അന്നൊരിക്കൽ കുന്നിൻമുകളിൽ...
text_fieldsകിഴക്കേ കോലായിലെ തൂണിനോടു ചേർന്നുനിന്ന്, ഏന്തിവലിഞ്ഞ്, ചാഞ്ഞും ചരിഞ്ഞും നോക്കിയാൽ കുന്നിൻപുറത്തുള്ള സ്കൂൾ കെട്ടിടം കാണാം! എന്റെ സ്കൂൾ, എന്റെ സ്വന്തം സ്കൂൾ !
വല്യമ്മമാരും അമ്മാമനും എന്നുവേണ്ട, വീട്ടിൽ ആരു വിരുന്നുവന്നാലും അവരെ കിഴക്കേ കോലായിലെത്തിച്ച് സ്കൂൾ കാണിച്ചേ ഞാൻ വിടൂ. എന്റെ ആ നിർബന്ധം ചിലപ്പോഴെങ്കിലും അച്ഛന്റെയും അമ്മയുടേയും അടുത്തുനിന്ന് പൊതിരെ ചീത്ത കേൾക്കുന്നതിന് കാരണമായിട്ടുണ്ട്.
''ഇവിടെ പ്രധാനപ്പെട്ട കാര്യം സംസാരിക്കുമ്പോഴാ ചെക്കെന്റയൊരു....'' എന്ന മട്ടിൽ. അപ്പോഴൊക്കെ അച്ഛമ്മ വക്കാലത്തുമായി വരും:
''തിരക്കൊഴിഞ്ഞാൽ ഉണ്ണിയുടെ കൂടെ ഒന്നു കിഴക്കേ കോലായിലേക്ക് ചെല്ലൂ. അവന്റെയൊരു മോഹമല്ലേ?''.
അങ്ങനെയിരിക്കെ ഒരുദിവസം ഗംഗ വല്യമ്മ വന്നപ്പോൾ എന്നെ ഏറെ സന്തോഷിപ്പിച്ചുകൊണ്ട് ആദ്യം തന്നെ അച്ഛമ്മയുടെ ശിപാർശ. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് കൈവന്ന അവസരം. സന്തോഷംകൊണ്ടു വീർപ്പുമുട്ടി, എവിടെ തുടങ്ങണമെന്നറിയാതെനിന്ന എന്നെ ഇരുകവിളിലും തലോടി വല്യമ്മ പ്രോത്സാഹിപ്പിച്ചു.
''ഉണ്ണിക്ക് ദേവയാനി ടീച്ചറെ വലിയ ഇഷ്ടമാണെന്ന് അമ്മ പറഞ്ഞല്ലോ. ടീച്ചർ ദേഷ്യപ്പെടാത്തതും അടിക്കാത്തതുമൊക്കെയാണോ കാരണം?''
''അയ്യോ... ദേവയാനി ടീച്ചർ വലിയ ദേഷ്യക്കാരിയാണ്. വികൃതിക്കുട്ടികളെ അടിക്കാറുമുണ്ട്. പക്ഷേ, എല്ലാവർക്കും ടീച്ചറെ ഇഷ്ടമാണ്.''
വാത്സല്യത്തോടെ എന്നെ ചേർത്തുനിർത്തിയ വല്യമ്മയെ നോക്കി ഞാൻ തുടർന്നു:
''ഒരിക്കൽ ക്ലാസെടുക്കുമ്പോൾ സമരക്കാർ ബസിന് കല്ലെറിയുന്ന കാര്യം പറയുകയായിരുന്നു, ദേവയാനി ടീച്ചർ. പെട്ടന്ന്, പാഠപുസ്തകം ഇടതു കൈയിലേക്ക് മാറ്റിയ ടീച്ചർ വലതുകൈ കൊണ്ട് കല്ലെടുക്കുന്നതായി ഭാവിച്ചു. ശരിക്കും കൈയിൽ കല്ലുള്ളതുപോലെ! പിന്നെ, ആ 'കല്ല്' കൈയിലിട്ട് കുറേനേരം ഒരേ ചുഴറ്റൽ! അതോടൊപ്പം ടീച്ചർ ക്ലാസ് തുടരുന്നുമുണ്ട്. ഒടുവിൽ ഓർക്കാപ്പുറത്ത് ടീച്ചർ ഞങ്ങളിരിക്കുന്ന ഭാഗത്തേ്ക്ക്ക്ക് ഒരേറ്! വലിയൊരു ഉരുളൻകല്ല് ചീറിപ്പാഞ്ഞു വരുന്നതുപോലെയാണ് ഞങ്ങൾക്കു തോന്നിയത്. ഞാനും മുഹമ്മദലിയും ഒന്നിച്ച് 'അയ്യോ' എന്നു വിളിച്ചുപോയി. പിൻബഞ്ചിലിരുന്ന ആനന്ദൻ ചാടിയെണീറ്റു. മിനിയും ഷീജയും ഐഷാബിയുമൊക്കെ പേടിച്ചരണ്ടു. ഇതെല്ലാം കണ്ട് ടീച്ചർ ചിരിയോടു ചിരി.
