സൈനുദ്ദീൻ മഖ്ദൂം വിദേശ ഭാഷപഠന കേന്ദ്രം; ജനുവരിയിൽ പ്രവർത്തനമാരംഭിക്കും
text_fieldsപൊന്നാനി: ആസ്ഥാനമായി ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ നാമധേയത്തില്‍ വിദേശ ഭാഷാപഠന കേന്ദ്രം ജനുവരിയിൽ പ്രവർത്തനമാരംഭിക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ കീഴിൽ ആരംഭിക്കുന്ന ഏഴ് മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നായാണ് കേരള ലംഗ്വേജ് നെറ്റ് വർക്കിന്റെ ഭാഗമായി സെൻറർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ പൊന്നാനിയിൽ വിദേശഭാഷ പഠനകേന്ദ്രം ആരംഭിക്കുന്നത്.
വിദേശരാജ്യങ്ങളിൽ തൊഴിലന്വേഷിക്കുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്മാരക സെൻറർ ഫോർ ഫോറിൻ ലാംഗ്വേജസ് ആൻഡ് ട്രാൻസ്ലേഷൻ സ്റ്റഡീസ് എന്ന പേരിലുള്ള സ്ഥാപനം ഈശ്വരമംഗലത്തെ ഐ.സി.എസ്.ആർ കെട്ടിടത്തിലാണ് പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ അറബിക്, ജർമൻ ഭാഷകളിലും തുടർന്ന് സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലുമുള്ള കോഴ്സുകളാണ് സംഘടിപ്പിക്കുന്നത്.
കേരള ലാംഗ്വേജ് നെറ്റ്വർക്ക്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ, സെൻറർ ഫോർ കണ്ടിന്യൂയിങ്ങ് എജുക്കേഷൻ കേരള എന്നീ ഏജൻസികളുടെ സംയുക്ത സംരംഭമായ ഈ കേന്ദ്രത്തിലെ കോഴ്സുകളുടെ ഘടന, ഫീസ്, പരീക്ഷ, സർട്ടിഫിക്കേഷൻ എന്നിവ നിശ്ചയിക്കുന്നത് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയായിരിക്കും.
ഭാവിയിൽ വിദേശ സർവകലാശാലകളുമായി സഹകരിക്കാനുള്ള പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. കേരളത്തെക്കുറിച്ചുള്ള ആധികാരിക ചരിത്രരചനക്ക് തുടക്കം കുറിക്കുകയും നിരവധി അധിനിവേശ വിരുദ്ധ കൃതികള്‍ രചിക്കുകയും ചെയ്ത ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന് അര്‍ഹമായ ആദരവ് നല്‍കാനാണ് കേരള സര്‍ക്കാറിന്റെ തീരുമാനം. ചരിത്രകാരനും കവിയും മതപണ്ഡിതനും സൂഫിവര്യനുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന് പൊന്നാനിയില്‍ സ്മാരകം നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
സ്മാരകം നിർമിക്കാൻ 50 ലക്ഷം രൂപ കഴിഞ്ഞ സർക്കാറിന്റെ അവസാന ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ, ഇതിപ്പോൾ കടലാസിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. മഖ്ദൂമിയ ട്രസ്റ്റിന് കീഴിലുള്ള പൊനാനിയിലുള്ള ‘ദാഇറ’ കെട്ടിടം സ്മാരകം നിർമിക്കാൻ വിട്ട് കൊടുക്കാം എന്നായിരുന്നു തുടക്കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട രേഖകൾ സർക്കാറിന് സമർപ്പിക്കുന്നതിൽ ആശയക്കുഴപ്പം ഉടലെടുത്തതോടെയാണ് മഖ്ദൂം സ്മാരക നിർമാണം അനന്തമായി നീളുകയാണ്. ഒന്നാം സൈനുദ്ദീൻ മഖ്ദൂമിന്റെ വീട് പൊളിച്ചാണ് ഈ ദാഇറ നിർമിച്ചിരുന്നത്.
സൈനുദ്ദീൻ മഖ്ദും താമസിച്ച പഴയ വീടിന്റെ അടുക്കളയുടെ ചുമര് മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരെ തൂലിക പടവാളാക്കുകയും പൊന്നാനിയുടെ ഇസ്ലാമിക പ്രഭ ലോകമെങ്ങുമെത്തിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്ത പണ്ഡിതനാണ് സൈനുദ്ദീന്‍ മഖ്ദൂം. പൊന്നാനിയിലെ മുൻ എം.എല്‍.എയും കഴിഞ്ഞ തവണത്തെ നിയമസഭാ സ്പീക്കറുമായിരുന്ന പി. ശ്രീരാമകൃഷ്ണന്റെ പ്രത്യേക താല്പര്യമാണ് സ്മാരക മന്ദിരത്തിനുള്ള നീക്കങ്ങള്‍ പുരോഗമിക്കാന്‍ ഇടയാക്കിയത്.
പഠന കേന്ദ്രം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പി. നന്ദകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മലയാള സർവകലാശാലയെ പ്രതിനിധീകരിച്ച് വൈസ് ചാൻസലർ ഡോ. എൻ. സുഷമ, രജിസ്ട്രാർ ഇൻചാർജ് കെ.എം. ഭരതൻ, ഭാഷ വിഭാഗം അധ്യാപകനായ ഡോ. കെ.എം. അനിൽ, എന്നിവരും ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ പ്രതിനിധീകരിച്ച് റിസർച് ഓഫിസർമാരായ ഡോ. കെ. സുധീന്ദ്രൻ, പി.എം. മനുലാൽ എന്നിവരും ഐ.സി.എസ്.ആറിനെ പ്രതിനിധീകരിച്ച് കോഓഡിനേറ്റർ കെ. ഇമ്പിച്ചിക്കോയയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.