വായിക്കാതെ പോയത്
text_fieldsഅന്ന് ആ ക്ലാസ് റൂമിൽ പതിവിലും അധികം ബഹളമായിരുന്നു. പരിഭ്രാന്തി നിറഞ്ഞ രീതിയിലുള്ള ചോദ്യങ്ങൾ
‘നീ എഴുതിയോ, നീ എഴുതിയോ?’ എന്ന ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കുന്നുണ്ട്.
‘ഒന്ന് കാണിക്ക്, വേഗം.’ അങ്ങോട്ടും ഇങ്ങോട്ടും ചോദ്യവും ബഹളവുമായിരുന്നു. ശ്രീധരൻ സാർ വരുന്നുണ്ട് എന്ന് കേൾക്കേണ്ട താമസം എല്ലാരും നേരെയിരുന്നു. സാർ ക്ലാസിൽവന്നു ചൂരൽകൊണ്ട് മേശയിൽ രണ്ട് അടികൂടി അടിച്ചപ്പോൾ, ആ ക്ലാസിൽ ഒരു കടലാസ് കഷ്ണം താഴെ വീണാൽവരെ കേൾക്കാവുന്നത്ര നിശബ്ദതയായിരുന്നു.
സാർ എല്ലാവരെയും നന്നായി വീക്ഷിച്ചു. പേടിയും പരിഭവവും ചിരിയും നിറഞ്ഞ പല മുഖങ്ങളായിരുന്നു ക്ലാസ്സിൽ.
‘‘എല്ലാരും എഴുതിയില്ലേ? വേഗം എല്ലാവരും ബുക്ക് എടുത്തുവെക്കൂ.’’
ക്ലാസ് വീണ്ടും കലപില ശബ്ദത്താൽ മുഖരിതമായി. സാർ ഒരിക്കൽകൂടി ചൂരൽകൊണ്ട് മേശപ്പുറത്ത് അടിച്ചു. ശ്രീധരൻ സാർ കണ്ണടയുടെ പുറത്തുകൂടെ എല്ലാവരെയും നോക്കുന്നുണ്ട്. ഒരാളുടെ നേരെ കൈ ചൂണ്ടി.
‘‘നീ എണീക്ക്, എഴുതിയോ നീ?
‘‘മ്മ്മ് എഴുതി.’’ വിനോദ് പറഞ്ഞു
‘‘എന്നാൽ വായിക്ക്, എനിക്കിവിടെ കേൾക്കണം, എല്ലാരും ശ്രദ്ധിച്ചിരിക്കണം. അടുത്തയാളെ ഇപ്പോ ഞാൻ വിളിക്കും.’’
വിനോദ് വായിച്ചുതുടങ്ങി. ഒരു പേജ് പോലുമില്ലായിരുന്ന അവന്റെ വിവരണം സാറിന് അത്ര തൃപ്തികരമായിരുന്നില്ല. സാറിന് അൽപ്പം ദേഷ്യമൊക്കെ വന്നു.
‘‘ഇങ്ങനെ എഴുതിക്കൊണ്ട് വരാനാണോ നിങ്ങളോട് ഞാൻ പറഞ്ഞത്? ഇംഗ്ലീഷ് മീഡിയം ആയത് കൊണ്ട് മലയാളം പഠിക്കണ്ട എന്നാണോ കരുതുന്നത്? ഏഴാംതരത്തിൽ പഠിക്കുന്ന ഒരു കുട്ടിയോട് നിങ്ങളുടെ ആദ്യത്തെ സ്കൂൾ ദിനത്തെ പറ്റി ഓർത്തെടുത്തു രണ്ടു പുറത്തിൽ കവിയാതെ എഴുതാൻ പറഞ്ഞാൽ ഇങ്ങനെയാണോ എഴുതേണ്ടത്?’’
സാറിന്റെ ചോദ്യങ്ങൾ എല്ലാം വികാരഭരിതമായിരുന്നു. മറ്റൊരു കുട്ടിയെ സാർ വിളിച്ചു.
‘‘എഴുതിയത് വായിക്ക്.’’
നീതു വായിക്കുന്നത് കേട്ടപ്പോൾതന്നെ സാറിന് മനസ്സിലായി
‘‘നിനക്ക് വീട്ടിൽ എന്താണ് പണി? പഠിക്കാൻ സമയം തികയാറില്ലേ. ഇവിടെ വന്നിരുന്ന് കഷ്ടപ്പെട്ട് കുത്തിക്കുറിച്ച പോലെയുണ്ടല്ലോ?’’
അടുത്തത് സാർ എന്നെ നോക്കി.
‘‘എണീക്ക്, വല്ലതും ഉണ്ടോ പൊത്തകത്തിൽ?’’ ആക്ഷേപഹാസ്യത്തോടെ എന്നോട് ചോദിച്ചു. ഞാൻ തലയാട്ടി. അടുത്ത വഴക്ക് എനിക്കാണല്ലോ എന്ന് ഓർത്തപ്പോൾ എന്റെ തൊണ്ട ഇടറി. ഒച്ചയൊന്നും പുറത്തേക്ക് വരുന്നില്ല.