ഇല്ലാക്കല്ലിന്റെ കഥ വല്യമ്മയിലും ചിരിപടർത്തി. നല്ല ടീച്ചർ നല്ല നടിയായിരിക്കണമെന്നും ടീച്ചർ കൂടിയായ വല്യമ്മ പറഞ്ഞു. അങ്ങനെയെങ്കിൽ ദേവയാനി ടീച്ചർ എത്ര നല്ല നടിയാണ്! എന്തെല്ലാം ഭാവങ്ങളാണ് ടീച്ചറുടെ മുഖത്ത് മിന്നിമറിയാറുള്ളത്! എതു ഭാവത്തിന്റെയും അടിസ്ഥാനം പക്ഷെ, പകരം വെക്കാനില്ലാത്ത വാത്സല്യം തന്നെയായിരുന്നു.
ഏതെങ്കിലുമൊരു മാഷ് അല്ലെങ്കിൽ ടീച്ചർ ഇന്ന് ലീവായിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത കുട്ടികൾ കുറവായിരിക്കും. പല കാരണങ്ങളാൽ ചിലപ്പോഴൊക്കെ ഞാനും അങ്ങനെ ചിന്തിച്ചിട്ടുണ്ട്. എന്നാൽ, കാര്യം നേരെതിരിച്ചായാലോ! 'മാഷ് ലീവാകരുതേ' എന്ന പ്രാർഥന... അതും വീട്ടിൽനിന്ന് പുറപ്പെട്ട് സ്കൂളിലെത്തി മാഷെ കാണുന്നതുവരെ. സ്കൂളിലെത്തിയാലുടനെ വരാന്തയിൽനിന്നൊരു എത്തിനോട്ടമുണ്ട്, സ്റ്റാഫ് റൂമിലേക്ക്...
'ഹാവൂ... രവീന്ദ്രൻ മാഷ്!'
മാഷെ കാണുന്നതും ശ്വാസം നേരെയാകും. തുള്ളിച്ചാടുന്ന മനസ്സോടെ, ക്ലാസിലേക്ക് ഒറ്റയോട്ടമാണുപിന്നെ. അഥവാ ആ നോട്ടത്തിൽ രവീന്ദ്രൻ മാഷെ കണ്ടില്ലെങ്കിലോ, ആദ്യം നിരാശ. പിന്നെ സ്വയം ആശ്വസിപ്പിക്കൽ, ''ബസ് തെറ്റിയിട്ടുണ്ടാവും... ഫസ്റ്റ് പിരീയഡ് തീരുമ്പോഴേക്കും എത്തും... ചിലപ്പോൾ ഉച്ചവരെ ലീവാകും'' അങ്ങനെ ഓരോ ചിന്തകളായിരിക്കും മനസ്സിൽ.
