ഒറ്റദിവസം കൊണ്ടുപിറന്ന 'ശതാഭിഷേകം'; പാളിപ്പോയ ആൻഡമാൻ 'നാടുകടത്തലും'
text_fields1994 ഒക്ടോബർ 16. രാത്രി 9.30ന് അഖിലേന്ത്യ റേഡിയോ നാടകോത്സവത്തിൽ ആദ്യത്തേതായി ഒരു നാടകം ശ്രോതാക്കളിലേക്കെത്തി-'ശതാഭിഷേകം'. ആക്ഷേപഹാസ്യത്തിലൂടെ വിമർശനത്തിന്‍റെ ഒളിയമ്പുകൾ അന്നത്തെ മുഖ്യമന്ത്രിക്കുനേരെ തൊടുത്തുകൊണ്ടുള്ള നാടകം. നാടകവും എഴുതിയയാളും രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. നാടകത്തിലെ വിമർശനശരങ്ങൾ ലക്ഷ്യമിട്ടത് അന്നത്തെ മുഖ്യന്ത്രിയെയും മകനെയുമായിരുന്നു. അതിനേക്കാൾ ഞെട്ടിയത് നാടകത്തിന്‍റെ രചയിതാവ് ആരാണെന്ന് അറിഞ്ഞപ്പോളാണ്. ഭക്തിസാന്ദ്രമായ കവിതകളും മനോഹരഗാനങ്ങളും എഴുതിയിരുന്ന എസ്. രമേശൻ നായർ.
തറവാട്ടുകാരണവരായ കിട്ടുമ്മാവന്‍ സ്വന്തം അധികാരം നിലനിര്‍ത്താനായി നടത്തുന്ന തന്ത്രങ്ങളും കുതന്ത്രങ്ങളുമായിരുന്നു 'ശതാഭിഷേക'ത്തിന്‍റെ ഇതിവൃത്തം. കിട്ടുമ്മാവനിൽ കേരളം അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ കണ്ടു. മന്ദബുദ്ധിയായ വളര്‍ത്തുമകന്‍ കിങ്ങിണിക്കുട്ടനിൽ കെ. മുരളീധരനെയും. കരുണാകരന്‍റെ രാഷ്ട്രീയ എതിരാളികൾ അതേറ്റെടുക്കുകയും കേരളത്തിന്‍റെ മുക്കിലും മൂലയിലും നാടകം അവതരിപ്പിക്കാൻ മത്സരിക്കുകയും ചെയ്തു. നാടകം പുസ്തകമായി പ്രസിദ്ധീകരിച്ചപ്പോൾ അതും ചരിത്രമായി. എത്ര പതിപ്പുകൾ ഇറങ്ങിയെന്നോ എത്ര ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞെന്നോ തനിക്ക് അറിയില്ലെന്നാണ് ഇതേ കുറിച്ച് ഒരിക്കൽ രമേശൻ നായർ പറഞ്ഞത്.
നാടകമെഴുതിയത് രാഷ്ട്രീയ എതിർപ്പ് വെച്ചിട്ടല്ലയെന്ന് രമേശൻ നായർ പല തവണ പറഞ്ഞിട്ടുണ്ട്. പക്ഷേ, അതിന്‍റെ പേരിൽ അദ്ദേഹത്തെ ആൻഡമാനിലേക്ക് സ്ഥലംമാറ്റാൻ ശ്രമം നടന്നു. സ്ഥലംമാറ്റി കൊണ്ട് ഉത്തരവും ഇറങ്ങി. പക്ഷേ, അതവഗണിച്ച് 1996ൽ രമേശൻ നായർ ജോലിയിൽ നിന്ന് സ്വയം രാജിവെച്ചു.
കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ തിരുവനന്തപുരത്ത് തന്‍റെ ശ്രദ്ധയിൽപ്പെട്ട ചില കാര്യങ്ങളാണ് നാടക രചനക്ക് പ്രചോദനമായതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. 1994ലെ അഖില കേരള റേഡിയോ നാടകോത്സവത്തിലേക്കു തിരുവനന്തപുരം നിലയത്തിൽ നിന്നു മൂന്നു നാടകമാണ് ഉൾപ്പെടുത്തിയിരുന്നത്. പ്രക്ഷേപണത്തിന്‍റെ തലേദിവസംവരെ നാടകമൊന്നും ശരിയായില്ല. അപ്പോൾ ആകാശവാണിയിലെ റാണാപ്രതാപന്‍റെ അഭ്യർഥന പ്രകാരമാണ് നാടകം എഴുതുന്നത്.ശബ്ദം നൽകാൻ നെടുമുടി വേണു, ആറന്മുള പൊന്നമ്മ, ജഗന്നാഥൻ തുടങ്ങിയവരുമായി കരാർ ഒപ്പുവെച്ചിരുന്നു എന്നതും നാടകചരനക്ക് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.