സമഗ്ര സിനിമ, ടെലിവിഷന്‍ നയം രൂപീകരിക്കുമെന്ന് സജി ചെറിയാന്‍
text_fieldsതിരുവനന്തപുരം: ലിംഗ നീതിയും തുല്യതയും ഉറപ്പാക്കിയുള്ള സമഗ്ര സിനിമ, ടെലിവിഷന്‍ നയത്തിന് ഉടന്‍ അന്തിമ രൂപം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍. മലയാളം ടെലിവിഷന്‍ സീരിയല്‍ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് കേരള വനിത കമീഷന്‍ തിരുവനന്തപുരം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്തുകയായിരുന്നു മന്ത്രി.
തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായി അതതു മേഖലകളില്‍ പണിയെടുക്കുന്ന ആളുകളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും സ്വീകരിക്കാനുമാണ് പബ്ലിക് ഹിയറിങ് ഒരുക്കിയത്. സംസ്ഥാനമൊട്ടാകെ ഇത്തരത്തില്‍ പതിനൊന്ന് ഹിയറിങുഗുകളാണ് വനിത കമ്മീഷന്‍ സംഘടിപ്പിക്കുന്നത്. സ്ത്രീകളുടെ ഉന്നമനവും സംരക്ഷണവും ലക്ഷ്യമാക്കി 1996-ലാണ് വനിതാകമ്മീഷന്‍ രൂപീകരിക്കുന്നത്.
നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ പുരോഗമന ചിന്തയുടെയും ഭാഗമായി സ്ത്രീകള്‍ എല്ലാ മേഖലയിലേക്കും കടന്നു വരുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിവിധ സേനാ വിഭാഗങ്ങളിലുള്‍പ്പെടെ പരമ്പരാഗതമായി പുരുഷന്മാര്‍ തൊഴിലെടുത്ത പല തസ്തികകളിലും സ്ത്രീകള്‍ക്ക് നിയമനം അനുവദിച്ചു. തുല്യത നടപ്പിലാക്കുന്നതിന് ആവശ്യമായിട്ടുള്ള നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണ്ടതാണ്.
അതിന്റെ ഭാഗമായിട്ടാണ് വനിതാ സീരിയല്‍ താരങ്ങളുടെ അഭിപ്രായം തേടുന്നത്. ഈ മേഖലയല്‍ അടക്കം വിവേചനങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. വിവേചനത്തോടെയുള്ള തൊഴില്‍ നിഷേധവും അതിക്രമങ്ങളും അനുവദിക്കില്ല. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി തയാറാക്കിയ ജസ്റ്റിസ് ഹേമ കമീഷന്‍ റിപ്പോര്‍ട്ട് അന്തിമ ഘട്ടത്തിലാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണം ടെലിവിഷന്‍ സീരിയല്‍ രംഗത്തുള്ളവര്‍ക്കും സുരക്ഷയൊരുക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. ഇതിന്റെ സമഗ്രതക്കായി ഉടന്‍ തന്നെ കോണ്‍ക്ലേവ് സംഘടിപ്പിക്കും.
തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലും സംരംഭകത്വങ്ങളിലും വനിത പ്രാതിനിധ്യം വര്‍ധിക്കുന്ന സാഹചര്യം പ്രതീക്ഷ നല്‍കുന്നു. തുല്യതയ്ക്കായി പൊതു സമൂഹത്തിന്റെ മനോഭാവം ഘട്ടം ഘട്ടമായി പൂര്‍ണമായി മാറുന്നതിന് വനിത കമീഷന്‍ നേതൃത്വം നല്‍കുന്ന പരിപാടി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
വനിത കമീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി അധ്യക്ഷത വഹിച്ചു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍, മലയാളം ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീമൂവീസ് ഉണ്ണിത്താന്‍, മലയാളം ടെലിവിഷന്‍ ഫ്രെറ്റേണിറ്റി ജനറല്‍ സെക്രട്ടറി ഉണ്ണി ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.