20 വർഷം മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകം 2021ലെ പുരസ്കാര പട്ടികയിൽ; സാഹിത്യ അക്കാദമി അവാർഡ് നിർണയം വീണ്ടും വിവാദത്തിൽ
text_fieldsതൃശൂർ: ആത്മകഥ പുരസ്കാരം സാമ്പത്തിക ശാസ്ത്രജ്ഞൻ കുഞ്ഞാമൻ നിരസിച്ചതിലൂടെ ചർച്ചയായ കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാര നിർണയംതന്നെ വിവാദത്തിൽ. 20 വർഷം മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകം 2021ലെ പുരസ്കാര പരിഗണന പട്ടികയിൽ ഇടം നേടിയതാണ് പുതിയ വിവാദം. സാഹിത്യ അക്കാദമിയുടെ മുൻ വൈസ് പ്രസിഡന്റും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ ബാലചന്ദ്രൻ വടക്കേടത്തിന്റെ 'പ്രത്യവിമർശം' എന്ന പുസ്തകമാണ് 2021ലെ പുരസ്കാര നിർണയ പട്ടികയിൽ ഇടം നേടിയത്.
പുരസ്കാരത്തിനായി പരിഗണിച്ച പുസ്തകങ്ങളുടെ പട്ടിക അക്കാദമിയുടെ പ്രസിദ്ധീകരണമായ സാഹിത്യ ചക്രവാളത്തിലാണ് പുറത്തുവിട്ടത്. ഇതിലാണ് 20 വർഷം മുമ്പ് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ബാലചന്ദ്രൻ വടക്കേടത്തിന്റെ പ്രത്യവിമർശവും ഉൾപ്പെട്ടത് വ്യക്തമാവുന്നത്. എൻ. അജയകുമാറിന്റെ 'വാക്കിലെ നേരങ്ങളാ'ണ് പുരസ്കാരത്തിന് അർഹമായതെങ്കിലും 20 വർഷം മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം ഇപ്പോൾ പരിഗണനപട്ടികയിൽ ഇടംനേടിയതാണ് ചോദ്യം ചെയ്യപ്പെടുന്നത്.
2000ത്തിൽ കറന്റ് ബുക്സ് ആദ്യ എഡിഷൻ പ്രസിദ്ധീകരിച്ച പ്രത്യവിമർശത്തിന്റെ രണ്ടാമത്തെ എഡിഷൻ പ്രസിദ്ധീകരിച്ചത് 2020ൽ ഗ്രീൻബുക്സ് ആണ്. മൂന്നു വർഷത്തിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളാണ് അക്കാദമി പുരസ്കാരത്തിനായി പരിഗണിക്കുക. 20 വർഷം മുമ്പേ പ്രസിദ്ധീകരിക്കപ്പെട്ടതും ഏതെങ്കിലും പുരസ്കാരത്തിനായി സമർപ്പിച്ചിട്ടില്ലാത്തതുമായ പുസ്തകം ഇപ്പോൾ അക്കാദമിയുടെ പുരസ്കാര പരിഗണന പട്ടികയിൽ ഇടംനേടിയത് സംശയകരമാണെന്ന് പുസ്തക രചയിതാവുകൂടിയായ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു.
പുരസ്കാര നിർണയത്തിനായി അക്കാദമി ചുമതലപ്പെടുത്തിയവർക്ക് പുസ്തകങ്ങളുമായി ബന്ധമില്ലെന്നോ, എഴുത്തുകാരനെ അപമാനിക്കുകയെന്ന ഉദ്ദേശ്യമോ സംശയിക്കേണ്ടതുണ്ടെന്ന് ബാലചന്ദ്രൻ വടക്കേടത്ത് ആരോപിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ അക്കാദമി അധികൃതർ പ്രതികരിച്ചിട്ടില്ല. നേരത്തേ ആത്മകഥ പുരസ്കാരം കുഞ്ഞാമൻ നിരസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.