പി. വത്സലക്കും എൻ.വി.പി ഉണിത്തിരിക്കും സാഹിത്യ അക്കാദമി ഫെലോഷിപ്പ്; 'മീശ'ക്ക് നോവൽ അവാർഡ്
text_fieldsതൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ 2019ലെ വിശിഷ്ടാംഗത്വത്തിന് പി. വത്സലയും എൻ.വി.പി. ഉണിത്തിരിയും അർഹരായി. അരലക്ഷം രൂപയും രണ്ട് പവൻ സ്വർണ പതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം. സമഗ്ര സംഭാവന പുരസ്കാരത്തിന് ദലിത് ബന്ധു എൻ.കെ. ജോസ്, യു. കലാനാഥൻ, സി.പി. അബൂബക്കർ, റോസ് മേരി, പാലക്കീഴ് നാരായണൻ, പി. അപ്പുക്കുട്ടൻ എന്നിവർ അർഹരായതായി അക്കാദമി അറിയിച്ചു. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് സമഗ്ര സംഭാവന പുരസ്കാരം. മലയാള സാഹിത്യത്തിന് നൽകിയ ഗണ്യമായ സംഭാവനകൾ മാനിച്ച് 60 വയസ് പിന്നിട്ടവർക്കാണ് സമഗ്ര സംഭാവന പുരസ്കാരം നൽകുന്നത്.
അക്കാദമി അവാർഡുകളും പ്രഖ്യാപിച്ചു. കവിത -പി. രാമൻ (രാത്രി പന്തണ്ടരക്ക് ഒരു താരാട്ട്), എം.ആർ. രേണുകുമാർ (കൊതിയൻ), നോവൽ -എസ്. ഹരീഷ് (മീശ), ചെറുകഥ -വിനോയ് തോമസ് (രാമച്ചി), നാടകം -സജിത മഠത്തിൽ (അരങ്ങിലെ മത്സ്യഗന്ധികൾ), ജിഷ അഭിനയ (ഏലി ഏലി മാ സബക്താനി), സാഹിത്യ വിമർശനം -ഡോ. കെ.എം. അനിൽ (പാന്ഥരും വഴിയമ്പലങ്ങളും), വൈജ്ഞാനിക സാഹിത്യം -ജി. മധുസൂദനൻ (നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി), ഡോ. ആർ.വി.ജി. മേനോൻ (ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം), ജീവചരിത്രം/ആത്മകഥ -എം.ജി.എസ്. നാരായണൻ (ജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്ചകൾ), യാത്രാവിവരണം -അരുൺ എഴുത്തച്ഛൻ (വിശുദ്ധ പാപങ്ങളുടെ ഇന്ത്യ), വിവർത്തനം -കെ. അരവിന്ദാക്ഷൻ (ഗോതമബുദ്ധെൻറ പരിനിർവാണം), ഹാസസാഹിത്യം -സത്യൻ അന്തിക്കാട് (ഈശ്വരൻ മാത്രം സാക്ഷി). കാൽ ലക്ഷം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരം.
എൻഡോവ്മെൻറുകൾ: ഭാഷാശാസ്ത്രം, വ്യാകരം, ശാസ്ത്രപഠനം എന്നിവക്കുള്ള ഐ.സി. ചാക്കോ അവാർഡ് -പ്രഫ. പി. മാധവൻ (ചോംസ്കിയൻ വാക്യഘടനാപഠനം), ഉപന്യാസത്തിനുള്ള സി.ബി. കുമാർ അവാർഡ് -ബോബി ജോസ് കട്ടിക്കാട് (ഓർഡിനറി), വൈദിക സാഹിത്യത്തിനുള്ള കെ.ആർ. നമ്പൂതിരി അവാർഡ് -സന്ദീപാനന്ദ ഗിരി (ശ്രീമദ് ഭഗവദ്ഗീത മഹാവ്യാഖ്യാനം), കവിതക്കുള്ള കനകശ്രീ അവാർഡ് -ഡി. അനിൽകുമാർ (ചങ്കൊണ്ടോ പറക്കൊണ്ടോ), ചെറുകഥക്കുള്ള ഗീത ഹിരണ്യൻ അവാർഡ് -അമൽ (പരസ്യക്കാരൻ തെരുവ്), വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എൻ. പിള്ള അവാർഡ് -സി.എസ്. മീനാക്ഷി (ഭൗമചാപം: ഇന്ത്യൻ ഭൂപട നിർമാണത്തിെൻറ വിസ്മയ ചരിത്രം). ഇതിൽ ഐ.സി. ചാക്കോ അവാർഡ്, ഗീത ഹിരണ്യൻ അവാർഡ്, എന്നിവക്ക് 5,000 രൂപയും സി.ബി. കുമാർ അവാർഡ്, ജി.എൻ. പിള്ള അവാർഡ് എന്നിവക്ക് 3,000 രൂപയും കെ.ആർ. നമ്പൂതിരി അവാർഡ്, കനകശ്രീ അവാർഡ് എന്നിവക്ക് 2,000 രൂപയുമാണ് തുക.
തുഞ്ചൻ സ്മാരക പ്രബന്ധ മത്സര പുരസ്കാരം ഇ.എം. സുരജക്കാണ്. 5,000 രൂപയാണ് സമ്മാനത്തുക. അക്കാദമി പ്രസിഡൻറ് വൈശാഖൻ, സെക്രട്ടറി ഡോ. കെ.പി. മോഹനൻ എന്നിവരാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.