ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം; രണ്ടാം ദിനത്തിൽ സന്ദർശകരുടെ ഒഴുക്ക്
text_fieldsഷാർജ: അക്ഷരങ്ങളെ സ്നേഹിക്കുന്നവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം ദിനമായ വ്യാഴാഴ്ച സന്ദർശക പ്രവാഹം. രാവിലെ മുതൽ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലെ സ്കൂളുകളിൽനിന്ന് നേരിട്ട് വിദ്യാർഥികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. കുട്ടികൾ എത്തിയതോടെ രാവിലെ മുതൽ സ്റ്റാളുകളും പവിലിയനുകളും സജീവമായി.
കുട്ടികൾക്കുവേണ്ടിയുള്ള പുസ്തകങ്ങൾ പ്രദർശിപ്പിച്ച സ്റ്റാളുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതോടൊപ്പം അധ്യാപകർ വിവിധ പ്രദർശനങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. അക്ഷരങ്ങളുടെയും വായനയുടെയും പൂർവകാലവും ചരിത്രവും വിവരിക്കുന്ന പ്രദർശനങ്ങൾ ആകാംക്ഷാപൂർവമാണ് കുട്ടികൾ സന്ദർശിച്ചത്.
മിക്ക രക്ഷിതാക്കളും വിദ്യാർഥികളും ധാരാളം പുസ്തകങ്ങൾ വാങ്ങിയാണ് വേദിയിൽനിന്ന് മടങ്ങിയത്. അറബ്, ഇംഗ്ലീഷ് പുസ്തകങ്ങൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെത്തിയത്. മലയാളം പുസ്തകശാലകൾ അണിനിരന്ന ഹാൾ നമ്പർ-7ലും രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടു.
പ്രവൃത്തിദിനമായതിനാൽ വൈകുന്നേരത്തോടെയാണ് പൊതുജനങ്ങളുടെ തിരക്ക് വർധിച്ചത്. മുൻ വർഷങ്ങളിലേതിന് സമാനമായി വിവിധ വേദികളിൽ പരിപാടികളും പുസ്തക പ്രകാശനങ്ങളും വ്യാഴാഴ്ച മുതൽതന്നെ സജീവമായിട്ടുണ്ട്. സാംസ്കാരിക ചടങ്ങുകളിലും സംവാദ സദസ്സുകളിലും പങ്കെടുക്കാൻ നേരത്തേ രജിസ്റ്റർ ചെയ്ത് തന്നെ നിരവധി പേരെത്തിയിരുന്നു.
‘സമൂഹമാധ്യമങ്ങളുടെ പങ്ക്, ഇൻഫ്ലുവൻസർമാരുടെ സംസ്കാരം, സാമൂഹിക സ്വാധീനങ്ങൾ’ എന്ന വിഷയത്തിൽ ഫോറം മൂന്നിലും ‘ഡിജിറ്റൽ കാലത്ത് മാറുന്ന സാഹിത്യ ഏജൻറുമാരുടെ പങ്ക്’ വിഷയത്തിൽ ഫോറം ഒന്നിലും പ്രത്യേക സെഷനുകൾ അരങ്ങേറി. വെള്ളിയാഴ്ച ‘ആഫ്രോഫ്യൂച്ചറിസം-ബ്ലാക് സ്വത്വത്തെയും സംസ്കാരത്തെയും സമകാലിക സാഹിത്യത്തിൽ പുനരന്വേഷിക്കുമ്പോൾ’, ‘ആർട്ട് ഓഫ് ഗോൾ സെറ്റിങ് ആൻഡ് ലീഡർഷിപ്’ എന്നീ വിഷയങ്ങളിൽ പ്രത്യേക സെഷനുകൾ നടക്കും.
പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഷാർജ പുസ്തകോത്സവം വെബ്സൈറ്റിൽ നേരത്തേ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
മലയാളികളുടെ സംഗമവേദിയായ റൈറ്റേഴ്സ് ഫോറത്തിൽ നിരവധി പുതിയ പുസ്തകങ്ങളുടെ പ്രകാശനം വ്യാഴാഴ്ച അരങ്ങേറി. വെള്ളിയാഴ്ചയും കഥ, കവിത, ജീവചരിത്രം തുടങ്ങിയ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങൾ പ്രകാശിതമാകുന്നുണ്ട്. വാരാന്ത്യ അവധി ദിനങ്ങൾ കൂടിയായതിനാൽ അടുത്ത ദിവസങ്ങളിൽ നിരവധി സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അറബ് ലോകത്തിന്റെ പുറത്തുനിന്ന് ഏറ്റവും കൂടുതൽ പ്രസാധകർ ഇത്തവണയുമെത്തിയത് ഇന്ത്യയിൽനിന്നാണ്. യു.കെ, തുർക്കിയ എന്നിവയാണ് തൊട്ടുപിന്നിലായുള്ളത്. ഇന്ത്യയിൽ നിന്ന് ഹിന്ദി, തമിഴ്, കന്നട തുടങ്ങിയ ഭാഷകളിലെ പുസ്തക പ്രസാധകരും ഇത്തവണ ഇടംപിടിച്ചിട്ടുണ്ട്.
