Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightശശിധരൻ കുണ്ടറയുടെ...

ശശിധരൻ കുണ്ടറയുടെ കവിതകൾ; ‘വാക്കിന്റെ തോണി’

text_fields
bookmark_border
sasidharan kundarayude kavithakal
cancel

ശശിധരൻ കുണ്ടറയുടെ കവിതകളുടെ സമാഹാരം ‘ജലപ്പരപ്പിലെ എഴുതാപ്പുറങ്ങൾ’ എന്ന പുസ്തകത്തിന് സുനിൽ പി. ഇളയിടം എഴുതിയ അവതാരിക.

ഒന്ന്

തന്റെ കാവ്യസങ്കല്പത്തെക്കുറിച്ച് പറയുന്ന ചെറിയ കുറിപ്പില്‍ ശശിധരന്‍ കുണ്ടറ ഒട്ടൊക്കെ അസാധാരണമായ വിധത്തില്‍ ജലവുമായി അതിനെ കൂട്ടിയിണക്കുന്നുണ്ട്. ‘ജീവിതത്തില്‍ തട്ടിത്തെറിച്ച എറിച്ചിവെള്ളമാണ് ഈ സമാഹാരത്തിലെ വരികള്‍’ എന്ന് തന്റെ കവിതയെ ജലജീവിതവുമായി സവിശേഷമായി ചേര്‍ത്തുവച്ചതിനു പിന്നാലെ, ആ ആശയത്തെ അദ്ദേഹം കൂടുതല്‍ വിപുലീകരിക്കുന്നു:

“ജലം ജീവിതമാണ്; ജീവന്റെ ആധാരമാണ്. ആദിയും അവസാനവും ജലമാണ്. സ്ഥലജലകാന്തിയും സ്ഥലജലഭ്രാന്തിയും പ്രധാനമാണ്. നീരൊഴുക്കും വെള്ളച്ചാട്ടവും ഒരുപോലെയല്ല. മഴയും മഞ്ഞും രണ്ടാണ്. പുല്‍ക്കൊടിത്തുമ്പിലെ ജലകണവും കണ്‍പീലിത്തുമ്പിലെ നീര്‍ത്തുള്ളിയും രണ്ടു വൈകാരിക ദര്‍പ്പണങ്ങളാണ്. പാനീയവും തൂവാനവും പല അനുഭവങ്ങളില്‍ മാനനീയമാണ്. കാനല്‍ജലവും കാനനജലവും രണ്ടനുഭവം. ജലംകൊണ്ടു മുറിവേറ്റും ജലം കൊണ്ട് പരിചരിച്ചും നീങ്ങുന്ന ജീവിതജലയാത്ര”.

ജീവിതത്തെയും കവിതയെയും ചേര്‍ത്തുവച്ച് ‘ജീവിതജലയാത്ര’ എന്ന കല്പനയിലേക്ക് ശശിധരന്‍ നീങ്ങുന്നതെന്തുകൊണ്ടാവും? തന്റെ ജീവിതത്തിന്റെയും പ്രകൃതിയുടെയും അനുഭവപരിസരത്തില്‍ ജലത്തിനുള്ള പ്രാധാന്യമാവാം ഒരു കാരണം. എങ്കിലും അതിനപ്പുറം പോകുന്ന ഒരടിസ്ഥാനവും ഈ കല്പനയ്ക്കു പിന്നിലുണ്ടെന്നു തോന്നുന്നു. ജലം എന്ന ആദിഭൂതവുമായി കവിതയെയും ജീവിതത്തെയും ചേര്‍ത്തുവയ്ക്കുന്നതിനു പിന്നില്‍ വിപുലമായ ചില ജീവിതബോധ്യങ്ങളുടെ പ്രകാശവും കാണാനാവും. ജലത്തിന് അടിസ്ഥാനപരമായി ഒരുതരം അവ്യാഖ്യേയതയുണ്ട്. കേവലം ഒരു കണികയില്‍ നിന്ന് മഹാസമുദ്രം വരെ പടരുന്ന ഒന്നാണ്. നേര്‍ത്ത മഞ്ഞുതുള്ളി മുതല്‍ മഹാരഹസ്യങ്ങളെയും ചുഴികളെയും ഗര്‍ഭം ധരിച്ച അലയാഴി വരെ പല പ്രകാരങ്ങളില്‍ ജീവിക്കുന്ന ഒന്ന്. സുനിശ്ചിതമായ രൂപത്തിലും ഭാവത്തിലും പുലരാത്ത ഒന്ന്. ജീവിതാധാരമായിരിക്കുന്നതുപോലെ മഹാപ്രളയമായി വംശാന്ത്യത്തിന്റെ പ്രഭവമാകാനും കെല്പുള്ള ഒന്ന്. ജലം ജീവിതവും മരണവുമാകുന്നു.

