‘ബ്രിട്ടോ അറിഞ്ഞോ; മലയാളത്തിന്റെ മഹാ എഴുത്തുകാരൻ എം.ടി. നിത്യ മൗനത്തിലാണ്ട വിവരം...’
text_fieldsസൈമൺ ബ്രിട്ടോവുമൊത്തുളള ഓർമ്മകൾ ഭാര്യ സീനാ ഭാസ്കർ എഴുതുകയാണ്. ‘ബ്രിട്ടോ അറിഞ്ഞോന്തോ ; മലയാളത്തിൻ്റെ മഹാ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ പേനയും എഴുത്തും ഉപേക്ഷിച്ച് നിത്യ മൗനത്തിലാണ്ട വിവരം. ഫേസ് ബുക്ക് പേജിലൂടെയാണ് വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്. ബ്രിട്ടോ യാത്രയായിട്ട് ആറു വർഷങ്ങളായി. ‘ഇനിയും പുറംലോകം കാണാനാകാതെ ബ്രിട്ടോയുടെ ‘നാലര മാസം ഭാരത പര്യടനം, നിയമസഭാപ്രസംഗങ്ങൾ, ചില ഓർമ്മക്കുറിപ്പുകൾ എന്നീ പുസ്തകങ്ങളുടെ കൈയ്യെഴുത്തുപ്രതി കെട്ടിപ്പിടിച്ചു ജീവിക്കുന്ന ഞാനും നിലാവും... മോചനം വരും; വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ... പ്രിയ ബ്രിട്ടോ അങ്ങയുടെ ഓർമ്മകൾക്കു മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ’
കുറിപ്പ് പൂർണരൂപത്തിൽ
‘ബ്രിട്ടോ അറിഞ്ഞോന്തോ ; മലയാളത്തിൻ്റെ മഹാ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ പേനയും എഴുത്തും ഉപേക്ഷിച്ച് നിത്യ മൗനത്തിലാണ്ട വിവരം.
എം ടി. ഇനിയില്ലയെന്നറിഞ്ഞപ്പോൾ ; വിപ്ലവകാരിയായ ബ്രിട്ടോയിലൂടെ കടന്നുപോയ ചില സന്ദർഭങ്ങൾ ഈയവസരത്തിൽ ഓർത്തു പോയി. ഒരിക്കൽ യാദൃശ്ചികമായി തിരുവനന്തപുരത്തുവച്ച് എം ടി യെ കണ്ടപ്പോൾ ഒരു നിമിഷം അസ്തപ്രജ്ഞനായി പ്പോയി സീനേ... എന്നിട്ട് ഞാൻ അദ്ദേഹത്തോടു പറഞ്ഞു; ഇരുമ്പിളിയത്ത് ശശി മാഷും സുഭാഷ് ചന്ദ്രനും Subhash Chandran K R മറ്റ് SFI ക്കാരുമൊത്ത് കടവ് സിനിമ Shoot ചെയ്ത സ്ഥലത്തെ കുറിച്ച് പറയുകയും, ഞങ്ങളവിടെ കാണാൻ പോയപ്പോൾ ട്രെയിൻ കടന്നു പോകുന്നതും കണ്ടു എന്നു പറഞ്ഞപ്പോൾ എൻ്റെ കൈത്തണ്ടയിലമർത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു എഴുത്തുണ്ടെന്നറിയാം പക്ഷേ ഞാനൊന്നും വായിച്ചിട്ടില്ല. എന്നും എൻ്റെ കൈയ്യിൽ എൻ്റെ ഏതെങ്കിലും ബുക്ക് കാണാറുണ്ടായിരുന്നു പക്ഷേ അന്നദ്ദേഹത്തിന് കൊടുക്കാനുണ്ടായില്ല; എന്ന ചിന്ത വല്ലാതെ വേദനിപ്പിച്ചപ്പോൾ ; ബ്രിട്ടോയുടെ ഗൗരവമായ എഴുത്ത് അപകടത്തിനു ശേഷമായിരുന്നില്ലെ?ഞാനാണ് ഈയവസ്ഥയിലെങ്കിൽ ജീവിക്കാനാവുമായിരുന്നില്ല. മറുവാക്കു പറയാനാകാതെ നിറഞ്ഞ ചിരി സമ്മാനിച്ച ബ്രിട്ടോയോട് യാത്ര പറഞ്ഞു പിരിഞ്ഞത് ഒരു ചിത്രം പോലെ വിവരിക്കുന്നതായിരുന്നു മനസു നിറച്ചും...
