കേന്ദ്രീകൃത മാലിന്യ സംസ്കരണം അഴിമതിയെന്ന് ബ്രഹ്മപുരം പഠിപ്പിക്കുന്നു - മേധ പട്കർ
text_fieldsതൃശൂർ: അശാസ്ത്രീയവും ആസൂത്രിതരഹിതവുമായ കേന്ദ്രീകൃത മാലിന്യ സംസ്കരണം അഴിമതിയിലേ കലാശിക്കൂവെന്ന പാഠമാണ് ബ്രഹ്മപുരം നൽകുന്നതെന്ന് പരിസ്ഥിതി - സാമൂഹിക പ്രവർത്തക മേധ പട്കർ. അന്തരിച്ച ഡോക്യുമെന്ററി സംവിധായകൻ കെ.പി. ശശിയുടെ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. എങ്ങനെ മാലിന്യം ഉണ്ടാകുന്നു, അത് എങ്ങനെ സംസ്കരിക്കണം തുടങ്ങിയ ചർച്ചകൾ നടക്കുമ്പോൾ കേന്ദ്രീകൃതമായി മാലിന്യം ശേഖരിക്കുന്നതിന്റെ ജനാധിപത്യ വിരുദ്ധ വശം തുറന്നു കാട്ടണം. വികേന്ദ്രീകൃത സംസ്കരണമാണ് ആവശ്യമെന്ന തിരിച്ചറിവ് വേണം. കേന്ദ്രീകൃതമായി ശേഖരിക്കലും നീക്കം ചെയ്യലും അഴിമതിക്കുള്ള മാർഗം കൂടിയാണ്.
വായുവും വെള്ളവും സംരക്ഷിക്കാൻ ഇന്നത്തെ ജീവിത രീതി മാറ്റണം. വികസന പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ആഘാത പഠനം നിർബന്ധമായും വേണ്ടിടത്ത് കോർപറേറ്റുകൾക്ക് വികസനത്തിന് തുറന്നിടാൻ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസി’ന് ഒഴുക്കില്ലെന്ന് പറഞ്ഞ് കേന്ദ്ര ഭരണാധിപന്മാർ അവ ദുർബലപ്പെടുത്തുകയാണ്.
ആ ഒഴുക്ക് നമ്മുടെ ജീവിതം താറുമാറാക്കിയാണ് കടന്നുപോകുന്നത്. സമകാലിക സാഹചര്യത്തിൽ യഥാർഥ സ്വാതന്ത്ര്യ പോരാളിയായിരുന്നു കെ.പി. ശശിയെന്ന് മേധ പട്കർ പറഞ്ഞു. അദ്ദേഹം ഭരണകൂട അധികാരത്തെ ചോദ്യം ചെയ്യുകയും ജനാധികാരത്തെ ആഘോഷിക്കുകയും ചെയ്തു. ഇന്ന് ഇന്ത്യ വർഗീയ സംഘർഷ ഭൂമിയാകുമ്പോഴും അംബാനിക്കും അദാനിക്കും ഒത്തുതീർപ്പ് പറഞ്ഞ് തെരഞ്ഞെടുപ്പ് രാഷ്ട്രീയ നേതൃത്വം ജന വിരുദ്ധമാകുമ്പോഴും ‘ഡോണ്ട് ലീവ് ദ ഫൈറ്റ്’ എന്ന ശശിയുടെ ഗാനമാണ് ഓർമയിലെത്തുന്നത്. ജനകീയ സമരങ്ങൾ ഉണരേണ്ട കാലമാണിത്. ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് ബുദ്ധിജീവികളുടെയും ആക്ടിവിസ്റ്റുകളുടെയും ഒത്തുചേരലാണ് അതിന് വേണ്ടതെന്നും അവർ പറഞ്ഞു.
കോർപറേറ്റ് - രാഷ്ട്രീയ കൂട്ടുകെട്ട് ആദിവാസികൾ പോലുള്ള അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതം തകർക്കുകയാണെന്ന് ഒഡിഷയിലെ മനുഷ്യാവകാശ പ്രവർത്തകൻ പ്രഫുല്ല സാമന്തര. കെ.പി. ശശി പൊരുതിയ കാലത്തിൽ നിന്ന് വ്യത്യസ്തമായി ഫാഷിസത്തിന്റെ പുതുവെല്ലുവിളികളാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് ‘കൗണ്ടർ കറണ്ട്സ്’ അസോസിയേറ്റ് എഡിറ്റർ സത്യാസാഗർ അഭിപ്രായപ്പെട്ടു. നാണമില്ലാത്തവരോട് യുദ്ധം ചെയ്യേണ്ട അവസ്ഥയാണ് ഇന്നുള്ളത്. അതിന് പുതു കാമ്പയിനുകളും സമരമാർഗങ്ങളും ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.പി. ശശിയുടെ ജീവിതം തന്നെയായിരുന്നു സന്ദേശമെന്ന് ബംഗളൂരുവിലെ മാധ്യമ പ്രവർത്തക സന്ധ്യ സ്റ്റീഫൻ അഭിപ്രായപ്പെട്ടു. സിനിമ ആക്ടിവിസ്റ്റ് മേഘ് നാഥ്, വിൽഫ്രഡ് ഡി കോസ്റ്റ, ധീരേന്ദ്ര പാണ്ഡ, റോയ് ഡേവിഡ്, എസ്.പി. ഉദയകുമാർ, സേവർ കുജുർ എന്നിവരും സംസാരിച്ചു. ഉച്ചക്ക് ആർ.പി. അമുദൻ സംവിധാനം ചെയ്ത കെ.പി ശശിയെക്കുറിച്ചുള്ള ‘ബ്രത്ത് ടു ബ്രത്ത്’ പ്രദർശിപ്പിച്ചു. ശശിയുടെ കാർട്ടൂണുകളുടെ പ്രദർശനവും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.