ജലജീവിതത്തില്‍ നിലീനമായിരിക്കുന്ന ഈ വൈരുധ്യാത്മകതയാവാം കവിതയെയും ജീവിതത്തെയും അതിനോട് ഇണക്കിനിര്‍ത്തുന്നത്. നമ്മുടെ കാലത്തെ വലിയ ചിന്തകരിലൊരാളായ റാന്‍സിയേ സാഹിതീയത എന്ന ആശയത്തെ ‘ജീവിക്കുന്ന വൈരുധ്യാത്മകത’ എന് വിശദീകരിക്കുന്നുണ്ട്. സാഹിത്യത്തിന്റെ ചലനാത്മകപ്രകൃതത്തെയും അതില്‍ സന്നിഹിതമായ ലോകാനുഭവങ്ങളിലെ വൈരുധ്യത്തെയും ഒരുപോലെ പ്രകാശിപ്പിക്കുന്ന ഒരു വിവരണമാണത്. ഓരര്‍ത്ഥത്തില്‍ ജീവിതത്തിന്റെ പൊരുളും അതുതന്നെയാണെന്ന് പറയാം. ചലനാത്മകതയും വൈരുധ്യനിര്‍ഭരതയും.

ജലത്തെ തന്റെ കവിതയുടെ ആദിരൂപകമായി അവതരിപ്പിക്കുന്നതിന് പിന്നില്‍ ഇത്തരമൊരു താത്പര്യം ശശിധരന്‍ പുലര്‍ത്തുന്നുണ്ടോ? എനിക്കതില്‍ ഉറപ്പൊന്നുമില്ല. വ്യക്തിപരമായി അദ്ദേഹം അതെക്കുറിച്ചു പുലര്‍ത്തുന്ന ധാരണ എന്തായാലും ഈയൊരു സാധ്യതയെ മേല്പറഞ്ഞ ജലരൂപകം ഉള്‍ക്കൊള്ളുന്നുണ്ടെന്നു പറയാനേ മുതിരുന്നുള്ളൂ. സുസ്ഥിരവും ഭദ്രവും ശാശ്വതപ്രകൃതം കൈവന്നതുമായ അനുഭങ്ങളല്ല, അസ്ഥിരവും ചലനാത്മകവും വൈരുധ്യനിര്‍ഭരവുമായ ജീവിതമാണ് തന്റെ ആധാരമെന്ന അടിസ്ഥാനബോധ്യത്തെ അത് അറിഞ്ഞോ അറിയാതെയോ ഉള്‍ക്കൊണ്ടിരിക്കുന്നു.

