ജീവിതത്തിലെ സന്തോഷം
text_fieldsഎപ്പോഴും ആലോചിക്കാറുണ്ട്, ഒരു മനുഷ്യൻ ജീവിതത്തിൽ എപ്പോഴാണ് വിജയത്തിലെത്തുന്നത്? എല്ലാവരും വിജയത്തെ വ്യത്യസ്തമായി കാണുന്നു. നാട്ടിലുള്ളവർ പറയുന്നതുകേട്ടിട്ടുണ്ട് 'അവൻ ഗൾഫിൽ പോയി രക്ഷപ്പെട്ടു' അല്ലെങ്കിൽ 'അവൻ ഗൾഫിൽ പോയിട്ടും വിജയിച്ചില്ല'. യഥാർഥത്തിൽ ആവശ്യത്തിലധികം പണം സമ്പാദിക്കലാണോ വിജയം? ലോകത്തുള്ള ശതകോടീശ്വരന്മാർ ജീവിതത്തിൽ വിജയിച്ചുവെങ്കിൽ എന്തിനാണ് ജീവിതകാലം മുഴുവൻ കൈയിലുള്ള കോടികൾ ഇരട്ടിപ്പിക്കാൻ നെട്ടോട്ടമോടുന്നത്? എത്ര കോടി ലഭിച്ചാൽ ഒരു മനുഷ്യൻ വിജയത്തിലെത്തും?
അതുമല്ലെങ്കിൽ ഉയർന്നപദവി കരസ്ഥമാക്കിയാൽ വിജയിക്കുമോ? മന്ത്രിപദവി നേടിയ എത്രപേർ സംതൃപ്തിയോടെ ജീവിക്കുന്നുണ്ട്? ജീവിതകാലം മുഴുവനും പദവികൾ കൈയടക്കാൻ മത്സരിക്കുന്നതെന്തിന്? ജനങ്ങളുടെ ആർപ്പുവിളികളും പൊലീസുകാരുടെ സല്യൂട്ടുകളും ലഭിക്കുമ്പോൾ വിജയപദവിയിലെത്തുമോ?
മികച്ച സിനിമാനടനായാൽ വിജയിക്കുമോ? ശതകോടികൾ സമ്പാദിച്ചിട്ടും കൂതറപ്പടങ്ങളിലോ അല്ലാതെയോ വീണ്ടും അഭിനയിക്കുന്ന നടന്മാരെ നമുക്ക് കാണാം. അവർ ജീവിതത്തിൽ വിജയിച്ചുവെങ്കിൽ അഭിനയം എന്തുകൊണ്ട് അവസാനിപ്പിക്കുന്നില്ല? ആരാധകരുടെ ആർപ്പുവിളികളിൽ അവർ അനുഭവിക്കുന്ന അനുഭൂതിയെന്താണ്? ആ വികാരത്തിന് വിജയമെന്ന അർഥം കൽപിക്കാൻ സാധിക്കുമോ?
മറ്റുള്ളവരുടെ ജീവിതം തകർത്തിട്ടും വഞ്ചന-ചതി മുതലായവയിലൂടെ പണം സമ്പാദിക്കാൻ അവസരം ലഭിച്ചിട്ടും അതൊന്നുമല്ല ജീവിതമെന്ന തിരിച്ചറിവിൽ സാധാരണജീവിതം നയിക്കുന്ന ഒരുപാടുപേരെ നമുക്കുചുറ്റും കാണാം. അവരെ പരാജിതരായി പരിഗണിക്കാൻ കഴിയുമോ? സമ്പാദ്യമൊന്നുമില്ലെങ്കിലും സന്തോഷത്തോടെ ജീവിക്കുന്ന പാവപ്പെട്ട കുടുംബങ്ങളെയും നമുക്കുചുറ്റും കാണാം. അവരും പരാജിതരുടെ പട്ടികയിൽ ഉൾപ്പെടുമോ?
ഓരോ മനുഷ്യനും ഓരോ ദിവസവും ആയിരക്കണക്കിന് അപകടസാധ്യതകളിൽനിന്ന് രക്ഷപ്പെട്ടുകൊണ്ടാണ് ജീവിക്കുന്നത്. ഒരു കമ്പ് കണ്ണിൽ കൊണ്ടാൽ കാഴ്ചയില്ലാതെ ജീവിക്കേണ്ടിവരും. ഒരു തേങ്ങ തലയിൽ വീണാൽ മരണമോ തലച്ചോറിന് ആഘാതമോ സംഭവിക്കാം. റോഡിൽ എതിർദിശയിൽ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധമതി നമ്മുടെ ജീവിതം തകരാൻ. മാത്രവുമല്ല, ലക്ഷക്കണക്കിന് വൈറസുകളിൽനിന്ന് സംരക്ഷണം നേടി രോഗമില്ലാതെ ആരോഗ്യത്തോടെയും ജീവിക്കണം. ഇങ്ങനെ ഓരോ അപകടത്തിൽനിന്ന് രക്ഷപ്പെട്ട് നാൽപതോ അമ്പതോ അറുപതോ വർഷം അതിജീവിച്ചവർ വിജയികളല്ലേ?
ഒരുമനുഷ്യന് സന്തോഷം നൽകുന്ന ആശയങ്ങളുടെ സാക്ഷാത്കാരമാണ് യഥാർഥ വിജയം. ചുറ്റുമുള്ള പ്രലോഭനങ്ങളിൽനിന്ന് അവന്റെ മനസ്സിനെ നിയന്ത്രിക്കാൻ ഒരുവന് സാധിക്കുന്നുവെങ്കിൽ അവൻ വിജയംവരിച്ചു. ഞാൻ എന്നാൽ തന്റെ തലച്ചോറിന്റെ പ്രവർത്തനമാണ്. അതിനെ നിയന്ത്രിക്കാൻ കഴിവ് നേടിയ മുഴുവൻ മനുഷ്യരും വിജയത്തിലാണ്.
അപ്പോൾ അവന് ലഭിക്കുന്നതിലും അനുഭവിക്കുന്നതിലും സന്തോഷം നേടിയെടുക്കാനും സംതൃപ്തിയോടെ ജീവിക്കാനും അവന് സാധിക്കും. ഇതുതന്നെയല്ലേ യഥാർഥ വിജയം?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.