മടമാന്തിമുയൽ
text_fieldsപി.രഘുനാഥ്
എവിടെച്ചെന്നാലും രാജപ്പന് ഫുഡിന്റെ കാര്യത്തിൽ വെറൈറ്റി നിർബന്ധമാണ്. സാധാരണ രീതിയിലുള്ള ഇഡലി, ദോശ, പൊറോട്ട, ചപ്പാത്തി ബീഫ്, ചിക്കൻ എന്നിവയൊക്കെ മെനുകാർഡ് നോക്കി പുതിയ ഐറ്റംസ് ഒന്നും ഇല്ലെങ്കിൽ മാത്രമേ ഓർഡർ ചെയ്യുകയുള്ളൂ. അറ്റ്ലീസ്റ്റ് ഷവർമയോ കുഴിമന്തിയോ ചിക്കൻ പൊട്ടിത്തെറിച്ചതോ ഇല്ലെങ്കിൽ എന്തു ഹോട്ടൽ എന്തു ഫുഡ് എന്നാണ് രാജപ്പന്റെ ഒരു ലൈൻ. എവിടെച്ചെന്നു ഫാസ്റ്റ്ഫുഡ് അടിച്ചു കയറ്റിയാലും ശരി ശേഷം തലനാരിഴ കീറി ഒരു വിശകലനവും ആസ്വാദന കുറിപ്പുമുണ്ട്. മിക്കപ്പോഴും വദനഗ്രന്ഥത്തിൽ കയറ്റിവിട്ടാലേ തൃപ്തിയാകുകയുള്ളൂ. തന്റെ അത്തരം കുറിപ്പുകളിലൂടെ മിക്ക ഹോട്ടൽസും ലോക്ക്ഡൌൺ ആകുമെന്നാണ് രാജപ്പന്റെ വിശ്വാസം.
കൂട്ടുകാർ രാജപ്പനെക്കൊണ്ട് പൊറുതിമുട്ടിയെങ്കിലും എന്തിനോ വേണ്ടി തിളക്കുന്ന രസം പോലെ സഹിച്ചുപോന്നു. ഒരിക്കൽ നല്ലൊരു പണി കൊടുത്തിട്ടു തന്നെ കാര്യം എന്നവർ ഉള്ളിനുള്ളിൽ നാക്കിലയിൽ പൊതിഞ്ഞുവെച്ച ശർക്കരയിട്ട അരിയട കണക്കെ ആവികൊള്ളിച്ചു വെച്ചു. അങ്ങനെയിരിക്കെ അതിനുള്ള സമയം സമാഗതമായെന്ന് കരളുകളായ രണ്ടു കൂട്ടുകാർ തീരുമാനിച്ചുറപ്പിച്ചൂ. ഒരു സൺഡേ ഈവെനിംഗിന് ഫുഡടിക്കാൻ പൊളിയൊരു ഹോട്ടൽ കിട്ടിയിട്ടുണ്ടെന്നു പറഞ്ഞു അവർ രാജപ്പനെ കൂട്ടി ഉള്ളേരിയയിലുള്ള ഒരു ലൊക്കേഷനിലേക്ക് വിട്ടു. ടൗണിൽ നിന്നൊക്കെ നീങ്ങി കപ്പയും മരച്ചീനിയുമൊക്കെ വിളഞ്ഞു നിൽക്കുന്ന കൃഷിയിടം പിന്നിട്ട് ഒതുക്കത്തിൽ ഒരിടത്ത് അത്യാവശ്യം സൗകര്യമുള്ള ഒരു ഹോട്ടൽ. ഹോംലി ഫുഡ് എന്നും ഫാസ്റ്റ് ഫുഡ് എന്നുംതരംപോലെ പറയാം. എന്തായാലും വലിയ തിരക്കൊന്നുമില്ലാത്ത ആ സെറ്റപ്പ് രജപ്പനങ്ങു പിടിച്ചെന്ന് പറഞ്ഞാൽ മതിയല്ലോ. ആദ്യം തന്നെ ഓർഡർ എടുക്കാൻ വന്ന പയ്യനെ ഒന്ന് വിരട്ടി.
"എന്താ ഇവിടുത്തെ സ്പെഷ്യൽ ഐറ്റം..."
പയ്യൻ മെനുവില്ലാതെ തന്നെ സ്വയം ഓപ്പണറായി. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ പോരാ എന്ന മട്ടിൽ രാജപ്പൻ ഒട്ടൊരു നിരാശയോടെ തലയിളക്കി.
