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള 2018 ലെ പുരസ്‌കാരം,
കേരളാ സാഹിത്യഅക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്മെന്റ്, സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം,തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി.പി. ശിവകുമാർ സ്മാരക കേളി അവാർഡ് എന്നിവ ഹരീഷിന് ലഭിച്ചിട്ടുണ്ട്.
മീശയുടെ ഇംഗ്ലീഷ് പരിഭാഷക്ക് ജെ.സി.ബി പുരസ്കാരം ലഭിച്ചിരുന്നു. 1975ൽ കോട്ടയം ജില്ലയിലെ നീണ്ടൂരിലാണ് ഹരീഷ് ജനിച്ചത്. രസവിദ്യയുടെ ചരിത്രമാണ് ആദ്യ കഥാസമാഹാരം. ഏദൻ സിനിമയുടെ തിരക്കഥാകൃത്താണ്.
വിവാദങ്ങളല്ല, വായനക്കാർക്ക് വേണ്ടത് നല്ല കൃതികൾ -എസ്. ഹരീഷ്
തൃശൂർ: 'മീശ' നോവലിന് വയലാര്‍ പുരസ്കാരം ലഭിച്ചതില്‍ സന്തോഷമെന്ന് നോവലിസ്റ്റ് എസ്. ഹരീഷ്. വിവാദങ്ങള്‍ താത്കാലികമാണ്. പുസ്തകം കൂടുതല്‍ കാലം വായിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. 'മീശ' തന്നെയും തന്റെ എഴുത്തു രീതിയെയും മനോഭാവത്തെയും മാറ്റിയിട്ടുണ്ട്. ഉള്ളില്‍ തട്ടിയുള്ള എഴുത്ത് ഓരോരുത്തരെയും മാറ്റും എന്നതാണ് സത്യമെന്ന് അദ്ദേഹം തൃശൂരിൽ പ്രതികരിച്ചു.
വായനക്കാര്‍ക്ക് വേണ്ടത് വിവാദമല്ല, അവർ നല്ല കൃതികള്‍ സ്വീകരിക്കും. എഴുതുന്നതോടെ എഴുത്തുകാരന്റെ ഉത്തരവാദിത്തം തീരും. പിന്നെ വായനക്കാരാണ് തീരുമാനിക്കുന്നത്. നല്ലതല്ലാത്തതിനെ വായനക്കാർ തിരസ്കരിക്കും. ആ അർഥത്തിൽ ഇന്നും മീശ ചർച്ച ചെയ്യുന്നത് വായനക്കാർ സ്വീകരിച്ചതുകൊണ്ടാണ്. പുസ്തകം എല്ലാ കാലത്തും വായിക്കണം എന്നാണ് എഴുത്തുകാരൻ ആഗ്രഹിക്കുന്നത്. നീണ്ടു നിൽക്കുന്ന വായനയാണ് സന്തോഷം. പുസ്തകത്തിന്റെ പേരോ പ്രശസ്തിയോ വിവാദമോ അല്ല. നല്ലതാണെങ്കിൽ സ്വീകരിക്കുകയെന്ന് മാത്രമാണ് അഭ്യർഥനയെന്നും ഹരീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.