കാലങ്ങൾക്കിപ്പുറം
text_fieldsഒരു ദീർഘസഞ്ചാരത്തിന്റെ സുഖാനുഭവമാണ് മനസ്സിൽ. പുറംകാഴ്ചകൾ കണ്ടുകൊണ്ടുള്ള സഞ്ചാരം. പ്രകൃതിയുടെ പച്ചപ്പുകൾ മിഴികളിൽ വസന്തം വിടർത്തി നിൽക്കുമ്പോൾ മേനിയെ തഴുകുന്ന ഇളം കാറ്റിന് സൂര്യകാന്തി ഗന്ധമുണ്ടായിരുന്നു. തെളിഞ്ഞുവരുന്ന വെയിലിൽ വെൺചാമരം വീശി നിൽക്കുന്നപോലെ വിടർന്നു നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ. ഇഷ്ടമായിരുന്നു എന്നും പൂക്കളോടെല്ലാം; അതിലേറെ ഇഷ്ടം ചെമ്പകപ്പൂവിനോടും സൂര്യകാന്തിപ്പൂവിനോടും.
വിഷാദവും ആർദ്രതയും ചേർന്ന് ഒഴുകുന്ന രാഗങ്ങൾ കേട്ടിരുന്ന് മിഴികൾ അറിയാതെ അടച്ചുവെച്ചു. മനോതലങ്ങളിൽ ഓർമകൾ പുനർജനിച്ചപ്പോൾ കൊഴിഞ്ഞുപോയ ജീവിതസഞ്ചാരങ്ങളുടെ നാൾവഴികളായിരുന്നു. കാഴ്ചകൾ ചിന്തകൾക്ക് വേഗത കൂട്ടുമ്പോൾ മനസ്സിൽ കയറിയിരിക്കുന്ന അനുഭവങ്ങൾ അസ്വസ്ഥതയുടെ തിരിനാളമുയർത്തി.
പതിനൊന്നാം വയസ്സിൽ ജീവിതത്തിന്റെ താളം നിലച്ചുപോയിടത്തുനിന്നും ഉയിർത്തെഴുന്നേറ്റ ജീവിതം. കർക്കടകത്തിൽ പട്ടിണി സമ്മാനിച്ച് അച്ഛൻ അടർന്നു പോയിട്ടും അനുജത്തിയെയും കുഞ്ഞാങ്ങളയെയും ചേർത്തുപിടിച്ച് തുടങ്ങിയതാണ് ഈ ജീവിത സഞ്ചാരം.
കൈതോലപ്പായ നെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോയ കാലം -നെറുകയിൽ തറക്കുന്ന ഓരോ കൈതോല മുള്ളും മനസ്സിനെ വേദനിപ്പിക്കുമ്പോഴും ബന്ധുക്കളിൽനിന്നും ഒറ്റപ്പെടലിന്റെ വേദനയില്ലാതാക്കി അമ്മ വിളമ്പിത്തരുന്ന കഞ്ഞി വെള്ളത്തിൽ പച്ചമുളക് ചേർത്ത് പട്ടിണി മാറ്റിയ കാലം.
കളിക്കൂട്ടുകാരികൾ പുതുവസ്ത്രമണിഞ്ഞും കരിവളയിട്ടും പൂത്തുമ്പികളെ പോലെ കളിക്കുമ്പോൾ നാലു വയറിന്റെ വിശപ്പകറ്റാൻ മറ്റുള്ളവരുടെ അടുക്കളയിൽ ജോലിചെയ്തിരുന്ന കാലം -മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞ ഓണക്കാലമാണ് മനസ്സിലിന്നും- ചാണകം തേച്ചുപിടിപ്പിച്ച അമ്മയുടെ കണ്ണുനീർ വീണു നനഞ്ഞ തറയിൽ വറ്റില്ലാത്ത കഞ്ഞിവെള്ളം കുടിച്ച് പട്ടിണി മാറ്റുമ്പോൾ എന്ത് ഓണം! എല്ലാ മോഹങ്ങളും ഇല്ലാതാക്കി മനസ്സിന്റെ കോണിൽ കുഴിച്ചുമൂടി ജീവിക്കാൻ പഠിക്കുകയായിരുന്നു; അല്ല ജീവിതം എന്നെ പഠിപ്പിക്കുകയായിരുന്നു.
