ആച്ചൂട്ടിതാളം
text_fieldsആകാശത്തമ്പിളി പത്തിരിവട്ടത്തിൽ സുൽത്താന്റെ മുഖം പോലെ കാറുനീങ്ങി തെളിഞ്ഞപ്പോൾ, ആച്ചൂട്ടിയുടെ ഉള്ളിൽ അന്നത്തെ ബലിപെരുന്നാളിന്, പുഴവക്കിലെ പള്ളി മിനാരത്തിൽനിന്ന് കേട്ട തക്ബീറിന്റെ നേർത്ത ഈണം മുഴങ്ങി. ചന്ദനത്തിന്റെ മണമുള്ള അത്തർ പൂശിയ അവൻ, ഓർമയിൽ സുഗന്ധം പരത്തിയപ്പോൾ അവളൊന്ന് കിതച്ചു. ഓർമകൾക്ക് കടന്നൽ കുത്തിയപോലെയൊരു കടച്ചിൽ. ആദ്യരാവിൽ മണിയറയിൽ പൊട്ടിച്ചിരിച്ച കരിവളകൾ കണക്കെ അവളൊന്നു കുലുങ്ങിച്ചിരിച്ചു... കാലിലിറുക്കിയ ചങ്ങലക്ക് ആച്ചൂട്ടിയുടെ ഹൃദയത്തെക്കാൾ കനം കുറവായിരുന്നു.
ദേഹത്തു കയറിയ ഇബ്ലീസ് അട്ടഹസിച്ചെന്ന് തോന്നിയപ്പോൾ ആച്ചൂട്ടി മെല്ലെ മുട്ടിലേക്ക് മുഖം പൂഴ്ത്തി ചുരുണ്ടിരുന്നു. നീലിച്ചുകുഴിഞ്ഞ കൺതടങ്ങൾ ഉപ്പ് ചുവയേറ്റ് നീറി. ജടപിടിച്ച മുടിയിൽ അവൾ തേഞ്ഞുരഞ്ഞ കൈനഖങ്ങൾ കൊണ്ട് മെല്ലെ മാന്തി, പല്ലിറുമ്മി ഇബ്ലീസിന്റെ കൈയിൽ കടിച്ചു. മുഖത്താഞ്ഞടിച്ചവൾ ആ പഹയനെ തുരത്താൻ ആവതും ശ്രമിച്ചു. അപ്പോഴൊക്കെ ചങ്ങലയുടെ മുറുക്കം കൂടി. തങ്ങളുപ്പൂപ്പ മന്ത്രിച്ച ചരടുകൾ പിന്നെയും മേലാകെ കെട്ടിവരിഞ്ഞു. ഉപ്പൂപ്പ വെളുത്തചരടിൽ സുൽത്താന്റെ അത്തർ ചേർത്തുതരുന്നതുകൊണ്ടാണ് ആച്ചൂട്ടി മയങ്ങിപ്പോകുന്നതെന്ന സത്യം അറിയുന്നവർ ഒരുപക്ഷേ, അവളും തങ്ങളുപ്പൂപ്പയും മാത്രമായിരിക്കും.
നീണ്ടു മെലിഞ്ഞ കഴുത്ത് നീട്ടി അവൾ മൂക്കുകൊണ്ട് മണംപിടിച്ചു. സുൽത്താന്റെ മീസാൻ കല്ലിന്റെ ചുവട്ടിൽ പടർന്ന മൈലാഞ്ചിയുടെ മണം കുടഞ്ഞിട്ട് പോകുന്ന പടിഞ്ഞാറ്റ് തലക്കലെ പള്ളിക്കാട്ടിൽനിന്നുമെന്നും അവളെ തേടി ദിശ തെറ്റാതെയൊരു പാതിരാകാറ്റെത്തുമായിരുന്നു. വെളിച്ചം നിറഞ്ഞ അവന്റെ ഖബറിലെ വിശേഷങ്ങൾ പങ്കുവെക്കുന്ന മന്ദമാരുതന്റെ കോന്തലക്കൽ അവളെന്നുമൊരു കുറിമാനം കെട്ടിയിടാറുണ്ട്. ആറടി മണ്ണിൽ ആച്ചൂട്ടിക്കുമൊരു മണിയറക്കായി പടച്ചോനുള്ള ശിപാർശക്കത്തായിരുന്നു അതെല്ലാം. അപ്പോഴെല്ലാം ആച്ചൂട്ടിക്ക് നൊസ്സായിരുന്നു. അസ്സൽ നൊസ്സ്. അല്ലെങ്കിലും ഭൂമിയെപ്പറ്റി ചിന്തിക്കാത്തവർക്കെല്ലാം നൊസ്സല്ലേ.
