പത്മപ്രഭാ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമർപ്പിച്ചു
text_fieldsകൽപറ്റ: പത്മപ്രഭാ പുരസ്കാരം കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരൻ തമ്പി ഏറ്റുവാങ്ങി. 75,000 രൂപയും പത്മരാഗക്കല്ലു പതിച്ച ഫലകവും അടങ്ങുന്ന പുരസ്കാരം എഴുത്തുകാരൻ ടി. പത്മനാഭനിൽ നിന്ന് അദ്ദേഹം ഏറ്റുവാങ്ങി.
'സാന്ധ്യതാരകമേ മറക്കുമോ നീ ശാന്ത സുന്ദരമീ നിമിഷം' എന്ന തന്റെ വരികൾ പോലെ ഒരിക്കലും മറക്കാനാവാത്ത സന്ധ്യയും നിമിഷങ്ങളുമാണ് തനിക്കിതെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ശ്രീകുമാരൻ തമ്പി പറഞ്ഞു. പത്മപ്രഭാ ഗൗഡരുടെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞത് ജന്മപുണ്യമാണ്. താൻ പാട്ടെഴുത്തുകാരൻ മാത്രമല്ല. കവിയും നോവലിസ്റ്റുമാണ്. ഗാനങ്ങളുടെ പ്രചാരത്തിൽ കവിതകൾ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. അത് നല്ല കവിയല്ലാത്തതുകൊണ്ടല്ല, മറിച്ച് സംഗീതത്തിന്റെ മേന്മ കൊണ്ടാണ്. സംഗീതത്തെ ജയിക്കാൻ ഒരു കലയ്ക്കുമാവില്ല. 56 വർഷമായി മലയാള സിനിമയിലുണ്ടായിട്ടും താനിതുവരെ മദ്യപിച്ചിട്ടില്ല. പുകവലിച്ചിട്ടില്ല. അങ്ങനെയും നിൽക്കാമെന്നതിന്റെ തെളിവാണ് താൻ. ഈ പ്രായത്തിലും മൂന്നു പംക്തികളെഴുതുന്നുണ്ട്. അങ്ങനെ പ്രവർത്തിക്കാൻ കാലം തന്നെ അനുവദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിൽ ധാരാളം തിരിച്ചടികളും തമസ്കരണങ്ങളുമുണ്ടായിട്ടും തളരാതെ അതെല്ലാം സധൈര്യം നേരിട്ട പ്രതിഭയാണ് ശ്രീകുമാരൻ തമ്പിയെന്ന് പുരസ്കാരം സമ്മാനിച്ച ടി. പത്മനാഭൻ പറഞ്ഞു. മലയാളത്തിൽ നല്ല കവികൾ നല്ല ഗാനരചയിതാക്കളായ ചരിത്രമില്ല. അങ്ങനെയായവരിൽ മുൻപന്തിയിലാണ് ശ്രീകുമാരൻ തമ്പി. തൊട്ടതെല്ലാം പൊന്നിലപ്പുറമാക്കിയ ബഹുമുഖ പ്രതിഭയാണ് അദ്ദേഹമെന്നും പത്മനാഭൻ പറഞ്ഞു.
മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ഡയറക്ടർ എം.കെ. ജിനചന്ദ്രൻ ശ്രീകുമാരൻ തമ്പിയെ പൊന്നാട അണിയിച്ചു. ആലങ്കോട് ലീലാ കൃഷ്ണൻ പത്മപ്രഭാ സ്മാരക പ്രഭാഷണം നടത്തി. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, രവിമേനോൻ, സുഭാഷ് ചന്ദ്രൻ, ജയരാജ് വാര്യർ എന്നിവർ സംസാരിച്ചു. പി.എ. ജലീൽ സ്വാഗതവും പി.ജി. ലത നന്ദിയും പറഞ്ഞു. തുടർന്ന് ജയരാജ് വാര്യർ, രാജലക്ഷ്മി, എടപ്പാൾ വിശ്വൻ എന്നിവരുടെ നേതൃത്വത്തിൽ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത സന്ധ്യ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.