മലയാളത്തിന്റെ പ്രഭയായി രൗദ്രസാത്വികം: എന്റെ ഭാഷയോട് കടപ്പെട്ടിരിക്കുന്നു -പ്രഭാവർമ
text_fieldsതിരുവനന്തപുരം: രാജ്യത്തെ അഭിമാനകരമായ സാഹിത്യ അവാർഡുകളിലൊന്നായ സരസ്വതി സമ്മാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം മലയാളമണ്ണിലേക്ക് പ്രഭാവർമയെന്ന ബഹുമുഖ പ്രതിഭവഴി എത്തുമ്പോൾ മലയാള സാഹിത്യം ആവേശത്തിലാണ്. എന്നോ, എവിടെയോ നഷ്ടപ്പെട്ടുപോയതൊക്കെ തിരിച്ചുപിടിക്കുന്നതിന്റെ ആത്മവിശ്വാസം.
33 വർഷത്തിനിടയിൽ നാലാം തവണയാണ് മലയാള സാഹിത്യം ഈ നേട്ടം കൈവരിക്കുന്നത്. മലയാള കവിതയുടെ സാംസ്കാരിക പാരമ്പര്യത്തെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്നതിൽ സമകാലിക കവികളിൽ ശ്രദ്ധേയനാണ് പ്രഭാവർമ. അദ്ദേഹത്തിന്റെ സൗപർണിക, അർക്കപൂർണിമ, ചന്ദനനാഴി, ശ്യാമമാധവം തുടങ്ങിയ രചനകൾ ഇതിന് ഉദാഹരണം. ആധുനികതയുടെ ലേബലുകൾ പതിപ്പിക്കാതെതന്നെ വർത്തമാനകവിതയുടെ ഭാഗമായി ചേർന്നുനിൽക്കാനും അദ്ദേഹത്തിനു സാധിച്ചു. അധികാരവും കലയും തമ്മില്‍ സ്നേഹദ്വേഷമായ സംഘര്‍ഷമാണ് ‘രൗദ്രസാത്വികം’ എന്ന കാവ്യാഖ്യായികയിലൂടെ പ്രഭാവർമ്മ വരച്ചിട്ടത്. അപരന് താനായും താന്‍ അപരനായും പാപം പുണ്യമായും പുണ്യം പാപമായും നിറംപകര്‍ന്നാടുന്ന വൈരുധ്യമായിരുന്നു ‘രൗദ്രസാത്വികം’.
എന്റെ ഭാഷയോട് കടപ്പെട്ടിരിക്കുന്നു -പ്രഭാവർമ
ഒരു വ്യാഴവട്ടത്തിനുശേഷം എന്നിലൂടെ ഈ ഒരു പുരസ്കാരം ലഭിക്കുന്നുവെന്നത് സന്തോഷവും അഭിമാനകരവുമായ നിമിഷമാണ്. ഇതുവരെയുള്ള തന്റെ കാവ്യരചന പാഴായിപ്പോയില്ല എന്ന് ആരോ മന്ത്രിക്കും പോലെ തോന്നുകയാണ്. ഈ അവസരം കിട്ടിയതിന് കാരണം നമ്മുടെ ഭാഷയാണ്. എന്റെ ഭാഷയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.
1991ൽ ഹരിവംശറായ് ബച്ചനെപ്പോലെയുള്ള ഒരു ശ്രേഷ്ഠ സാഹിത്യകാരനിൽ തുടങ്ങിയ പുരസ്കാരത്തിന് അർഹരായ പ്രഗല്ഭരുടെ നിരയിലെ എളിയ കണ്ണിയാവാൻ സാധിച്ചത് ഏറെ ചാരിതാർഥ്യം നൽകുന്നതാണ്. കാവ്യ രചനാ സഞ്ചാരത്തിൽ താൻ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന ഘട്ടത്തിലാണ് ദേശീയതലത്തിൽ ഉന്നതമായ ഈ പുരസ്കാരം ലഭിക്കുന്നതെന്നത് സന്തോഷത്തിന്റെ പൊലിമ കൂട്ടുന്നു -പ്രഭാവർമ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.