വാസ്തവത്തില്‍ കവിതയുടെയും കലയുടെയും മൗലികമായ ശേഷികളിലൊന്ന് ഇത്തരം വൈരുധ്യാത്മകതയില്‍ വേരോടിനില്‍ക്കാനുള്ള അതിന്റെ കഴിവാണ്. ‘കോപ്പിടും നൃപതി പോലെയും കളിക്കോപ്പെടുത്ത ചെറുപൈതല്‍ പോലെയും’ എന്ന് മനുഷ്യമഹിമയുടെ ഒരു അടയാളവാക്യം നമ്മുടെ വലിയ കവികളിലൊരാള്‍ രൂപപ്പെടുത്തിയിട്ടുണ്ടല്ലോ. അതുപോലെ രണ്ടറ്റങ്ങളിലേക്കും പോയി മടങ്ങാനുള്ള സാധ്യതയിലാണ് കല മൗലികമാവുന്നത്. ആദിയും അന്ത്യവുമായ ജലത്തെ തന്റെ കവിതയുടെ അബോധരൂപകമായി പരിഗണിക്കുന്ന ശശിധരന്‍ അതുവഴി മേല്പറഞ്ഞ വൈരുധ്യാത്മകതയെയാണ് ലക്ഷ്യമാക്കുന്നതെന്നു തോന്നുന്നു. ഈ സമാഹാരത്തിലെ കവിതകളെല്ലാം ഒരേ അളവില്‍ അങ്ങിനെയായിരിക്കുന്നു എന്നു പറയുകയല്ല. അത് ഒരാദര്‍ശമായി ഇതിലുണ്ട് എന്നേ പറയാനാവൂ. ഏത് ആദര്‍ശവും, കവിതയിലായാലും ജീവിതത്തിലായാലും, ഒരു സാധ്യതയെ ബാക്കിനിര്‍ത്തുന്നുണ്ട്. എത്തിച്ചേരാനുള്ള ഒരിടത്തെ അതെപ്പോഴും അകലെ നിര്‍ത്തും. അവിടേക്കാണ് വഴി എന്നു സൂചിപ്പിക്കും. ജീവിതവൈരുധ്യങ്ങളുടെ കടലിരമ്പത്തെ ഈ സമാഹാരത്തിലെ പല കവിതകളും അവയുടെ ആദര്‍ശസ്ഥാനമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ചിലതെല്ലാം അങ്ങനെയല്ലാത്ത സുസ്ഥിരസ്ഥാനങ്ങളായി തുടരുന്നുമുണ്ട്. ആദ്യം പറഞ്ഞവയുടെ വഴിയിലൂടെ നടക്കുകയാണ് വായനയുടെ താത്പര്യമാകേണ്ടത്.

രണ്ട്

വൈരുധ്യങ്ങളെ അഭിമുഖീകരിക്കുന്ന ജീവിതപ്പൊരുളായി തന്നെത്തന്നെ തിരിച്ചറിയുന്ന ഒരാളെ നമുക്കീ സമാഹാരത്തിന്റെ തുടക്കത്തില്‍ തന്നെ കാണാം.

“ഉണ്ടേ ഞങ്ങളുയിരായിന്നും

ഉദയക്കോന്തലയില്‍

പുതുവഴിയുടെ വെട്ടത്തില്‍

പഴമകള്‍ചോരാതെ”

പുതുവഴിയുടെ വെട്ടവും പഴമയുടെ പ്രകാശവും ഇടകലരുന്ന ജീവിതബോധം ഈ സമാഹാരത്തിലെ കവിതകളില്‍ പലയിടങ്ങളിലും തെളിഞ്ഞുകാണാം. ചിലപ്പോഴൊക്കെ അവ തമ്മിലിണങ്ങി നില്‍ക്കും. ചിലപ്പോഴൊക്കെ തമ്മിലിടഞ്ഞ് കവിതയെ അകമേ സംഘര്‍ഷഭരിതമാക്കും. പുതുമയിലേക്കുള്ള വഴികള്‍ നിശ്ചയമായും ഏകമുഖമല്ല. പഴയ അനുഭവലോകങ്ങള്‍ സംഘര്‍ഷശൂന്യവുമല്ല. ഒരനുഭവം തന്നെ അതിന്റെ വിപരീതത്തിലേക്ക് ചായുന്നത് കവിത കാണുന്നുണ്ട്:

“കരുതിക്കാത്തുപോന്ന

പ്രണയത്തിന്

കുപ്പിവളകള്‍ മാത്രം സമ്മാനം

വജ്രം പോലെ, രത്നം പോലെ

................................................................

