പ്രഭാവർമക്ക് സരസ്വതി സമ്മാൻ; പുരസ്കാരം ‘മാധ്യമം ആഴ്ചപ്പതിപ്പി’ൽ പ്രസിദ്ധീകരിച്ച ‘രൗദ്ര സാത്വിക’ത്തിന്
text_fieldsന്യൂഡൽഹി: മലയാളത്തിന് വീണ്ടുമൊരിക്കൽക്കൂടി സരസ്വതി സമ്മാൻ തിളക്കം. കവിയും ഗാനരചയിതാവുമായ പ്രഭാവർമക്കാണ് ഇത്തവണ രാജ്യത്തെ പ്രധാന സാഹിത്യ പുരസ്കാരമായ സരസ്വതി സമ്മാൻ. മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികക്കാണ് പുരസ്കാരം.
15 ലക്ഷം രൂപയും കീർത്തിപത്രവും ഫലകവും അടങ്ങുന്നതാണ് സരസ്വതി സമ്മാൻ. ഓരോ വർഷവും ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടിക്ക് 1991 മുതൽ കെ.കെ ബിർള ഫൗണ്ടേഷൻ നൽകിവരുന്ന പുരസ്കാരമാണിത്. 2012ൽ സുഗതകുമാരിയും 2005ൽ കെ.അയ്യപ്പപ്പണിക്കരും 1995ൽ ബാലാമണിയമ്മയുമാണ് ഇതിനുമുമ്പ് സരസ്വതി സമ്മാൻ പുരസ്കാരത്തിന് അർഹരായ മലയാളികൾ.
പ്രഭാവർമ മുഖ്യമന്ത്രി പിണറായി വിജയന്റെ മീഡിയ സെക്രട്ടറിയാണ്. ശ്യാമമാധവം, സൗപര്‍ണിക, അര്‍ക്കപൂര്‍ണിമ, ചന്ദനനാഴി, ആര്‍ദ്രം, അവിചാരിതം, രതിയുടെ കാവ്യപദം, ദൃശ്യമാധ്യമങ്ങളുടെ സംസ്കാരം, കേവലത്വവും ഭാവുകത്വവും, സന്ദേഹിയുടെ ഏകാന്തയാത്ര, മഞ്ഞിനോട് വെയിലെന്ന പോലെയും എന്നിവയാണ് പ്രഭാവർമയുടെ പ്രധാന കൃതികള്‍. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, ആശാന് പുരസ്കാരം, പത്മപ്രഭ പുരസ്കാരം തുടങ്ങിയവ ലഭിച്ചു.
മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് മൂന്നുതവണ ലഭിച്ചിട്ടുണ്ട്. ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് രണ്ടുവട്ടം. നാടക ഗാനരചനക്കുള്ള സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
മികച്ച പത്രപ്രവര്‍ത്തകനുള്ള സംസ്ഥാന സർക്കാർ അവാര്‍ഡ്, മീഡിയ ട്രസ്റ്റ് അവാര്‍ഡ്, ഇന്‍ഡിവുഡ് എക്സലന്‍ഡ് അവാര്‍ഡ്, മികച്ച ഇംഗ്ലീഷ് ഫീച്ചറിനുള്ള മാധവന്‍കുട്ടി അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങൾ പത്രപ്രവര്‍ത്തനരംഗത്തെ മികവിന് ലഭിച്ചു. കൈരളി-പീപ്പിള്‍ ടി.വിയില്‍ ഡയറക്ടര്‍ (ന്യൂസ്), ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ദശാബ്ദത്തിലെ മികച്ച സാഹിത്യ കൃതിക്കുള്ള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അവാർഡ് ‘ശ്യാമമാധവം’ എന്ന ഖണ്ഡകാവ്യത്തിന് ലഭിച്ചു. 2016ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ശ്യാമമാധവത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചു. ഭാര്യ: മനോരമ. മകൾ: ജ്യോത്സന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.