പുസ്തകോത്സവ വേളയില്‍ ഒരുലക്ഷത്തിലധികം വിദ്യാർഥികള്‍ നിയമസഭ സന്ദര്‍ശിച്ചുവെന്ന് സ്പീക്കർ
text_fieldsതിരുവനന്തപുരം: 'ആസാദി കാ അമൃത് മഹോത്സവി'ന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി നടത്തിയ പുസ്തകോത്സവ വേളയില്‍ ഒരുലക്ഷത്തിലധികം വിദ്യാർഥികള്‍ നിയമസഭ സന്ദര്‍ശിച്ചുവെന്ന് സ്പീക്കർ എ.എൻ ഷംസീർ. ആകെ എണ്‍പത്തിയെട്ട് പ്രസാധകര്‍ പങ്കെടുത്ത പുസ്തകോത്സവത്തിനായി 124 സ്റ്റാളുകള്‍ സജ്ജീകരിച്ചിരുന്നു.
പുസ്തകോത്സവത്തിന്റെ ഭാഗമായി സ്കൂള്‍ കുട്ടികള്‍ക്കായി 'കാലാവസ്ഥയും ദുരന്തനിവാരണവും' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു. അതില്‍ പങ്കെടുത്ത വിദ്യാർഥികള്‍ക്ക് പരിസ്ഥിതി സംബന്ധിയായ പുസ്തകങ്ങള്‍ വിതരണം ചെയ്തു. യുനിസെഫ് മുഖേന 4.5 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുകയും സര്‍വ ശിക്ഷ അഭിയാന്‍-ന്റെ സ്കൂള്‍ ലൈബ്രറി ഗ്രാന്റ് മുഖേന 4.86 കോടി രൂപ വിനിയോഗിച്ച് സ്കൂളുകള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാനും അവസരമൊരുക്കുകയുണ്ടായി.
പുസ്തകോത്സവത്തിനായി എത്തിച്ചേര്‍ന്ന വിദ്യാർഥികള്‍ക്ക് നിയമസഭാ മ്യൂസിയം, നിയമസഭാ ഹാള്‍ എന്നിവ കാണുന്നതിനു പുറമെ നേപ്പിയര്‍ മ്യൂസിയവും മൃഗശാലയും സൗജന്യമായി സന്ദര്‍ശിക്കുന്നതിനും ക്രമീകരണം ഒരുക്കിയിരുന്നു. സ്കൂള്‍ വിദ്യാർഥികള്‍ക്കായി കെ.എസ്.ആർ.ടി.സിയുടെ സഹകരണത്തോടെ ഡബിള്‍ ഡക്കര്‍ ബസുകളില്‍ സൗജന്യമായി നഗരം ചുറ്റുന്നതിനായുള്ള അവസരവുമൊരുക്കിയിരുന്നു. നിയമസഭാ മന്ദിരം പൂർണമായും പൊതുജനങ്ങള്‍ക്കായി തുറന്നുവച്ചിരുന്ന ഈ കാലയളവില്‍ മൂന്നുലക്ഷത്തോളംപേര്‍ നിയമസഭാ സന്ദര്‍ശിച്ചതായി കണക്കാക്കുന്നു.
ഏകദേശം ഏഴ് കോടിയിലധികം വിലയ്ക്കുള്ള പുസ്തകങ്ങള്‍ വിറ്റുപോയതായി കണക്കാക്കുന്നു. ഇതുസംബന്ധിച്ച അന്തിമകണക്ക് തയ്യാറായി വരുന്നതേയുള്ളൂ. എം.എൽ.എ മാരുടെ സ്പെഷ്യല്‍ ഡവലപ്മെന്റ് ഫണ്ട് വഴി മൂന്നുലക്ഷം രൂപ വീതം പുസ്തകം വാങ്ങുന്നതിനായി അനുവദിച്ചിരുന്നു. വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് 25 ലക്ഷം രൂപയുടെ പുസ്തക കൂപ്പണുകള്‍ വാങ്ങി പരിപാടിയുമായി സഹകരിച്ചു.
പുസ്തകോത്സവത്തെ സംബന്ധിച്ച വാര്‍ത്തകള്‍ ഏറ്റവും മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്കാരത്തിനുള്ള എന്‍ട്രികള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2023 ജനുവരി 25 വരെ ദീര്‍ഘിപ്പിച്ചുവെന്ന് സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.