ഇന്ന് വജ്രവും രത്നവും

പാരിതോഷികമായി

കുപ്പിവളകള്‍പോലെ

ചിതറിത്തെറിച്ച പ്രണയം”

കുപ്പിവളയില്‍ രത്നം കണ്ട പഴയ പ്രണയസ്വപ്നങ്ങളും ഉടഞ്ഞ കുപ്പിവളകളായിത്തീര്‍ന്ന ജീവിതാനുഭവങ്ങളും മുഖാമുഖം നില്‍ക്കുന്ന ജീവിതദര്‍ശനത്തിന് ഈ സമാഹാരത്തിലെ പല കവിതകളിലും തുടര്‍ച്ചകളുണ്ട്. ഒട്ടൊക്കെ കാല്പനികമായ ഗൃഹാതുരതയിലാണ് ഈ വിരുദ്ധലോകങ്ങളെ മേല്പറഞ്ഞ കവിത ചേര്‍ത്തുനിര്‍ത്തുന്നതെങ്കില്‍, ‘മീനും ഉറുമ്പും’ എന്ന കവിതയില്‍ ജീവിതം എന്ന അവസാനമില്ലാത്ത വൈരുധ്യത്തിന്റെ ഗാഢവും സങ്കീര്‍ണ്ണവുമായ പ്രകൃതം കൂടുതല്‍ തെളിയുന്നുണ്ട്.

“മീനും ഉറുമ്പും

രണ്ടു ബിംബങ്ങള്‍

പാതിരാ കഴിഞ്ഞാണ്

കവിതയിലേക്കു വരുന്നത്

ഇടം കണ്ടെത്തിയിരുത്തി.

................................................

പകലുണര്‍ന്നപ്പോള്‍

മീനിനെ കാണാനേയില്ല

കവിതയിലോ കടലിലോ

മീന്‍ മലര്‍ന്നുപൊങ്ങിയില്ല

..................................................

ഉറുമ്പുകള്‍ ചുണ്ടു തുടച്ച്

വീണ്ടും കവിതയില്‍ കാണാമെന്ന്

മണലിലെഴുതി

വരിവച്ചുനീങ്ങുന്നു”

ഇങ്ങനെ, ലോകജീവിതത്തിന്റെയും കാവ്യജീവിതത്തിന്റെയും അടിപ്പടവില്‍ ആഴത്തില്‍ അമര്‍ന്നുകടിക്കുന്ന വൈരുധ്യങ്ങളെ ഭാവനകൊണ്ട് അഭിമുഖീകരിക്കാനുള്ള ശ്രമങ്ങള്‍ മനുഷ്യവംശം അതിന്റെ പ്രാക്തനദശ മുതല്‍ക്കേ കൊണ്ടുനടന്ന ഒന്നാണ്. നിത്യപരാജിതമായ ആ ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നു! യാഥാര്‍ത്ഥ്യം ഏതോ നിലയില്‍ ഭാവനാബന്ധങ്ങളെ തിന്നുതീര്‍ക്കുന്നു. ഒടുവില്‍ മുള്ളുകള്‍ ബാക്കിയാവുന്നു. ‘വായന’ എന്ന കവിതയില്‍ ശശിധരന്‍ ഈ ഗാഢവൈരുധ്യത്തെ ചില ചോദ്യങ്ങളായി വിടര്‍ത്തുന്നതു കാണാം.

“എത്ര വരിയില്‍ കുറുക്കിയെടുക്കാം

ഒരു ജീവിതം?

...........................................

എത്ര നിശ്വാസത്തില്‍ കുരുക്കിയിടാം

വേദനകള്‍?”