"ഇതൊക്കെ എല്ലായിടത്തും കിട്ടുന്നതല്ലേ. സ്പെഷ്യൽ എന്നു ഞാൻ ഉദ്ദേശിച്ചത് മറ്റൊരിടത്തും കിട്ടാത്ത ഇവിടെ മാത്രം ഉള്ള വല്ലതും ഉണ്ടോ എന്നാണ്. ഇതൊക്കെ കഴിക്കാൻ ഇവിടെ വരണോ."
പയ്യൻ ഒന്ന് സംശയിച്ചു. രാജപ്പന്റെ ലിവേഴ്സ് പയ്യനെ ഐ വിഷൻ കൊണ്ടൊന്നു തോണ്ടി. ഓൺ ടൈം എത്തിയെന്നു പയ്യനും നിരീച്ചു.
"ഉണ്ട് സാർ. ഇവിടെ മാത്രം അവൈലബിൾ ആയ ഒരു വെറൈറ്റി ഐറ്റം ഉണ്ട്."
"ങ്ഹാ പോരട്ടെ , എന്താ അത്.." രാജപ്പന്റെ ഇന്ററെസ്റ്റ് കൂടി.
"മടമാന്തിമുയൽ..."
"മടമാന്തിമുയലോ..."
ഒന്ന് അമ്പരന്നു. കുഴിമന്തിക്കു പിന്നാലെ ഇങ്ങനെ ഒരു ഐറ്റം കൂടി വന്നിട്ടുണ്ടോ. റിലേ കിട്ടാൻ ലേറ്റായല്ലോ. പിന്നെ ഡൗട്ടടിച്ചില്ല. ഓർഡർ കൊടുത്തു.
"പോരട്ടെ മടമാന്തി.."
" മടമാന്തിമുയൽ ഫ്രൈ വേണോ അതോ മടമാന്തിമുയൽ റോസ്ട് വേണോ"
"രണ്ടും ഓരോ പ്ലേറ്റ് ആയിക്കോട്ടെ. കുറക്കണ്ട. ഏതാണ് നന്നായിരിക്കുന്നെ എന്നറിയാലോ. "
"സാറെ, മടമാന്തിമുയൽ ആവാൻ അല്പം താമസം ഉണ്ടാകും. ഓർഡർ അനുസരിച്ചു ഫ്രഷ് ആയിട്ടാണ് ഉണ്ടാക്കുക."
"എത്ര നേരം എടുക്കും."
"അങ്ങനെ കൃത്യം ഒരു സമയം പറയാൻ പറ്റില്ല. കൂട്ടിൽ വന്നു കയറുന്നതുപോലിരിക്കും. ചെലപ്പോ പെട്ടെന്ന് കയറും ചെലപ്പോ ഇത്തിരി വൈകും. ഭാഗ്യം പോലിരിക്കും."
"എത്ര വൈകിയാലും ഇന്ന് മടമാന്തി തിന്നിട്ടെ പോകുന്നുള്ളൂ. നിങ്ങക്കൊ?" രജപ്പൻ കരളന്മാരേ നോക്കി.
" ഓ ഞങ്ങക്ക് ബീഫ് ഫ്രൈയും പൊറോട്ടയും മതി."
അവർ സ്ഥിരം കേരളത്തിന്റെ ദേശീയ ഫുഡിൽ വിനീത വിധേയരായി. മുമ്മൂന്ന് പൊറോട്ടയും ഒന്നര പ്ളേറ്റ് ബീഫ് ഫ്രൈയും കഴിച്ചു കഴിഞ്ഞിട്ടും രാജപ്പനുള്ള മടമാന്തിമുയൽ തരങ്ങൾ എത്തിയില്ല. ക്ഷമകെട്ടു. ആ വഴി കടന്നുപോയപ്പോഴൊക്കെ ഓർഡർ പയ്യൻ ഇപ്പൊ ശരിയാക്കിത്തരാം എന്നു പറഞ്ഞു നടന്നു. അവസാനം ഇരിപ്പുറക്കാതായപ്പോൾ രാജപ്പൻ ചുറ്റും ഒന്ന് നടന്നു വരാമെന്നു കരുതി എഴുന്നേറ്റു. നടന്നു നടന്നു ഒരിക്കലും എത്താൻ പാടില്ലാത്ത ഹോട്ടലിന്റെ പിന്നാമ്പുറകഥകളിരിക്കുന്നിടത്ത് എത്തിപ്പെട്ടു. അവിടെ കണ്ണെത്താ ദൂരത്ത് കപ്പത്തോട്ടം വിളഞ്ഞു നിന്നിരുന്നു. നല്ല വിളഞ്ഞ കപ്പകൾ തന്നെ എന്നു ഒറ്റനോട്ടത്തിൽ മനസ്സിലായി.
