സ്ത്രീകൾ സ്വതന്ത്രരായി പ്രവർത്തിച്ചാൽ മാത്രമേ വിമോചനം സാധ്യമാവൂ -സാറാ ജോസഫ്
text_fieldsകവിതയുടെ കാർണിവലിൽ ‘മാനുഷിയുടെ ആരംഭം, അനുഭവം’വിഷയത്തിൽ സാറ ജോസഫ് സംസാരിക്കുന്നു
പട്ടാമ്പി: സ്ത്രീവിമോചന സംഘടനയായ ‘മാനുഷി’യുടെ ആരംഭം, അനുഭവം എന്ന വിഷയത്തെ മുൻനിർത്തി സാറാ ജോസഫ് നയിച്ച പാനൽ ഡിസ്കഷൻ ശ്രദ്ധേയമായി. മാനുഷി പ്രവർത്തകർ ഒത്തുചേർന്ന ചർച്ച പി. ഗീത നിയന്ത്രിച്ചു. 1982ൽ സാറാ ജോസഫിന്റെ തന്നെ നേതൃത്വത്തിൽ പട്ടാമ്പി കോളജിൽ രൂപവത്കരിക്കപ്പെട്ട സംഘടനയാണ് ‘മാനുഷി’. സംഘടനയുടെ 40 വർഷത്തിലേറെ നീളുന്ന ചരിത്രം ഓർമപ്പെടുത്തിയാണ് ചർച്ച ആരംഭിച്ചത്.
കേരള സമൂഹത്തിന് ഫെമിനിസം എന്ന വാക്ക് സംഭാവന ചെയ്തതും കേരളത്തിൽ സ്ത്രീപക്ഷചിന്തകൾ വികസിപ്പിച്ചതും മാനുഷിയാണ്. സോഷ്യലിസ്റ്റ് ഫെമിനിസത്തിന്റെ ആശയങ്ങൾ ഉൾകൊണ്ടാണ് സംഘടന പ്രവർത്തിക്കുന്നതെന്ന് സാറാ ജോസഫ് പറഞ്ഞു. സ്ത്രീകൾ സ്വന്തന്ത്രരായി പ്രവർത്തിച്ചാൽ മാത്രമേ വിമോചനം എന്ന ആശയം ബോധ്യപ്പെടുത്താൻ സാധിക്കൂ എന്നും അവർ കൂട്ടിച്ചേർത്തു.
കവിതയുടെ കാർണിവലിൽ ഒന്നായി നാട്
പട്ടാമ്പി: വിജയരാജമല്ലികയുടെ കവിതകളോടെ കവിതയുടെ കാർണിവൽ എട്ടാം പതിപ്പിലെ കവിതാവതരണ സെഷന് തുടക്കം. പ്രച്ഛന്നവേഷം, മാംസയുദ്ധങ്ങൾ, ഖനികൾ എന്നീ കവിതകൾ വിജയരാജമല്ലിക അവതരിപ്പിച്ചു. തുടർന്ന് നിഷ നാരായണൻ (ഗൂഢം, ക്യാമറാന്തം), റാസി (ഫലാസ്, പച്ചമനുഷ്യൻ, താങ്കൾ ), ശ്രീകൃഷ്ണദാസ് മാത്തൂർ (പൂവോങ്ങി, വിറ്റ വീടിന്റെ മുറ്റം), അനുരാധ അനു (മറവിയുടെ അച്ച് കുത്തിയ ചെറുമീനുകളുടെ ഭാഷ, ലീലമൂത്ത, വീട്) എന്നിവർ ഒന്നാം സെഷനിലും വിമീഷ് മണിയൂർ (ഒരുപാട് ദാരിദ്ര്യം പിടിച്ച ഈ കവിതക്ക് ഒരു ലൈക്ക്, എം.എൻ വിജയനും അയ്യൻ വിജയനും, മാസ്കൻ), കളത്തറ ഗോപൻ (ഒരുപാട് മുറിക്കുള്ളിൽ ഒരു മുറി), വെള്ളത്തിൽ ലയിച്ച സമയം, വഴിപിണക്കി), എൻ.ബി.സുരേഷ് (പ്രണയബുദ്ധൻ, പിടച്ചിൽ, മേഘസന്ദേശം), ജയശ്രീ പെരിങ്ങോട് (ചായ വെന്ത മണം പറയുന്നത്, മഴ നനയുന്ന പവിഴമല്ലികൾ, കുമ്പസാരം), അജേഷ് (ഒരു സ്കൂൾ കവിത, മരം കയറുന്നത്, മുറികള) എന്നിവർ രണ്ടാം സെഷനിലും കവിത അവതരിപ്പിച്ചു.