‘‘നിന്നു പിറുപിറുക്കാതെ എന്തേലും എഴുതിയെങ്കിൽ വായിക്ക്.’’ കോപം സാറിനെ പൊതിഞ്ഞിട്ടുണ്ട്. ഞാൻ വായിച്ചു തുടങ്ങി.
ഇടക്കിടക്ക് ഞാൻ തലയുയർത്തി സാറിനെ നോക്കുന്നുണ്ട്. ശ്രീധരൻ സാർ മേശയിൽ ചാരി ശാന്തനായിനിന്ന് കേൾക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. ആ നിൽപ്പ് കണ്ടപ്പോൾ എനിക്കൽപം സമാധാനമായി. കുട്ടികളെല്ലാവരും എന്റെ മുഖത്തേക്ക് അക്ഷമയായി നോക്കുന്നപോലെയുണ്ട്. ഇടക്ക് ആരൊക്കെയാ പിറുപിറുത്തപ്പോൾ സാർ ചൂരൽകൊണ്ട് മേശയിൽ തട്ടി. എന്നോട് വായിക്കാൻ ആംഗ്യം കാണിച്ചു. അങ്ങനെ വായനയുടെ ലഹരിയിൽ ഞാനും ആസ്വദിച്ച് വായിക്കുന്നുണ്ടായിരുന്നു. എഴുത്തിൽ പകുതിയിലേറെ സാങ്കൽപികമായിരുന്നു.
പക്ഷേ, എന്റെ വായനയിൽ തടസ്സം വരുത്തുന്ന പോലെയായിരുന്നു രാജുവേട്ടന്റെ അന്നത്തെ ബെൽ. അടുത്ത പിരീഡ് ഇന്റർവെൽ ആയതുകൊണ്ട് എല്ലാരും പുറത്തേക്ക് പോകാൻ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു. എനിക്ക് ആകെ സങ്കടമായി, ഇനിയും പകുതിയിൽ കൂടുതലുണ്ട് വായിക്കാൻ. ശ്രീധരൻ സാറിനെ ഞാൻ ദയനീയമായി നോക്കി.
‘‘എല്ലാവരെയും വഴക്കു പറഞ്ഞ സാറിന്, എന്നോട് എന്തായിരിക്കും പറയാനുള്ളതെന്ന് പോലും മനസ്സിലാക്കാൻ പറ്റീല. സാറിനും ബാക്കി കേൾക്കേണ്ടേ? നല്ലതാണോ എന്നെങ്കിലും പറയുമോ? അതോ എന്നെ അടുത്ത് വിളിച്ചിട്ട് നന്നായി എഴുതി എന്ന് പറയുമോ?’’. വേദനിപ്പിക്കുന്ന ചിന്തകളായിരുന്നു അപ്പോൾ മനസ്സിൽ.
അപ്പോഴേക്കും കുട്ടികൾ എല്ലാവരും പുറത്തേക്ക് പോയി. സാറും എന്നെ നോക്കി അവിടെയിരുന്നോ എന്ന് കൈകൊണ്ട് കാണിച്ചു. ‘അടുത്ത ക്ലാസിൽ വരുമ്പോൾ ബാക്കിയുള്ളവർ എഴുതിയത് വായിക്കണം’ എന്ന് ഓർമിപ്പിച്ചു കൊണ്ട് സാറും പോയി. നിരാശയുടെ കൊടുമുടിയിൽ കയറിയപോലെയാണ് എനിക്ക് തോന്നിയത്. അടുത്തിരുന്ന കൂട്ടുകാരിയെങ്കിലും നല്ലത് പറയുമോ എന്ന് കരുതി അവളെ നോക്കി.
‘‘എടീ അടുത്ത പിരീഡ് മാത്സ് ആണ്. നീ ഹോംവർക് ചെയ്തോ?’’ അവളുടെ ചോദ്യം എന്നെ നിരാശയിൽ തളച്ചിട്ടു.
‘‘മ്മ്മ് ചെയ്തു.’’ ഞാൻ മൂളി
‘‘ഞാനും ചെയ്തു. ഒന്ന് നോക്കട്ടെ ഉത്തരമൊക്കെ ശരിയാണോ എന്ന്?’’ അവളുടെ തീരെ താൽപര്യമില്ലാത്ത ഭാവം എന്നെ കൂടുതൽ വിഷമത്തിലാക്കി.
ഇന്നലെ രാത്രിയിലെ എത്ര നേരത്തെ എന്റെ ആലോചനയും കഷ്ടപ്പാടുമായിരുന്നു! മുഴുമിപ്പിക്കാൻ പോലും കഴിയാതെ പോയത്? സാറിന്റെ മുമ്പിൽ വായിക്കുന്നു. എല്ലാരും എനിക്കുവേണ്ടി കൈതട്ടുന്നു! അങ്ങനെ എന്തെല്ലാമാണ് ഞാൻ ആലോചിച്ചു കൂട്ടിയത്. ആ കഥയുടെ ഭാരം മനസ്സിൽ ഇപ്പോഴും കിടപ്പുണ്ട്. ഒരുപാട് കഥകളും കവിതകളും ആരും കേൾക്കാതെ ആരും അറിയാതെ നിറംമങ്ങി എന്റെ പുസ്തകത്താളിൽ ഞെരിഞ്ഞമർന്നു പോയിരിക്കുന്നു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.