ഗാനരചയിതാവ് എസ്. രമേശന് നായര്‍ അന്തരിച്ചു
text_fieldsകൊച്ചി: കവിയും ചലച്ചിത്ര ഗാനരചയിതാവുമായ എസ്. രമേശന് നായർ (73) അന്തരിച്ചു. അർബുദ ബാധിതനായ അദ്ദേഹം കോവിഡിനെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പ് നെഗറ്റിവായി.
ഏകമകനും സംഗീത സംവിധായകനുമായ മനു രമേശനൊപ്പം എളമക്കര പാടം ബസ് സ്റ്റോപ്പിന് സമീപത്തെ സിരിൻ നിവാസിലായിരുന്നു താമസം. തൃശൂർ വിവേകോദയം സ്കൂൾ റിട്ട. അധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ.
ഭക്തിഗാനങ്ങൾ ഉൾപ്പെടെ അഞ്ഞൂറിലേറെ ഗാനങ്ങളുടെ രചയിതാവാണ് അദ്ദേഹം. 1985ൽ പുറത്തിറങ്ങിയ 'പത്താമുദയം' എന്ന സിനിമയുടെ ഗാനങ്ങൾ രചിച്ചാണ് മലയാള ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. ഗുരു, മയിൽപ്പീലിക്കാവ്, അനിയത്തിപ്രാവ്, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ, പഞ്ചാബി ഹൗസ് തുടങ്ങി അനേകം ചലച്ചിത്രങ്ങൾക്ക് ഗാനങ്ങൾ എഴുതി. 'അമ്പാടിപ്പയ്യുകൾ മേയും കാണാതീരത്ത്', 'ഒരുരാജമല്ലി വിടരുന്ന നേരത്ത്', 'ഓ.. പ്രിയേ', 'നീയെൻ കിനാവോ', 'കിളിയേ കിളിയേ' തുടങ്ങി അനേകം ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിേൻറതായി പുറത്തുവന്നു.
1948 േമയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു ജനനം. പരേതരായ ഷഡാനനൻ തമ്പിയും പാർവതിയമ്മയുമാണ് മാതാപിതാക്കൾ. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമാതാവായും പ്രവർത്തിച്ചിരുന്നു. 2010ലെ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2018ൽ കവിതക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം, ഇടശ്ശേരി അവാര്‍ഡ്, വെണ്മണി അവാര്‍ഡ്, പൂന്താനം അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായി.
സംസ്കാരം ശനിയാഴ്ച രാവിലെ 11ന് എറണാകുളം പച്ചാളം ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.