‘ഇളകിയാടിയ വന്‍മരം പോലെ’ നിലകൊണ്ട ഒരു ജീവിതം മരണമുഹൂര്‍ത്തത്തിലെത്തുമ്പോള്‍ ബാക്കിവയ്ക്കുന്നത് ഇങ്ങനെ ചില ചോദ്യങ്ങളാവും. ‘പൂമരം പോലെ ആഹ്ലാദമങ്കുരിച്ച പച്ച’യില്‍ തന്നെ പതിഞ്ഞുകിടക്കുന്ന മരണത്തിന്റെ മുഖത്തെയാണ് ഈ കവിത വരച്ചിടാന്‍ ശ്രമിക്കുന്നത്. ഇതേ വിരുദ്ധദര്‍ശനം തന്റെ കാലത്തിന്റെയും പരിഷ്കൃതിയുടെയും ഉള്ളിലെ പിളര്‍പ്പുകളെ പ്രകാശിപ്പിക്കാനുള്ള വഴിയായും കവി ഉപയോഗിക്കുന്നുണ്ട്.

“കൊയ്ത്തരിവാള്‍ കൊച്ചുമകള്‍

പ്രദര്‍ശനത്തിനു കൊണ്ടുപോയി

ഉള്ളില്‍ ചരിത്രം പോലെ ചുവയ്ക്കുന്നു

ഇരുമ്പിന്റെ മണമുള്ള ചോര

.............................................................

എത്ര നേരം കരയാനാകുമിപ്പോള്‍?

പത്രക്കാരോട് പറയാന്‍ ലജ്ജയുണ്ട്

കരിവരച്ച കണ്ടം കാണാനില്ലെന്ന്

........................................................

അവശേഷിക്കുന്ന കൃഷീവലനെന്ന്

കാഴ്ചവസ്തുവായ് വലിച്ചിഴച്ചേക്കാം

കൊയ്ത്തരിവാളുപോലെ ചരിത്രമാക്കി”

ചരിത്രം കൊയ്ത കൊയ്ത്തരിവാളുകള്‍ പുരാവസ്തുക്കളായി ചരിത്രത്തിന്റെ ഭൂതശാലകളിലേക്ക് മടങ്ങിപ്പോയിരിക്കുന്നു. കാലത്തെ പടുത്ത പോര്‍വീര്യങ്ങള്‍ പതിയെപ്പതിയെ മാഞ്ഞുപോകുന്ന പുതിയ ലോകത്തിന്റെ നടുവിലാണ് കവിതയുടെ നില്പ്. ‘ചോറുരുട്ടുമ്പോള്‍ നീ/കണ്ടവുമധ്വാനവും കാണുമോ?’ എന്ന് മറ്റൊരു കവിതയില്‍ കവി ഇക്കാര്യം വേറൊരു ഭാഷയില്‍ ആരായുന്നുണ്ട്.

“മത്തി കൂട്ടുമ്പോള്‍ കടലും

കാറ്റും മുക്കുവക്കൂട്ടായ്മയും?

നയത്തിന്റെ താളവും തക്കവും?

ഉപ്പും മുളകും പുളിയുമായ്

തീരവും തോട്ടവും മരങ്ങളും

നിരക്കുമോ നീരാവി സാക്ഷിയായ്?

തുണികുടഞ്ഞുടുക്കുമ്പോള്‍

തറിയുടെ തേരോട്ടപ്പാട്ടില്‍ കൂടുമോ?

കിടക്കയില്‍ ചുരുളുമ്പോള്‍

വീടൊരുക്കും വീറോര്‍ക്കുമോ?”

