ഭാഷകളെ അടിച്ചമര്‍ത്തിയാല്‍ നാട്ടറിവുകളും സാംസ്‌ക്കാരിക മൂല്യങ്ങളും ഇല്ലാതാകുമെന്ന് സേതു
text_fieldsകൊച്ചി: ഭാഷകളെ അടിച്ചമര്‍ത്തിയാല്‍ നാട്ടറിവുകളും സാംസ്‌ക്കാരിക മൂല്യങ്ങളും ഇല്ലാതാകുമെന്നും ചെറിയ ഭാഷകളെ വലിയ ഭാഷകള്‍ അടിച്ചമര്‍ത്തുകയാണെന്നും എഴുത്തുകാരന്‍ സേതു. എറണാകുളം ടൗണ്‍ഹാളില്‍ എഴുത്തച്ഛന്‍ പുരസ്‌ക്കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷകള്‍ക്ക് ഒരു സംസ്‌ക്കാരം ഉണ്ട്, സാഹിത്യമുണ്ട്, സംഗീതമുണ്ട്, വൃത്തമുണ്ട്, മഹത്തായ പാരമ്പര്യമുണ്ട്. മഹത്തായ ഈ ഭാഷകള്‍ അടിച്ചമര്‍ത്തിയാല്‍ നാട്ടറിവുകളും സാംസ്‌ക്കാരിക മൂല്യങ്ങളും ഇല്ലാതാകും. ഇന്ത്യയില്‍ ഹിന്ദിയ്ക്ക് ഒരു മേല്‍ക്കോയ്മയുണ്ട്. 30 ശതമാനം പേര്‍ ഹിന്ദി സംസാരിക്കുന്നു. എന്നാല്‍ 70 ശതമാനം പേര്‍ സംസാരിക്കുന്നത് മറ്റ് ഭാഷകളാണ്.
ലോകത്തുള്ള ഭാഷകള്‍ വെല്ലുവിളികള്‍ നേരിടുകയാണ്. ലോകത്താകെയുള്ള 6000 ഭാഷകളില്‍ പകുതിയും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇല്ലാതാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇന്ത്യയില്‍ മാത്രം 197 ഭാഷകള്‍ അസ്തമിക്കാറായി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഭാഷകള്‍ നശിക്കുന്നത്. 191 ഭാഷകള്‍ അമേരിക്കയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
എഴുത്തച്ഛന്‍ പുരസ്‌ക്കാരം അമ്മയ്ക്കും ചേന്ദമംഗലത്തെ ജനകീയ വായനശാല യ്ക്കും സമര്‍പ്പിക്കുന്നുവെന്ന് സേതു പറഞ്ഞു. പുരസ്‌ക്കാരം ലഭിച്ചതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വായനയിലൂടെ ലഭിച്ച അടിത്തറയാണ് തന്റെ ജീവിതത്തില്‍ പല തീരുമാനങ്ങള്‍ എടുക്കുന്നതിനും ധൈര്യം പകര്‍ന്നതെന്നും സേതു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.