മാത്രമല്ല ഇതുമായി ബന്ധപെട്ട പല ചിന്തകളും മനസിലൂടെ കടന്നുപോയി. പാലാ നാരായണൻ സാറിനെ കാണാൻ പോയതും, അദ്ദേഹത്തിനു പുസ്തകം സമ്മാനിച്ചപ്പോൾ ഞാൻ ഇതു മുഴുവൻ വായിച്ചിട്ട് സത്യസന്ധമായ അഭിപ്രായം പറയും വിഷമിക്കരുത്. തീർച്ചയായും പറയണം. അതായിരിക്കും എൻ്റെ മുന്നോട്ടുള്ള യാത്രയുടെ ഊർജ്ജം. അദ്ദേഹവും വായിച്ചിട്ട് അദ്ദേഹത്തിൻ്റെ സ്ക്രൈബായിരുന്ന Samji TV Puram ത്തോട് എഴുതി കൊടുത്തു. എത്ര മനോഹരമായ ക്രാഫ്റ്റ്. കേവലമൊരു രാഷ്ട്രീയക്കാരന് എങ്ങനെയിതു സാദ്ധ്യമായി എന്നതിശയിപ്പിക്കുന്നു. എഴുത്തു കണ്ട ബ്രിട്ടോ സാഹിത്യത്തിനുള്ള നോബൽ സമ്മാനം കിട്ടിയതുപോലെ ഊർജ്ജമുൾക്കൊണ്ടു കൊണ്ടാണ് രണ്ടാമത്തെ നോവലായ മഹാ രൗദ്രവും, നകുലിൻ്റെ നോട്ടുപുസ്തകവും എഴുതി തീർത്തത്.
ചന്ദ്രൻ്റെ മാളിക എഴുതിയിട്ട് ലീലാവതി ടീച്ചറിന് നൽകിയപ്പോൾ ടീച്ചറും പറഞ്ഞു. ബ്രിട്ടോ ഞാൻ വായിച്ചിട്ട് ഇതിനെ കുറിച്ചെഴുതും. 2017 ൽ (മാസം ഓർക്കുന്നില്ല ഞാൻ ) മലയാളം വാരികയിൽ ടീച്ചർ എഴുതി എത്ര മനോഹരമായ എഴുത്താണിത്. ബ്രിട്ടോയുടെ മാസ്റ്റർപീസ് വരാനിരിക്കുന്നതേയുള്ളൂവെന്നും ഞാനത് പ്രതീക്ഷിക്കുന്നുവെന്നും പിന്നീട് ബ്രിട്ടോയെ കണ്ടപ്പോൾ ടീച്ചർ പറഞ്ഞു...
2018 ഏപ്രിൽ മാസം 17-ാം തീയതി ബ്രിട്ടോയുടെ "മഞ്ഞുപെയ്യുന്ന ചരിത്രാങ്കം " നോവൽ തൃശൂർ സാഹിത്യാക്കാഡമി ഹാളിൽ വച്ച് പ്രകാശനം ചെയ്തത് മലയാളത്തിൻ്റെ മറ്റൊരു മഹാ എഴുത്തുകാരനായ സി. രാധാകൃഷ്ണനായിരുന്നു. ഈ നോവൽ പ്രകാശനം ചെയ്തു കൊണ്ടദ്ദേഹം പറഞ്ഞു മലയാള സാഹിത്യത്തിൽ ഇങ്ങനെയൊരു നോവൽ പിറന്നിട്ടില്ല. ഇന്ത്യാ ചരിത്രം ഒരു കഥാപാത്രമായി വരുന്ന രചന. ഞാനിതിനെ സംബന്ധിച്ചെഴുതുമെന്ന് സി രാധാകൃഷ്ണൻ പറഞ്ഞു സീനേ എന്നു പറയുമ്പോൾ ബ്രിട്ടോയുടെ കണ്ണുകളിലെ തിളക്കവും നിറഞ്ഞ ചിരിയും ഇന്നും എന്നും മനസിൽ നിറഞ്ഞുനിൽക്കുന്നു...
