തൂവിരൽത്തുമ്പിനാൽ ചന്ദനം മണക്കുന്ന പുഷ്പങ്ങളാക്കിയ പാട്ടുകൾ
text_fieldsപാട്ട് ഇഷ്ടപ്പെടുന്ന മലയാളിയുടെ പൂമുഖവാതുക്കൽ സ്‌നേഹം വിടർത്തി ചന്ദനം മണക്കുന്ന നിരവധി ഗാനങ്ങളാണ് എസ്. രമേശൻ നായരുടെ തൂലികയിൽ നിന്ന് പിറന്നത്. അദ്ദേഹം തൂവിരൽത്തുമ്പിനാൽ പുഷ്പങ്ങളാക്കിയ പാട്ടുകൾ. ഭക്തിസാന്ദ്രമായ കവിതകൾ എഴുതുേമ്പാൾ തന്നെ ജനപ്രിയ സിനിമാഗാനങ്ങളും അദ്ദേഹം രചിച്ചു. ഗൗരവമാർന്ന വിവർത്തനങ്ങൾക്കൊപ്പം തന്നെ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ വിമർശനശരങ്ങളെയ്യുന്ന രാഷ്ട്രീയ നാടകവും അദ്ദേഹത്തിൽ നിന്നുണ്ടായി. കൃഷ്ണഭക്തി ഗാനങ്ങൾ മാത്രം ആയിരത്തോളം വരും. മറ്റ് ഭ്കതിഗാനങ്ങൾ രണ്ടായിരത്തിലേറെ. ആറുന്നൂറോളം സിനിമാഗാനങ്ങളും. 'എഴുതാൻ മറന്ന കഥ' എന്ന സിനിമക്കുവേണ്ടി അദ്ദേഹം എഴുതിയതുപോലെ 'ദേവഗാനം പാടുവാനീ തീരഭൂവിൽ വന്നു ഞാൻ...'
ഇത്രയും പാട്ടുകൾ എഴുതിയിട്ടും ഗാനരചയിതാവ് എന്ന നിലയിൽ വേണ്ടത്ര അംഗീകരിക്കപ്പെട്ടില്ല എന്ന തോന്നൽ ഉണ്ടോയെന്ന ചോദ്യം ഉയർന്നപ്പോളെല്ലാം അദ്ദേഹം പറഞ്ഞിരുന്ന ഒരു സംഭവമുണ്ട്. 2000ലാണ്. കന്യാകുമാരിയിൽ തിരുവള്ളുവരുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലേക്ക് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി പ്രത്യേകം ക്ഷണിച്ച് ആദരിച്ചിരുന്നു രമേശൻ നായരെ. 2001 ജനുവരി 16ന് വള്ളുവർ ദിനാഘോഷങ്ങളോടനുബന്ധിച്ചു ചെന്നൈയിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന് ലഭിച്ചത് മൂന്നു ലക്ഷം രൂപയുടെ പുരസ്കാരമാണ്. അന്നു ജ്ഞാനപീഠം അവാർഡുതുക ഒന്നര ലക്ഷം രൂപയായിരുന്നു.
1948 മേയ് മൂന്നിന് കന്യാകുമാരിയിലെ കുമാരപുരത്താണ് എസ്. രമേശൻ നായർ ജനിച്ചത്. എന്നാൽ, ഔദ്യോഗിക രേഖകളിൽ 1948 ഫെബ്രുവരി രണ്ട് ആണ് ജനനത്തീയതി. അച്‌ഛൻ ഷഢാനന്ദൻ തമ്പിയും അമ്മ പരമേശ്വരിയമ്മയും മലയാളവും തമിഴും സംസാരിക്കുന്നവരായിരുന്നു. അതിനാൽ മലയാളത്തോടൊപ്പം തമിഴിലും അദ്ദേഹം പ്രാവീണ്യം നേടി. നാലാം വയസ്സിലെ തിരുവോണ നാളിൽ ഒരു ഭിക്ഷക്കാരി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം അദ്ദേഹം പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. സ്വർണാഭരണങ്ങൾ ധരിച്ച് നിന്നിരുന്ന നാലുവയസ്സുകാരനെ എടുത്തുകൊണ്ട് ഓടിയ ഭിക്ഷക്കാരി പിന്നീട് തളർന്ന് വീണത് കൊണ്ടാണ് കാവ്യകൈരളിക്ക് മികച്ചൊരു ഉപാസകനെ ലഭിച്ചത്.
എം.എ മലയാളം ഒന്നാംറാങ്കിൽ പാസായ രമേശൻ നായർ 1975ലാണ് ഓൾ ഇന്ത്യ റേഡിയോയിൽ സ്‌ക്രിപ്‌റ്റ് റൈറ്ററായി ജോലിയിൽ പ്രവേശിക്കുന്നത്. എം.ടി.യുടെ തിരക്കഥയിൽ ഐ.വി. ശശി സംവിധാനം ചെയ്‌ത 'രംഗം' എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങൾ രചിച്ച് സിനിമാഗാന രചനയിലേക്കും അദ്ദേഹം കടന്നു വന്നത്. 'രംഗ'ത്തിലെ 'സ്വാതി ഹൃദയ ധ്വനികളിലുണ്ടൊരു സ്വരതാള പ്രണയത്തിൻ മധുര ലയം', 'വനശ്രീ മുഖം നോക്കി വാൽക്കണ്ണെഴുതി പനിനീർ തടാകമൊരു പാനപാത്രം', 'സർഗതപസ്സിളകും നിമിഷം' എന്നിവ ഹിറ്റാകുകയും ചെയ്തു.