സയൻസായിരുന്നു രവീന്ദ്രൻ മാഷ്ടെ വിഷയം. സസ്യങ്ങളെക്കുറിച്ചുള്ള അധ്യായം പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ മാഷ് എല്ലാ ദിവസവും പലതരം പൂക്കളും ചെറുചെടിമൊക്കെ ക്ലാസിൽ കൊണ്ടുവരുമായിരുന്നു. ഒരിക്കൽ ചിറകുകളിൽ വയലറ്റ് നിറമുള്ള വലിയൊരു പ്രാണിയെ ചില്ലുഭരണിയിലാക്കിക്കൊണ്ടാണ് മാഷ് ക്ലാസിലെത്തിയത്. മേശപ്പുറത്തുവെച്ച ഭരണിക്കുള്ളിൽ പ്രാണി ചിറകുവിരിച്ചപ്പോൾ വട്ടത്തിൽനിന്ന ഞങ്ങൾ കുട്ടികൾക്കത് മതിവരാക്കാഴ്ചയായി. അന്ന് പ്രാണികളുടെ വൈവിധ്യമാർന്ന ലോകത്തെപ്പറ്റി ഒന്നാന്തരമൊരു ക്ലാസും മാഷെടുത്തു. സ്വാഭാവികമായും അക്കാലത്ത് ഞാനുൾപ്പെടെ മിക്ക കുട്ടികളുടെയും ഇഷ്ടവിഷയമായിരുന്നു സയൻസ്.
അന്നൊക്കെ കുരുത്തക്കേടുകളെന്തെങ്കിലും ഒപ്പിച്ചവർക്ക് അടി ഉറപ്പായിരുന്നു. ചൂരൽ ഇല്ല; പകരം സ്കൂൾ നിൽക്കുന്ന കുന്നിന്റെ ചെരിവിലെ കുറ്റിക്കാട്ടിൽനിന്നുള്ള വടി കൊണ്ടായിരുന്നു പ്രയോഗം! ടീച്ചറോ മാഷോ വടി എന്നുപറയേണ്ട താമസമേയുള്ളൂ... ലീഡർ അബ്ദുല്ലത്തീഫ് ഒറ്റപ്പാച്ചിലാണ്. നിമിഷങ്ങൾക്കകം ചെറുവിരൽ വണ്ണത്തിലുള്ള നീളൻ വടി റെഡി.
ഒരുദിവസം പതിവുപോലെ കുറ്റിക്കാട്ടിലേക്ക് പാഞ്ഞ ലത്തീഫ് വടിയുടെ കാര്യംപോലും മറന്ന് ഒറ്റക്കുതിപ്പിന് ക്ലാസിനു മുന്നിൽ തിരിച്ചെത്തി. പോയതുപോലെ വന്ന അവനെ രവീന്ദ്രൻ മാഷ് ചോദ്യഭാവത്തിൽ നോക്കി:
''സാർ... മെരു''
''മെരുവോ...? എവിടെ?''
''അവിടെ... കുഴിയിൽ''
കിതപ്പു കാരണം രവീന്ദ്രൻ മാഷ്ടെ ചോദ്യത്തിന് ശരിക്കും മറുപടി പറയാൻ ലത്തീഫിനായില്ല.
സ്കൂൾ വളപ്പിലെ വലിയ കുഴിയിൽ വീണ മുഴുത്ത വെരുകാണ് ലത്തീഫ് പറഞ്ഞ മെരു. മുത്തശ്ശിയാർകാവിലെ താലപ്പൊലിക്കു വരുന്ന വളച്ചെട്ടികൾ ഉടുമ്പിനെ പിടിച്ച് മുണ്ടൻവടിയിൽ ചേർത്തുകെട്ടി കൊണ്ടുപോകുന്നതു കണ്ടിട്ടുണ്ടെങ്കിലും മെരുവിനെ അന്നുവരെ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. കുഴിയിൽ പരക്കം പാഞ്ഞ മെരുവിനെ, രവീന്ദ്രൻ മാഷ് ആളയച്ചുവരുത്തിയ ബാലേട്ടൻ സൂത്രത്തിൽ കുടുക്കിട്ട് പിടിച്ചു. കരക്കുകയറിയ വെരുകിന്റെ പരാക്രമം കാണേണ്ടതുതന്നെയായിരുന്നു! 'തരം കിട്ടിയാൽ കടിച്ചുപൊളിക്കുന്ന ജന്തു'വാണെന്ന, ബാലേട്ടന്റെ മുന്നറിയിപ്പിൽ എല്ലാവരും ഒന്നു നടുങ്ങി.
