പകർന്നാടി കോക്കല്ലൂരിെൻറ ‘കുമരു’
text_fieldsകൊല്ലം: നിഷ്കളങ്കനായ കുമരു എന്ന കള്ളന്റെ കഥ പറഞ്ഞ് കോക്കല്ലൂർ ജി.എച്ച്.എസ്.എസിന്റെ ‘കുമരു’ നാടകം കാണികളെ കൈയിലെടുത്തു. കള്ളന്റെ പ്രണയത്തിലൂടെ സാമൂഹിക യാഥാർഥ്യങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കയാണീ നാടകം. കള്ളനെ നന്നാക്കാൻ സത്യസന്ധനാക്കിയതോടെ അദ്ദേഹം സത്യങ്ങൾ പറയുന്നു. എന്നാൽ, എല്ലാ സത്യവും പറയേണ്ടെന്ന് സമൂഹം വിലക്കുന്നു. തുടർന്ന് ആ കള്ളനോട് സമൂഹം പണക്കാരനാകാനാവശ്യപ്പെടുന്നു. വീണ്ടും അദ്ദേഹത്തെ പലതരത്തിൽ വേട്ടയാടുന്നു. അവസാനമയാൾ കള്ളൻ തന്നെയാകുന്നു.
മോഷണത്തിന് പോയപ്പോൾ തന്റെ പ്രണയിനിയുടെ മണം പെട്ടെന്ന് അയാളുടെ മനസ്സിലെത്തുന്നതോടെ കള്ളൻ അവനറിയാതെ തന്നെ പാട്ടുപാടി പ്രണയിനിയുടെ മണവാളനായിപോകുന്നു. കുമരു പലവട്ടം പറയുന്നുണ്ട് അവരുടെ മണം മനസ്സിൽവന്നാൽ പിന്നെ ഞാനവളുടെ മണവാളനാണെന്ന്. യദു കൃഷ്ണനാണ് കള്ളൻ കുമരുവിന്റെ വേഷമിട്ടത്. കുമരുവിന്റെ മാസ്മരിക പ്രകടനത്തിന് തുടക്കം മുതൽ അവസാനം വരെ കാണികളുടെ കൈയടിയായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ച എമിൽ മാധവിന്റെ ‘ഒരു കള്ളന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ കൃതിയിലെ ഒരു നാടകമായ ‘കുമരു’ സമയം കുറച്ച് ചിട്ടപ്പെടുത്തി അരങ്ങിലെത്തിച്ചത് പി.എസ്. നിവേദാണ്.
ഉള്ള്യേരി എ.യു.പി സ്കൂൾ അധ്യാപകനും കോക്കല്ലൂർ സ്കൂൾ പൂർവ വിദ്യാർഥിയും കൂടിയാണ് നിവേദ്. ഈ മാസം ചേളന്നൂർ സ്വദേശിനിയും നർത്തകിയുമായ കീർത്തന പ്രദീപുമായുള്ള വിവാഹം നടക്കാനിരിക്കെ അതിന്റെ തിരക്കെല്ലാം മാറ്റിവെച്ചാണ് നിവേദ് നാടകം ഒരുക്കിയത്. യദുകൃഷ്ണയെ കൂടാതെ പ്രാർഥന എസ്. കൃഷ്ണ, എസ്.കെ. അഭിനയ, അനുനന്ദ് രാജ്, വി.എസ്. അനുദേവ്, ഇ. നന്ദന, നിയ രഞ്ജിത്ത്, ആർ. രുദാജിത്ത്, സി. റിയോണ, പി.എസ്. ശിവേന്ദു എന്നിവരാണ് നാടകത്തിൽ വേഷമിട്ടത്. കാണികൾക്ക് നവ്യാനുഭവം പകർന്ന് വേദിയിൽ വെള്ളമുള്ള കിണറടക്കം തീർത്ത് രംഗപടം ഒരുക്കിയത് നിധീഷ് പൂക്കാടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.