ആസ്വാദകനെ വശീകരിക്കുന്ന ക്രാഫ്റ്റ് മനസിൽ പതിഞ്ഞത് ചെറുതിലെയുള്ള വായനയും; വായിച്ചു കഴിഞ്ഞാൽ ചിലപ്പോൾ കഥാപാത്രമായി മാറും അല്ലെങ്കിൽ എഴുത്തുകാരനെ കുറിച്ചുള്ള ചിന്തയായിരിക്കും. അങ്ങനെയൊരുനാൾ ;ഹൈസ്കൂളിൽ പഠിക്കുമ്പോൾ "മയ്യഴിപ്പുഴയുടെ തീരം " എന്ന നോവൽ പലയാവർത്തി വായിച്ചു. എന്നിട്ട് ഒരു ദു:ഖവെള്ളിയാഴ്ച നാളിൽ പള്ളിയിൽ പോകാൻ ( യേശുവിൻ്റെ 12 ശിഷ്യന്മാരിൽ ഒരാളായിരുന്നു. പള്ളിലച്ചനാക്കാനുള്ള വീട്ടുകാരുടെ പരിശ്രമം)വീട്ടുകാർ കൊടുത്ത രണ്ടു രൂപയുമായി ആരോടും പറയാതെ മയ്യഴിപ്പുഴയിലെത്തി. ദാസനേയും കൗസുവിനേയും ചന്ദ്രികയേയും ലെസ്ലി സായ്വിനേയും അവിടെയൊക്കെ തെരഞ്ഞു . കാണാതായപ്പോൾ ഒടുവിൽ മുകുന്ദനെ അന്വേഷിച്ചു അദ്ദേഹത്തിൻ്റെ വീട്ടിലെത്തി. വിശന്നുവലഞ്ഞു വന്ന ചെക്കന് വയറു നിറയെ ഭക്ഷണം കൊടുത്തിട്ട് ; എഴുത്തുകാരൻ്റെ അച്ഛൻ മുകന്ദൻ ഇവിടെയില്ല മോനേ അങ്ങ് ഡൽഹിയിലാണ് എന്നു പറഞ്ഞപ്പോൾ അവിടന്നു മടങ്ങി മയ്യഴി പള്ളിയിലും പുഴയുടെ തീരത്തും അലഞ്ഞുതിരിഞ്ഞു നടന്ന വിദ്യാർത്ഥിയെ കുറിച്ച് അന്നത്തെ കലാകൗമുദിയിൽ ഫീച്ചറായി വരുകയും ചെയ്തിരുന്നു.
വെറുതേ ഇതൊക്കെ ആലോചിച്ചു പോയി ബ്രിട്ടോ. ഒരാൾ ഭൂമിയിൽ നിന്നും കയ്യൊപ്പു ചാർത്തി യാത്രയാവുമ്പോൾ പുഴുക്കളെ പോലെ ചീഞ്ഞ ഉച്ഛിഷ്ടം ഭുജിച്ച് മേനി നടിക്കുന്നവർ വായിൽ നിന്നും വൃത്തികേടുകൾ എഴുന്നള്ളിക്കുക പതിവായിരിക്കുന്നു. ബ്രിട്ടോയെ കുറിച്ച് വൃത്തികേടുകളെഴുന്നള്ളിച്ചപ്പോൾ ഹൃദയം പൊട്ടുന്ന വേദനയോടെ ഇതിനൊരു പരിഹാരത്തിനായി ചില തുറക്കാത്ത വാതിലുകൾ മുട്ടി...
അതുപോലെ കപട സദാചാരവുമായി വൃത്തികെട്ട ജന്മങ്ങൾ എം. ടി വാസുദേവൻ നായരെന്ന മലയാളത്തിൻ്റെ യശസിനു നേരയും തിരിഞ്ഞിരിക്കുന്നത് സഹിക്കാവുന്നതിലുമപ്പുറമാണ്... കാലമെത്ര കഴിഞ്ഞാലും ഈ ക്രിമിക്കുത്തുകൾ ഒപ്പമുണ്ടാകുമെന്ന തിരിച്ചറിവും നേടിയിരിക്കുന്നു...
ബ്രിട്ടോ യാത്രയായിട്ട് ആറു വർഷങ്ങൾ ... ഇനിയും പുറംലോകം കാണാനാകാതെ ബ്രിട്ടോയുടെ "നാലര മാസം ഭാരത പര്യടനം, നിയമസഭാപ്രസംഗങ്ങൾ, ചില ഓർമ്മക്കുറിപ്പുകൾ എന്നീ പുസ്തകങ്ങളുടെ കൈയ്യെഴുത്തുപ്രതി കെട്ടിപ്പിടിച്ചു ജീവിക്കുന്ന ഞാനും നിലാവും... മോചനം വരും; വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ... പ്രിയ ബ്രിട്ടോ അങ്ങയുടെ ഓർമ്മകൾക്കു മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ...✊🏿✊🏿✊🏿😢🫂
സീനാ ഭാസ്കർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.