ഈ ചോദ്യങ്ങളിലോരോന്നിലും മനുഷ്യാനുഭവങ്ങളില്‍ നിലീനമായ വൈരുധ്യങ്ങള്‍ അലയടിക്കുന്നുണ്ട്. ‘എല്ലാം സാംസ്കാരിക രേഖകളും കിരാതത്വത്തിന്റെ സുവര്‍ണ്ണരേഖകള്‍ കൂടിയാണെന്ന്’ നമ്മുടെ കാലത്തെ വലിയ ചിന്തകരിലൊരാള്‍ എഴുതിയതിന്റെ മുഴക്കം ഈ വരികളിലും നമുക്കു കേള്‍ക്കാനാവും. ഓരോ അനുഭവത്തിലും നിലീനമായിരിക്കുന്ന എതിര്‍ലോകങ്ങള്‍! ജീവിതപരിണാമത്തിന്റെ ഗതിവേഗം അതിനെ കൂടുതല്‍ തീവ്രമാക്കുന്നു:

“ആകാശത്തിനുമതിരില്ലെന്നു

പറഞ്ഞു പറന്നിട്ടെന്തായി?

ചിറമുറിയുംപോല്‍ പലതും മാറി

ചിറകറ്റതുപോല്‍ തന്നെ ഫലം

വയലു മലര്‍ന്നുകിടപ്പാണിവിടെ

മലിനക്കൂമ്പാരം പേറി”

ഈ വിരൂപദൃശ്യങ്ങളുടെ മറുപുറം പോലെ കവിത മറ്റൊരു സ്വപ്നദൃസ്യത്തെ കൂട്ടിക്കൊണ്ടുവരുന്നുണ്ട്. ‘കെട്ടജീവിതത്തെ മറികടക്കുന്ന’ സ്വപ്നജീവിതമായി അതു കവിതയില്‍ തെളിയുന്നു.

“കയറുപിരിക്കും കൈയുകള്‍ കാമന

കൗതുകമെയ്യും പകലറുതി

കായല്‍ക്കാഴ്ചകള്‍ മിഴിതോരാതെ

വഞ്ചി മയങ്ങിയൊപരാഹ്നം

ഇളവെയിലൊളിയില്‍

ചെറുമീന്‍ കളിയില്‍

വറുതി മറന്നൊരു പൂര്‍വാഹ്നം”

ഈ സ്വപ്നദൃശ്യങ്ങള്‍ക്കു കുറുകെ പുതിയ കാലവും അതിന്റെ പരിഷ്കൃതിയും നിരാര്‍ദ്രമായി കടന്നുപോകുന്നത് കവിത കാണുന്നുണ്ട്. തമ്മിലിടയുന്ന ഇരുലോകങ്ങള്‍ക്ക് നടുവിലാണ് കവി നിലകൊള്ളുന്നത്.

“ഏതു പുഴക്കുടത്തില്‍

കല്ലിട്ടുയര്‍ത്തും നീരെന്ന്

ഉണക്കമരക്കൊമ്പില്‍

കാക്കയുടെ ഒടുങ്ങാക്കരച്ചില്‍”

എന്നിങ്ങനെ മറ്റൊരു കവിത ഈ ഗതിപരിണാമത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. നാടോടിക്കഥയിലെ പഴയ കാക്ക പുതിയ കാലത്തിന്റെ ഗാഢവൈരുധ്യങ്ങള്‍ക്കു മുകളിലൂടെ പറക്കുന്നു. ‘ഒരേസമയം വേരിലീര്‍പ്പവും കൊമ്പിലുഷ്ണവും പേറി നില്‍ക്കുന്ന പുഴയോരമര’ത്തിന്റെ കൊമ്പിലേക്ക്.