ഓപ്പൺ എയറിൽ നിന്ന് ഒന്നിന് പോയേക്കാം എന്നു കരുതി രാജപ്പൻ കൊള്ളിത്തോട്ടത്തിലേക്കൊന്ന് ഇറങ്ങിയതാണ്. മുന്നിലെ ഇടതൂർന്ന കപ്പകാടിനുള്ളിൽ ഒരു തമിഴൻ പയ്യൻ എന്തിനോ വേണ്ടി അത്യധികം ജാഗ്രതയോടെ ഇരിക്കുന്നത് കണ്ടു. ശബ്ദമുണ്ടാക്കിവരുന്ന രാജപ്പനോട് കൈ കാണിച്ചു മിണ്ടരുതെന്നും മെല്ലെ നടക്കാനും ആംഗ്യം കാണിച്ചു. സംഗതിയുടെ രഹസ്യസ്വഭാവം എന്തെന്നറിഞ്ഞില്ലെങ്കിലും രാജപ്പൻ സ്ലോവാക്കി പതുങ്ങി നിന്നു. അല്പം കഴിഞ്ഞപ്പോൾ വിളഞ്ഞു നിന്ന ഒരു കൊള്ളിക്കടയുടെ അടി തുരന്നുപോയിരുന്ന പൊത്തിൽ നിന്ന് ഒരു ചിരപരിചിതൻ മുകളിലേക്ക് കയറിവന്നു. ചുറ്റും ഒന്ന് നോക്കി സുരക്ഷിതമാണെന്ന് ഉറപ്പിച്ചു നേരെ മുന്നിൽ കണ്ട പഴക്കഷണത്തിലേക്ക് മറ്റൊന്നും ആലോചിക്കാതെ പമ്മിയടുത്തു. ക്ടിം എന്നൊരു ശബ്ദവും ഒപ്പം തന്നെ 'കെടച്ചാച് , കെടച്ചാച്, കെടച്ചാച്' എന്നൊരു ആഹ്ലാദശബ്ദവും പയ്യനിൽ നിന്നുണ്ടായി. തന്നെ വകഞ്ഞുമാറ്റി ഓടാൻ നിന്ന പയ്യനെ തടഞ്ഞു നിർത്തി രാജപ്പൻ ചോദിച്ചു.
"എന്നാ തമ്പി ഇത്..."
"മടമാന്തിമുയൽ...ഫ്രൈ ആന്ന റൊമ്പ ടേസ്റ്റ്...ഓർഡർ ഇറക്കേ..ശീക്രം പോകട്ടുമാ.."
മറ്റൊന്നിനും നേരമില്ലാത്ത മട്ടിൽ പയ്യൻ കിട്ടിയ വേഗത്തിൽ മടടമാന്തിയേയും വഹിച്ചുള്ള ഇരുമ്പുകൂടുമായി ഓടി. രാജപ്പന്റെ മൂത്രക്കുഴലിലൂടെ ഇറങ്ങിവന്നിരുന്ന മൂത്രം അതേപടിതന്നെ മുകളിലേക്ക് കയറിപ്പോയി. ഒരു മിനിറ്റുപോലും വേസ്റ്റാക്കാതെ മുന്നിൽ കണ്ട വഴിയിലൂടെ രാജപ്പനും വണ്ടി വിട്ടു. നിന്നത് കൃത്യം വീടിനുമുന്നിൽ എത്തിയപ്പോഴാണ്. അവിടെയാകട്ടെ, തലേന്ന് രാത്രിയിൽ പഴക്കഷണം തിന്നാൻ ആർത്തി മൂത്തു വന്നു കെണിയിൽ കുടുങ്ങിയ മറ്റൊരു മടമാന്തിമുയൽ പഠിച്ച പണി പതിനെട്ടും പയറ്റി രക്ഷപെടാൻ ആവില്ലെന്നറിഞ്ഞു തളർന്നു ക്ഷീണിച്ച് ദയനീയമായി തനിക്കുള്ള സമയരഥം കാത്ത് കിടപ്പുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.