കാർണിവലിൽ ആർട് ഗാലറിയും
പട്ടാമ്പി: കവിതയുടെ കാർണിവൽ എട്ടാം പതിപ്പിലെ ആർട്ട് ഗ്യാലറി ആലങ്കോട് ‘പൊലി’ഫോക്ലോർ സംഘത്തിലെ കലാകാരന്മാരുടെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ തെക്കേ പെരുമണ്ണൂരിലെ വത്സലേട്ത്തിയും കാർത്ത്യായനിയേട്ത്തിയും ചേർന്ന് നോക്കുകുത്തിയുണ്ടാക്കി ഉദ്ഘാടനം ചെയ്തു. കെ. ജയാനന്ദന്റെ കരിങ്കണ്ണാ തുറിച്ച് നോക്ക് എന്ന ഇൻസ്റ്റലേഷൻ പ്രോജക്റ്റ് കാർണിവലിന്റെ ഭാഗമായി നടന്നുവരുന്നു. മനുഷ്യ സാമൂഹിക സംസ്കാരത്തിൽ ഏറെ പ്രാധാന്യമുള്ള നോക്കുകുത്തികളുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നടത്തിയ ഡോക്യുമെന്റേഷനുമായി ബന്ധപ്പെട്ടതാണ് ഈ ഇൻസ്റ്റലേഷൻ. ഇതുകൂടാതെ സത്യഭാമ, ശ്രീവൽസൻ മങ്കര, മോഹനൻ ആലങ്കോട്, നദീർ ദുർഗാമാലതി എന്നിവരുടെ ചിത്രങ്ങളടങ്ങിയ ആർട്ട് ഗ്യാലറിയും പ്രദർശനത്തിന്റെ ഭാഗമാണ്.
ചിന്തകൾക്ക് തിരികൊളുത്തി അന്താരാഷ്ട്ര സെമിനാർ
പട്ടാമ്പി: കവിതയുടെ കാർണിവലിന്റെ ഭാഗമായി അന്താരാഷ്ട്ര സെമിനാറിന്റെ ഉദ്ഘാടനം രാഷ്ട്രീയനിരീക്ഷകനായ ഗോപാൽ ഗുരു നിർവഹിച്ചു. ദളിത് വ്യവഹാരത്തിന്റെ പുനർവിചിന്തനത്തിൽ പുതിയ മാനങ്ങൾക്ക് തുടക്കമിട്ടയാളാണ് ഗോപാൽഗുരു. കേരളീയത എന്ന സംസ്കാരവ്യവസ്ഥ: സ്വത്വവും പ്രതിനിധാനങ്ങളും എന്നതാണ് സെമിനാറിന്റെ വിഷയം.
എന്താണ് സംസ്കാരം ? ചിന്തിക്കുന്ന ജനങ്ങളുടെ നിർമിതിയാണോ സംസ്കാരം ? എന്നീ ചോദ്യങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഭാഷണം പുരോഗമിച്ചത്. ഇന്ത്യയിലെ ജനാധിപത്യത്തെയും കീഴാളസമൂഹത്തെയും ചർച്ചയിൽ കൊണ്ടുവന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതിസന്ധിയെയും കീഴാള സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികളെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇന്ത്യൻ സാമൂഹിക വ്യവഹാരങ്ങളിലെ ദലിത് സ്ത്രീ പ്രതിനിധാനങ്ങളുടെ പ്രസക്തിയെ കുറിച്ചാണ് തുടർന്ന് അദ്ദേഹം സംസാരിച്ചത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ ഇരുപതോളം പ്രഭാഷണങ്ങൾ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.