ആച്ചൂട്ടി, അവളൊരു മാപ്പിള പെണ്ണാണ്. കസവുതട്ടത്തിൽ പൊതിഞ്ഞ നല്ല അലിക്കത്ത് പോലെ കുണുങ്ങിയാടേണ്ടവൾ. അക്കാലത്ത് പതിനെട്ടടവും പയറ്റാൻ കച്ചകെട്ടിയിറങ്ങിയ ആച്ചൂട്ടി ഒരുമ്പെട്ടവളെന്ന പദവിയിൽ പതറിയില്ല. സമുദായത്തിന്റെ പേര് കെടുത്താൻ ഇറങ്ങിയ ആച്ചൂട്ടിനേം ബാപ്പാനേം അന്ന് മഹല്ലുകാര് തീയും വെള്ളോം വരഞ്ഞു. പതറാതെ ചുവടുറപ്പിച്ച ആച്ചൂട്ടിയെ പതിനെട്ടാമത്തെ അടവും പഠിപ്പിച്ചൊടുക്കം, ചങ്കൂറ്റമുള്ള പെണ്ണൊരുത്തിയെ മകന്റെ ബീവിയാക്കാൻ ഗുരുക്കൾക്ക് തോന്നിയ മോഹത്തിന് കുറ്റം പറയാനാവോ?
നീളൻതൊപ്പിയും വെള്ള കമീസുമിട്ട ഉറുമാൻപോലെ ചുവന്നൊരു മൊഞ്ചൻ തട്ടിൻപുറത്തെ അഴികളിലൂടെ അവളുടെ ചുവടുമാറ്റം കണ്ണിമവെട്ടാതെ നോക്കിനിൽക്കണത് ആച്ചൂട്ടിയും ഒളികണ്ണാലെ കണ്ടിട്ടുണ്ട്. പലകുറി അവൻ ആച്ചൂട്ടിയെ നോക്കി വെള്ളാരം കണ്ണിറുക്കിയിട്ടുണ്ട്. ചന്ദനത്തിന്റെ ഗന്ധം ചുറ്റും പരത്തി സുൽത്താൻ അവന്റെ സാന്നിധ്യമറിയിക്കുമ്പോഴൊക്കെ ആരോടും പറയാനാവാത്തൊരു പരവേശത്താൽ പെണ്ണ് താമരത്തണ്ടു പോലെ തളർന്നിരുന്നു.
ബലി പെരുന്നാളിന്റെയന്ന്, പരസ്പരം ഇണയാക്കപ്പെട്ട ഇരു ഹൃദയങ്ങളുടെ തീക്ഷണ സംഗമത്തിന്റെ ആലസ്യത്തിൽ, കൂമ്പിയടഞ്ഞ മണിയറയുടെ മരവാതിൽ ഇരമ്പി തുറന്ന് പച്ച ബെൽറ്റും വെള്ള തൊപ്പിയും അണിഞ്ഞ് ഇരച്ചുകയറിയ ഒരുപറ്റം സമുദായ സ്നേഹികൾ അവളുടെ മഹറു പൊട്ടിച്ചപ്പോൾ, പ്രണയാവേശത്തിൽ രക്തസാക്ഷികളായ വെളുത്ത അരിമുല്ലപ്പൂക്കൾ ചോര തെറിച്ചുചുവന്നിരുന്നു. ഉയിരായവന്റെ കണ്ഠം ഛേദിച്ച ഉറുമി കൈക്കലാക്കി അവൾ തള്ളവിരൽ നിലത്തൂന്നി ഉയർന്നുപൊങ്ങി താണിറങ്ങി. നാഭിയിൽ പൂഴ്ത്തിയ ഇടതു കാലിന്റെ പെരുവിരലിൽ ഒരുത്തന്റെ ജീവൻ കോർത്തു. വായുവിൽ വീശിയ ഉറുമിയിൽ ചുറ്റിയ ബാക്കിയുള്ളവരുടെ തലയുരുണ്ട് പിടയുന്ന മണ്ണിൽ ജ്വലിക്കുന്ന കണ്ണുകളോടെ പാഞ്ഞിറങ്ങുമ്പോൾ ആകാശത്തേക്ക് പറന്നുപൊങ്ങിയ ആച്ചൂട്ടിയുടെ അടവുകളെ കണ്ടു കൊതിതീരാത്ത സുൽത്താന്റെ വെള്ളാരംകണ്ണുകൾ തുറിച്ചിരുന്നു. ഒറ്റരാത്രിയിൽ ഉലകം കീഴ്മേൽ മറിഞ്ഞ ആച്ചൂട്ടി പിന്നെ ‘ഈ’ ലോകത്ത് ജീവിച്ചിട്ടേയില്ല. അവൾ ഈട് നൽകിയ ഹൃദയം, അവളുടെ വരവും കാത്ത് സുൽത്താന്റെ മീസാൻ കല്ലിന്റെ ചുവട്ടിൽ ഭദ്രമായിരുന്നു.
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.