ശേഷം അവിടെ രവീന്ദ്രൻ മാഷ്ടെ മറ്റൊരു ക്ലാസിനുള്ള അരങ്ങൊരുങ്ങുകയായിരുന്നു. മെരുവിന്റെ ശാസ്ത്രീയനാമത്തിൽ തുടങ്ങിയ മാഷ് ചുരുങ്ങിയ സമയത്തിനുള്ളിൽ ആ ജീവിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കുട്ടികളുമായി പങ്കുവെച്ചു. ബാലേട്ടന്റെ നാടൻ അറിവുകൾകൂടി ചേർന്നപ്പോൾ ക്ലാസ് കൂടുതൽ രസകരമായി. ഒടുവിൽ മാഷ് സുരേഷിനെക്കൊണ്ട്, വ്യത്യസ്തമായ ക്ലാസിന് അവസരമുണ്ടാക്കിയ മെരുവിന് നന്ദി പറയിപ്പിച്ചത് കൂട്ടച്ചിരിക്കുള്ള വക നൽകി.
ആറാംക്ലാസിൽ കൂടെ പഠിച്ച മേരിയോട് തനിക്ക് തോന്നിയ സവിശേഷ വികാരം, പ്രണയം തന്നെയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞുവെന്ന് നിത്യചൈതന്യ യതി എഴുതിയിട്ടുണ്ട്. 11 വയസിന്റെ കളിമുറ്റത്ത് അങ്ങനെയൊരു വികാരത്തിനിടമുണ്ടോ? ഉണ്ടെന്നുതന്നെ പറയണം. അതുകൊണ്ടാണല്ലോ ഉപപാഠപുസ്തകമായ 'ദുർഗേശനന്ദിനി' പഠിപ്പിക്കുമ്പോൾ പ്രണയം കടന്നുവന്ന സന്ദർഭങ്ങൾക്ക് രാജേന്ദ്രൻ മാഷ് കൂടുതൽ നിറം പകർന്നത്! ധീരയോദ്ധാവായ ജഗത്സിംഹനിൽ ആകൃഷ്ടയാവുന്ന യുവതി! അവളുടെ സൗന്ദര്യത്തിൽ ജഗത്സിംഹനും ഭ്രമിക്കുന്നു! വാക്കുകൾക്കപ്പുറം മുഖഭാവങ്ങളിലൂടെ രാജേന്ദ്രൻ മാഷ് വരച്ചിട്ട ആ പ്രണയചിത്രം വർഷങ്ങൾക്കിപ്പുറവും മനസ്സിൽ ഒളിമങ്ങാതെ നിൽക്കുകയാണ്! ഓട്ടൻതുള്ളലും കവിതയുമെല്ലാം ഒരുപോലെ വഴങ്ങുന്ന രാജേന്ദ്രൻ മാഷ്ടെ മൈക്ക് അനൗൺസ്മെന്റിൽപോലും കവിതയുടെ സ്വാധീനമുണ്ടായിരുന്നു.
കാലം ഒരുപാട് മുന്നോട്ടുപോയി. അച്ഛമ്മയും അച്ഛനും ഇന്നില്ല. അതിഥികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയ, ഉണ്ണിയുടെ പ്രിയപ്പെട്ട കിഴക്കേ കോലായയും ഓർമയായി. പോരാത്തതിന് എവിടെനിന്ന്, എങ്ങനെ നോക്കിയാലും സ്കൂൾ കാണാത്തവിധം പ്രദേശത്ത് കോൺക്രീറ്റ് കെട്ടിടങ്ങളും നിരന്നു. എങ്കിലും ആയിരം ഉണ്ണികളെ മാടിവിളിച്ച് എന്റെ സ്കൂൾ കുന്നിൻപുറത്തു തന്നെയുണ്ടെന്നത് വലിയ ആശ്വാസം. സ്കൂൾ, യാഥാർഥ്യത്തിനപ്പുറം സ്വപ്നമാണെനിക്ക്. ഒരിക്കലും പുഴുക്കുത്ത് വീഴാത്ത സുന്ദരസ്വപ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.