പൂമുഖ വാതുക്കൽ സ്‌നേഹം വിടർത്തുന്ന, ഷൺമുഖ പ്രിയരാഗമോ (രാക്കുയിലിൻ രാഗസദസ്സിൽ), വാർതിങ്കൾ പാൽക്കുടമേന്തും (ഞങ്ങളുടെ കൊച്ചുഡോക്‌ടർ), ദേവഗാനം പാടുവാൻ (എഴുതാൻ മറന്ന കഥ), ചന്ദനം മണക്കുന്ന പൂന്തോട്ടം (അച്ചുവേട്ടന്‍റെ വീട്), താളം തെറ്റിയ പഥികന്മാരുടെ (അഗ്നിവസന്തം), കിളിയേ കിളിയേ (ധിം തരികിട തോം) തുടങ്ങിയവയെല്ലാം പിന്നീട് സംഗീതപ്രേമികൾ നെഞ്ചിലേറ്റി. 150 ഓളം ചലച്ചിത്രങ്ങൾക്കു ഗാനരചന നിർവഹിക്കാനായി.
ചലച്ചിത്രഗാനരചനയിലേക്ക് കടക്കും മുമ്പ് തന്നെ ആകാശവാണിയ്‌ക്കും ദൂരദർശനും വേണ്ടി നിരവധി ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അമ്പതിൽപ്പരം കാസറ്റുകളിലൂടെ മുന്നൂറിലേറെ ഗാനങ്ങളും രമേശൻ നായരുടേതായി ഗാനാസ്വാദകരെ തേടിയെത്തി. യേശുദാസ് പാടിയ 'മയിൽപ്പീലി', 'വനമാല', അയ്യപ്പഭക്തിഗാനങ്ങൾ വോള്യം നാല് എന്നിവയും ജയചന്ദ്രൻ പാടിയ 'പുഷ്‌പാഞ്‌ജലി'യും ഏറെ വിറ്റഴിഞ്ഞു. ചിലപ്പതികാരവും തിരുക്കുറലും മലയാളത്തിലേക്കു തർജ്‌ജമ ചെയ്‌തതതും മറ്റൊരാളല്ല.. പുത്തേഴൻ അവാർഡ്, ഇടശ്ശേരി അവാർഡ്, കേരള പാണിനി പുരസ്‌കാരം, പൂന്താനം അവാർഡ് തുടങ്ങിയ അംഗീകാരങ്ങളും രമേശൻ നായരെ തേടിയെത്തി. കഥാകൃത്തായ രമയാണ് ഭാര്യ.
കന്നിപ്പൂക്കൾ, പാമ്പാട്ടി, ഹൃദയവീണ, കസ്തൂരിഗന്ധി, ഉർവശീപൂജ, അഗ്രേപശ്യാമി, അളകനന്ദ, ജന്മപുരാണം, സൂര്യഹൃദയം, സരയൂതീർഥം, സ്വാതിമേഘം, ഭാഗപത്രം, ചരിത്രത്തിനു പറയാനുള്ളത്, ഗ്രാമക്കുയിൽ, ഗുരുപൗർണമി, ഉണ്ണി തിരിച്ചുവരുന്നു എന്നീ കവിതാസമാഹാരങ്ങൾ അദ്ദേഹം രചിച്ചു.
ചിലപ്പതികാരം, തിരുക്കുറൽ, സുബ്രഹ്മണ്യഭാരതിയുടെ കവിതകൾ, തെൻപാണ്ടിസിംഹം, സംഗീതക്കനവുകൾ എന്നീ വിവർത്തനങ്ങളും കളിപ്പാട്ടങ്ങൾ, ഉറുമ്പുവരി, പഞ്ചാമൃതം, കുട്ടികളുടെ ചിലപ്പതികാരം എന്നീ ബാലസാഹിത്യകൃതികളും സ്ത്രീപർവം, ആൾരൂപം, വികടവൃത്തം, ശതാഭിഷേകം എന്നീ നാടകങ്ങളും പൂമുഖവാതിൽക്കൽ, ഓപ്രിയേ, മഞ്ഞുപോലെ, ഹരിവരാസനം, പുഷ്പാഞ്ജലി, വനമാല തുടങ്ങിയ ഗാനസമാഹാരങ്ങളും അദ്ദേഹത്തിൽ നിന്ന് കേരളത്തിന് ലഭിച്ചു.
1981ൽ ഇറങ്ങിയ ആദ്യ ആൽബം 'പുഷ്പാഞ്ജലി'യിലെ ജയചന്ദ്രൻ ആലപിച്ച വിഘ്നേശ്വരാ, ജന്മനാളികേരം നിന്‍റെ തൃക്കാൽക്കലുടയ്ക്കുവാൻ വന്നൂ എന്നിവയുൾപ്പെടെ 10 ഗാനങ്ങളും ഹിറ്റായി. 1982ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ആൽബം 'വനമാല'യിലെ പാട്ടുകളും മലയാളികൾ നെഞ്ചിലേറ്റി. ഒറ്റരാത്രി കൊണ്ടു രമേശൻ നായർ എഴുതിത്തീർത്ത് മൂന്നാം ദിവസം റെക്കോർഡ് ചെയ്ത തരംഗിണിയുടെ 'മയിൽപ്പീലി'യും ഹിറ്റായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.