അടുത്ത ദിവസങ്ങളിൽ ഇന്ത്യയിൽനിന്ന് നീന ഗുപ്ത, നിഹാരിക എന്‍.എം, കരീന കപൂര്‍, അജയ് പി. മങ്ങാട്ട്, ഐ.എസ്.ആര്.ഒ ചെയര്മാന് എസ്. സോമനാഥ്, കാജോള്‍ ദേവ്ഗൺ, ജോയ് ആലുക്കാസ്, യാസ്മിന് കറാച്ചിവാല, അങ്കുര്‍ വാരികൂ, സുനിത വില്യംസ്, മല്ലിക സാരാഭായ്, ബര്‍ഖ ദത്ത്, ഡോ. മുരളി തുമ്മാരുകുടി തുടങ്ങിയവരുമെത്തും.
റൈറ്റേഴ്സ് ഫോറത്തിൽ ഇന്ന്
വൈകു. 4.00-4.25
-പുസ്തക പ്രകാശനം (അമല, വിഭൂതി -രാജൻ അഴീക്കോടൻ)
-പുസ്തക പ്രകാശനം (വീണ്ടും പകൽ -ഉണ്ണികൃഷ്ണൻ അണിഞ്ഞ)
-പുസ്തക പ്രകാശനം (സീബ്രാലൈൻ, ഓട്ടിസം -ജയദേവൻ പി.വി)
വൈകു. 4.30-4.55
-പുസ്തക പ്രകാശനം (കഥ പറയുന്ന കാലങ്ങൾ)
-പുസ്തക പ്രകാശനം (ഉന്മാദിയുടെ എഴുത്തുമുറി -അംബുജം ടീച്ചർ)
വൈകു. 5.00-05.25
-പുസ്തക പ്രകാശനം (മ്രന്ത ഓഫ് ദ ഒപ്രസ്ഡ് -മുജീബ് ജൈഹൂൻ)
വൈകു. 5.30-5.55
-പുസ്തക പ്രകാശനം (ഇറ്റ്സ് യസ്റ്റർഡെ ഒൺസ് എഗൈൻ -സുകേഷ് പിള്ള)
വൈകു. 6.00-6.25
-പുസ്തക പ്രകാശനം (വൈദ്യർസ് മൻസിൽ -നിഖില സമീർ)
വൈകു. 6.30-6.55
-പുസ്തക പ്രകാശനം (വിശപ്പന്നമാക്കിയവർ -കിരൺ ബിസു)
രാത്രി. 7.00-7.25
-പുസ്തക പ്രകാശനം (ലായം -സബീന എം. സാലി)
രാത്രി. 7.30-7.55
-പുസ്തക പ്രകാശനം (വിശുദ്ധ ഖുർആനും ആധുനിക ശാസ്ത്രവും -ആയിഷ ബിൻത് അബ്ദുല്ല)
രാത്രി. 8.30-8.55
-പുസ്തക പ്രകാശനം (രാക്കിളിപ്പേച്ച് -ജാസ്മിൻ ശമീർ)
രാത്രി. 9.00-9.25
-പുസ്തക പ്രകാശനം (കനൽ വഴികളിലൂടെ -സി. ദിവാകരൻ)
രാത്രി. 9.30-9.55
-പുസ്തക പ്രകാശനം (ആർ.പി.ആർ നായർ -ആർ.കെ രവി)
-പുസ്തക പ്രകാശനം (മഴവില്ലിന് പുറകെ -റെജി കളത്തിൽ)
രാത്രി. 10-10.25
-പുസ്തക പ്രകാശനം
(സമ്പൂർണ കഥകൾ, ദായിശ് -കെ.എം അബ്ബാസ്)
രാത്രി. 10.30-11.00
-പുസ്തക പ്രകാശനം (നാചുർസ് അലീസ് -മർവ സജ്ജാദ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.