കഥ: ഇടവഴിയിൽ വീണ പൂവ്...
text_fieldsരാജി, ആ ബുക്ക് ഒന്നുതരുമോ? മിടുക്കിക്കുട്ടിയാണ് പത്താംക്ലാസുകാരി രാജി. പക്ഷേ, ഫിസിക്സ് വഴങ്ങില്ല. പരീക്ഷ അടുത്തുവരുന്നു. കടുപ്പക്കാരൻ ട്യൂഷൻ സാറിന്റെ കനത്ത മുഖത്തിനുമപ്പുറം പരിചിതമായൊരു മുഖം അരവിന്ദൻ. ബുക്ക്...തന്റെ നേർക്ക് നീണ്ടുവന്ന അരവിന്ദന്റെ കണ്ണിൽ തട്ടി നിന്നുപോയി കൊച്ചു രാജിയുടെ കണ്ണും മനസ്സും.
നീട്ടിയ കൈകൾ; വർഷങ്ങൾക്ക് മുമ്പ് കൂടെ പഠിച്ച കൂട്ടുകാരൻ. എപ്പോഴൊക്കെയോ മനസ്സുലച്ച വിട്ടുകളഞ്ഞ പ്രിയപ്പെട്ട ഓർമയാണ് മുന്നിൽ. എന്തുകൊണ്ടോ എടുക്കാൻ മറന്ന ഫിസിക്സ് ബുക്ക്. അടുത്ത കുട്ടിയുടെ ബുക്ക് വാങ്ങിക്കൊടുക്കുമ്പോൾ അറിയാതെ ഉയർന്ന നെടുവീർപ്പ്.
ആ ഓർമയിൽ തന്നെ മുഖം വാടി നടക്കവേ ഒരു പിൻവിളി; യമുനയാണ്.
അതേ... അരവിന്ദൻ. അരവിന്ദന് എന്നെ ഇഷ്ടമാണ്, എനിക്ക് തിരിച്ചും. ഞെട്ടൽ മാറാതെ രാജി അവളെ നോക്കി. പെട്ടെന്ന് മുഖത്തുവന്ന ഭാവം മറച്ചു ചോദിച്ചു, അതിന്. അല്ല രാജിക്ക് വേറൊന്നും തോന്നണ്ട എന്ന് കരുതി പറഞ്ഞതാണ്. പൂഴിവിരിച്ച ഇടവഴിക്ക് നീളം കൂടുന്ന പോലെ... കാലുകൾ നീങ്ങാത്തതെന്ത്... എനിക്കെന്ത് തോന്നാൻ.
ഇടറിയ ശബ്ദം അടഞ്ഞ തൊണ്ടയിൽ കുടുങ്ങിപ്പോയി. പരീക്ഷയാണ് പരീക്ഷ. രാജി തെല്ലുറക്കെ പ്പറഞ്ഞു; തന്നോടുതന്നെ.ആ ബുക്ക് ഇങ്ങെടുക്ക്. മുകുന്ദന്റെ ശബ്ദം കേട്ട് രാജി ഞെട്ടിയുണർന്നു. എവിടെ. അരവിന്ദനും യമുനയും ചെമ്മണ്ണിടവഴിയും ഏതോ വിദൂരമായ തിരശീലക്ക് പിന്നിലാക്കി രാജി എണീറ്റു.
നിറഞ്ഞുവന്ന കണ്ണ് തുടച്ചു തെല്ലുറക്കെ പറഞ്ഞു തന്നോടുതന്നെ. മോൾക്ക് പരീക്ഷയാണ് പരീക്ഷ. സന്ധ്യക്ക് ഉറങ്ങിയാൽ എങ്ങനെയാണ്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.