“വെള്ളിടി മുഴങ്ങിയത്

മഴയ്ക്കോ കമ്പത്തിനോ

കലാപക്കളികള്‍ക്കോ”

എന്ന നിത്യസംശയം യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനപ്രകൃതമായി മാറിത്തീര്‍ന്ന ഒരിടത്താണ് ആ വൃക്ഷം വേരാഴ്ത്തി നില്‍ക്കുന്നത്. ഈ സമാഹാരത്തിലെ കവിതകളും. വ്യക്തിഗതമായ സംശയമോ സന്ദിഗ്ധതയോ മാത്രമായി ഇതിനെ കാണാനാവില്ല. വൈയക്തികമായ ഒരനുഭവതലം അതിലുണ്ടായിരിക്കെത്തന്നെ തന്റെ കാലത്തിന്റെ ആധാരശ്രുതിയായും കവിയതിനെ തിരിച്ചറിയുന്നുണ്ട്. അതിനുമപ്പുറം പ്രകൃതിയുടെ സഹജഭാവത്തെ തന്നെ അതില്‍ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്:

“ഉഷസ്സിന്റെ ഈര്‍പ്പത്തില്‍

കിളികളുടെ ഈണം

മുളംചില്ലയില്‍ തൂങ്ങിയാടുന്നു

രാത്രിയോടുള്ള പരിഭവവും

പകലോടുള്ളനുരാഗവും”

എന്ന കാല്പനികഛായ പടര്‍ന്ന പ്രകൃതികല്പനയായും

“പിഴുതുവീണ സൗഹൃദത്തില്‍ നിന്ന്

ഇടയ്ക്കിറങ്ങിപ്പോയ വാക്കുകള്‍

പ്രഭാതമോ പ്രദോഷമോ”

എന്ന് അതിന്റെ പ്രകാരഭേദങ്ങളായും ഈ വിരുദ്ധലോകത്തെ പ്രകൃതിരൂപകങ്ങളിലേക്ക് പരിഭാഷപ്പെടുത്താന്‍ കവിത ശ്രമിക്കുന്നതു കാണാം. വ്യക്തിഗതമായ അനുഭവലോകങ്ങള്‍ക്കപ്പുറത്തേക്ക് പടരുന്ന ഗാഢവൈരുധ്യങ്ങളെ കവിത അഭിസംബോധന ചെയ്യുന്ന രീതിയാണ് ഈ സന്ദിഗ്ധഭാവത്തിനു പിന്നിലുള്ളതെന്നു തോന്നുന്നു. അന്തിമമായി കവിതയെക്കുറിച്ചുതന്നെ ചോദ്യങ്ങളായി അത് ചിലയിടങ്ങളില്‍ തലയുയര്‍ത്തുന്നുണ്ട്.

“കവിതയോട് ജീവിതം ചോദിക്കുന്നു

ഈ മരക്കപ്പല്‍ എവിടെ നങ്കുരമിടും?

...........................................................

കരകാണാക്കടലറിവില്‍ കനം പിടിച്ച്

കവിതനിന്നു, ഒന്നുമുരിയാടാതെ”

ഉത്തരമില്ലാത്ത ഒരു ചോദ്യമായിത്തീര്‍ന്ന കവിത! കവിതയുടെ ആധാരശ്രുതിപോലെ നിലകൊള്ളുന്ന യാഥാര്‍ത്ഥ്യത്തിന്റെ വൈരുധ്യാത്മകത അതിനെ സ്വാംശീകരിക്കാന്‍ പോന്ന കാവ്യഭാഷ ഈ സമാഹാരത്തിലെ പല കവിതകളിലും കാണാം. ഒരേ വടിവിലും ഒരേ ആയത്തിലുമല്ല അവ സഞ്ചരിക്കുന്നത്. ജീവിതത്തിന്റെ ഭിന്നപ്രകാരങ്ങളെ അഭിസംബോധന ചെയ്യാന്‍ പോന്ന വിധത്തില്‍ പല പ്രകൃതങ്ങള്‍ കൈക്കൊണ്ട് അത് പലതായി പിരിയുന്നു:

“കയറുപിരിക്കും കൈയുകള്‍ കാമന

കൗതുകമെയ്യും പകലറുതി

കായല്‍ക്കാഴ്ചകള്‍ മിഴിതോരാതെ

വഞ്ചി മയങ്ങിയൊപരാഹ്നം”

