ചെറുകഥ: ഭയം
text_fieldsആർത്തുവിളിച്ച് വരുന്ന ജനക്കൂട്ടത്തിന് മുന്നിലൂടെ അയാൾ പിന്തിരിഞ്ഞു നോക്കാതെ നിലവിളിച്ചുകൊണ്ടോടി. ഒന്നുരണ്ടു പ്രാവശ്യം തല്ലിയലച്ചു വീണു. പിടഞ്ഞെണീറ്റു വീണ്ടുമോടി. റോഡിൽ നിറയെ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ. പെട്ടെന്നുണ്ടായ ഉഗ്രസ്ഫോടനത്തിൽ അയാൾ തലയടിച്ചു വീണു. ശരീരമാകെ പുകഞ്ഞു നീറുന്നു. അവസാന ശ്വാസത്തിനായി കണ്ണുകൾ തുറിച്ചു.
‘അമ്മേ’ എന്നൊരലർച്ചയോടെ അയാൾ ഉറക്കത്തിൽനിന്ന് ചാടിയെണീറ്റു. ഭാര്യ ഞെട്ടിയെഴുന്നേറ്റു ലൈറ്റിട്ടു. ‘ആ കാണും, ദുഃസ്വപ്നങ്ങൾ കണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. അമ്മാതിരിയല്ലേ എഴുതിക്കൂട്ടി വെച്ചിരിക്കുന്നത്. ദേ ഒന്നു ഞാൻ പറയാം. എഴുതിയെഴുതി കുടുംബം അനാഥമാക്കരുത്. ഒരു പട്ടിയും കാണില്ല തിരിഞ്ഞുനോക്കാൻ’.
ശരിയാണ് അവൾ പറഞ്ഞത്. ഇതിപ്പോൾ രണ്ടാം തവണയാണ്. ഒരു രാഷ്ട്രീയപാർട്ടിയെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടതാണ്. വിമർശനം അൽപം കടന്നുപോയി എന്നത് നേരാണ്. എത്രയെത്ര വധഭീഷണികളാണ് വന്നത്, മെസഞ്ചറിലും വാട്സ്ആപ്പിലും നേരിട്ടു വിളിച്ചുകൊണ്ടും.. രണ്ടേ രണ്ടു മണിക്കൂർ മാത്രം. ഭീഷണികൾ പ്രവഹിക്കാൻ തുടങ്ങിയതോടെ പോസ്റ്റ് താൻ നീക്കം ചെയ്തതാണ്. എന്നിട്ടും ആളുകളുടെ കലിയടങ്ങിയിട്ടില്ല.
അയാൾ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ട സ്വപ്നം സത്യമാവുമോ.. ബോംബാക്രമണത്തിലാണോ താൻ കൊല്ലപ്പെടുക.. അതോ വെട്ടുകത്തി, വടിവാൾ, കഠാര തുടങ്ങിയവയിൽ ഏതെങ്കിലുമാവുമോ തന്റെ ജീവനെടുക്കുന്നത്. കണ്ണടക്കാൻ കഴിയുന്നില്ല, ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുന്ന ആൾക്കൂട്ടമാണ് മുന്നിൽ. ഒരുവിധേന അയാൾ നേരം വെളുപ്പിച്ചു. കൂട്ടുകാരെ വിളിച്ചു പാടത്തിനപ്പുറമുള്ള ജങ്ഷനിൽ കാണണമെന്നു പറഞ്ഞു. അവർ മൂന്നുനാലു പേരുണ്ട്. ‘നീ വിഷമിക്കാതെ, എഴുതിയതെല്ലാം സത്യമല്ലേ.. പിന്നെന്തിന് ഭയക്കണം?’. ഒരുവൻ പറഞ്ഞു. ‘ആ അതാണ് ഭയക്കേണ്ടത്. എഴുതിയതെല്ലാം സത്യങ്ങളാണ്. ഇക്കാലത്ത് അപ്രിയ സത്യങ്ങളിങ്ങനെ വിളിച്ചുപറയാൻ പാടുണ്ടോ? നീയൊന്ന് സൂക്ഷിക്കുന്നത് നല്ലതാണ്’. രണ്ടാമന്റെ അഭിപ്രായം. മൂന്നാമൻ അത് ശരിവെച്ചു. ‘സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് ഇന്നുതന്നെ മാറണം. തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും അതായിരിക്കും നല്ലത്. എന്താവശ്യത്തിനും ഞങ്ങൾ കൂടെയുണ്ട്’. അയാളും ആ തീരുമാനം അംഗീകരിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞു. വലിയ കോലാഹലങ്ങളൊന്നും പിന്നീടുണ്ടായില്ല. പോസ്റ്റിനെ തുടർന്നുണ്ടായ തീയും പുകയും കെട്ടടങ്ങി. അയാൾ പതുക്കെ വീട്ടിലേക്ക് തിരിച്ചുചെന്നു. പെരുമഴ പെയ്തു തോർന്ന ആശ്വാസം ആ മുഖത്തുണ്ടായിരുന്നു.
‘എത്ര നാളുകളായി എന്തെങ്കിലുമൊന്ന് എഴുതിയിട്ട്’, കുളി കഴിഞ്ഞു. ഭാര്യ കൊണ്ടുവന്ന കടുപ്പത്തിലുള്ള ചായ ആസ്വദിച്ചുകൊണ്ട് അയാൾ ആലോചിച്ചു. പിന്നെ ഒട്ടും അമാന്തിച്ചില്ല. പേനയും പേപ്പറുമെടുത്ത് ചാരുകസേര കൈവരിയോട് ചേർത്തിട്ടുകൊണ്ട് അയാൾ എഴുതാനിരുന്നു. പെട്ടെന്നായിരുന്നു അവളുടെ രംഗപ്രവേശം. ‘അനുഭവിച്ചതൊന്നും കൊണ്ട് പഠിച്ചില്ല അല്ലേ.. ദൈവത്തെയോർത്ത് നിങ്ങളിനി എഴുതരുത്. എന്റെ കുഞ്ഞുങ്ങളെ അച്ഛനില്ലാത്തവരാക്കരുത്. എന്റെ അപേക്ഷയാണ്.’ കൈയിലെടുത്ത പേന അയാളുടെ വിരലുകൾക്കിടയിലൂടെ ഊർന്ന് താഴെവീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.