‘മകനായിരുന്നു ആഘോഷം, അവൻ പോയതോടെ ആഘോഷങ്ങളും വിട്ടുപോയി’: ശതാഭിഷിക്തനായി ശ്രീകുമാരൻ തമ്പി
text_fieldsതിരുവനന്തപുരം: കാവ്യലോകത്തെ പൗർണമി ചന്ദ്രിക ആയിരം പൂർണചന്ദ്രന്മാരുടെ ശോഭയിൽ ശതാഭിഷിക്തനായി. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ജന്മദിനചടങ്ങിൽ ശ്രീചിത്ര പുവർഹോമിലെ അന്തേവാസികൾക്കും ആരാധകർക്കും സുഹൃത്തുകൾക്കുമൊപ്പം ശ്രീകുമാരൻ തമ്പി 84ാം പിറന്നാൾ സദ്യ ഉണ്ടു.
‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷം മകനായിരുന്നു. അവൻ പോയതോടെ ആഘോഷങ്ങളും വിട്ടുപോയി. ജന്മദിനമോ പുരസ്കാരങ്ങളോ അതിന് ശേഷം ഞാൻ ആഘോഷിച്ചിട്ടില്ല. കടമ ചെയ്യാൻ വേദിയിൽപോയി നിൽക്കുന്നുവെന്ന് മാത്രം. ഈ ദിവസം തങ്ങളുടെ അവകാശമാണെന്ന് പറഞ്ഞ് സുഹൃത്തുകൾ സമീപിച്ചതു കൊണ്ടുമാത്രമാണ് ഇത്തരമൊരു ചടങ്ങിന് തയാറായത്. അപ്പോഴും അവർക്ക് മുന്നിൽ ഒരു നിബദ്ധനവെച്ചു, ആർഭാടങ്ങൾ പാടില്ല. ഏതെങ്കിലും അനാഥാലയത്തിൽ മതി, അങ്ങനെയാണ് ശ്രീചിത്ര പുവർ ഹോമിലെത്തിയത്’ -മലയാളത്തിന്റെ ഹൃദയകവി പറഞ്ഞു. പരിപാടികൾ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പ്രസിഡന്റ് ജയശേഖരൻ നായർ അധ്യക്ഷത വഹിച്ചു.
പുവർ ഹോമിലെ വിദ്യാർഥിനികളായ മായ, ആദിത്യ എന്നിവർക്കുള്ള നിംസ് വിദ്യാഭ്യാസ സ്കോളർഷിപ് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് വിതരണം ചെയ്തു. ജ്യോതിസ് സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ ഹോമിലെ കുട്ടികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു. ശ്രീകുമാരൻ തമ്പിക്കൊപ്പം പിറന്നാൾ സദ്യ കഴിച്ചാണ് അതിഥികളും മടങ്ങിയത്.
തിരുവനന്തപുരം പാർലമെന്റ് സ്ഥാനാർഥികളായ പന്ന്യൻ രവീന്ദ്രൻ, ശശി തരൂർ, രാജീവ് ചന്ദ്രശേഖർ, മുൻ സ്പീക്കർ എം. വിജയകുമാർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, നിർമാതാവ് ജി. സുരേഷ്കുമാർ, ദിനേഷ് പണിക്കർ, കല്ലിയൂർ ശശി, ജ്യോതിസ് ചന്ദ്രൻ, അഡ്വ. വിജയാലയം മധു എന്നിവരും പങ്കെടുത്തു. ഫൗണ്ടേഷൻ സെക്രട്ടറി സി. ശിവൻകുട്ടി സ്വാഗതവും കണ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.