എന്നിങ്ങനെ നാടന്‍പാട്ടിന്റെ താളത്തില്‍ ആടിയുലയാനും

“ഉള്ളിലെവിടെയോ

ഊഞ്ഞാലാടിയോ

മാന്തണല്‍

അമ്മാനം

പാടിയാടിയ പറങ്കി-

മാവിന്‍ നിഴല്‍

ചെറുതൊടികള്‍

കാട്ടുവഴികള്‍

നീലാകാശമിറങ്ങിവന്ന

അപരാഹ്നം

സന്ധ്യാചിത്രത്തിലെ

കണ്ണേറുകള്‍”

എന്നിങ്ങനെ സ്നിഗ്ധമധുരമാവാനും

“ചൂളപോല്‍ കത്തുന്ന

ഒരുദിനം വരും

അന്ന് അഹന്തയും

ശമിക്കും”

എന്ന് ശാപത്തിന്റെ മുഴക്കം പേറിനില്‍ക്കാനും

“കുണ്ടുകുളക്കാര്‍ കുന്നേക്കാരും

പയറ്റുവിളക്കാര്‍ പടവിളയുള്ളോര്‍

അമ്പിപ്പൊയ്ക, കുമ്പന്‍പൊയ്ക

തെറ്റിക്കുന്നും ആല്‍ത്തറമുകളും

...................................................................

ചക്കയരിക്കും പുളിയരിവളവില്‍

ചന്തക്കോളില്‍ വിളിയോ വിളികള്‍

.............................................................

പാടും പറയും കഥകളൊരിത്തിരി

തെരുവില്‍ വളവില്‍ പേഴുമരത്തില്‍

ത്രാസും തൂക്കി തണലും നോക്കി

മൂങ്ങകള്‍ മൂളിക്കേള്‍ക്കും കഥകള്‍”

എന്ന് തുള്ളല്‍പ്പാട്ടിന്റെ ഗതിവേഗങ്ങളെ പിന്‍പറ്റാനും

“ഒരരിമണിക്ക് എത്ര പക്ഷിയുണ്ട്?

ഒറ്റസംഖ്യ ഇരട്ടയസംഖ്യം

അരിമണിയിലാരുടെ നാമം?”

എന്ന് ദാര്‍ശനികതയിലേക്ക് ചായുന്ന ചോദ്യങ്ങളെ പേറിനില്‍ക്കാനും കഴിയുന്ന ഭാഷാസ്വരൂപങ്ങളിലേക്ക് ഇതിലെ കവിതകള്‍ സഞ്ചരിക്കുന്നു. ജീവിതത്തിന്റെ പ്രകാരഭേദങ്ങളിലൂടെ നീങ്ങുമ്പോള്‍ കവിത വാക്കിന്റെ പ്രകാരഭേദങ്ങളിലേക്കും നീങ്ങുന്നു. കവിതതന്നെ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ:

“വാക്കിന്റെ തോണി

ഏതു കടവിലുമടിയും”

ചുരുക്കട്ടെ. ജീവിതത്തിന്റെ അനന്തഭേദങ്ങളോട് മുഖാമുഖം നില്‍ക്കാന്‍ ശ്രമിച്ച് ഭാഷയിലും ഭാവത്തിലും പലതായിത്തുടരുന്ന ഒരു കവിയെ ഈ സമാഹാരത്തില്‍ കാണാനാവും. ‘ജീവിതത്തിന്റെ കടലിനെ കവിതയുടെ മഷിപ്പാത്ര’മാക്കാനുള്ള തീരാത്ത പരിശ്രമങ്ങളാണ് ഈ വാങ്മയങ്ങളുടെ പ്രഭവം. വാക്കിന്റെ തോണിയേറിയുള്ള ആ സമുദ്രസഞ്ചാരം ഇനിയും അര്‍ത്ഥപൂര്‍ണ്ണമായി തുടരട്ടെ എന്നുമാത്രം പറഞ്ഞുനിര്‍ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kavitha
News Summary - sasidharan kundarayude kavithakal
Next Story