ഇല്ലായ്മയിൽ പൊരുത്തപ്പെട്ട് ജീവിക്കാൻ പഠിക്കുകയായിരുന്നു. കൈതോലപ്പായ നെയ്തും അന്യരുടെ വീട്ടിലെ പാത്രങ്ങൾ കഴുകിയും ജീവിക്കുമ്പോൾ വീണുകിട്ടുന്ന ചില നിമിഷങ്ങളിൽ അക്ഷരക്കൂട്ടങ്ങളെ നെഞ്ചോടു ചേർത്തുവെക്കാറുണ്ടായിരുന്നു.
വർഷകാല രാത്രികളിൽ ചോർന്നൊലിക്കാത്ത ഒരു ഇടം തേടി കൂരക്കുള്ളിൽ അനിയത്തിയെ ചേർത്തുകിടത്തി ഉറക്കുമ്പോഴും തണുപ്പകറ്റാൻ ഒരു പുതപ്പില്ലാതെ അമ്മയുടെ ഉടുതുണി പുതപ്പാക്കി നിദ്രയെ പുണർന്നിരുന്ന കാലം. ശ്വാസം നിലച്ചാലും മറക്കാനാകാത്ത ആ കാലം ആത്മാവിൽ സങ്കടക്കടലായി നിൽക്കുമ്പോഴും ആ സങ്കടങ്ങൾ ഇല്ലാതാക്കാൻ ഒരു തുണയെ കൊതിച്ചിരുന്നു.
കൂടെ പഠിച്ചവർ എല്ലാം ഇണകളോടൊത്ത് കുടുംബജീവിതം നയിക്കുമ്പോൾ ഒരു അത്താണിയാകാൻ ജീവിതപങ്കാളിയെ മോഹിക്കാറുണ്ടായിരുന്നു. ഓരോ ഋതുക്കളും കടന്ന് 32 ആം വയസ്സിൽ വിവാഹിതയാകുമ്പോൾ ഒത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു മനസ്സിൽ. കുന്നോളം ആഗ്രഹങ്ങൾ മനസ്സിലൊതുക്കി പുതിയൊരു ജീവിതം ആരംഭിക്കുമ്പോഴും സങ്കടങ്ങളില്ലാത്ത ദിനങ്ങളാകട്ടെ എന്നുള്ള പ്രാർഥനയായിരുന്നു.
അനന്തേട്ടന്റെ സ്നേഹം പകർന്നുകിട്ടുമ്പോൾ എല്ലാ ദുഃഖങ്ങളും മറന്ന് മൗനത്തിൽ നിൽക്കുന്ന ഒരു ചെന്താമരപ്പൂവായി മാറിയിട്ടുണ്ട്. പ്രതീക്ഷയുടെ ബലമായ തണ്ടിൽ മോഹത്തിന്റെ ജലപ്പരപ്പിനു മുകളിൽ ഇതൾ വിടർത്തി നിൽക്കുന്ന താമരപോലെ. മൂന്നു വർഷക്കാലത്തിന്റെ കാത്തിരിപ്പിനൊടുവിൽ മോഹങ്ങൾ പൂത്തുലഞ്ഞ് സന്തോഷത്തിന്റെ പൊൻപുലരിയായി മകൾ ഞങ്ങളുടെ ലോകത്തിലേക്ക് അതിഥിയായെത്തിയപ്പോൾ പിന്നീടുള്ള സ്വപ്നങ്ങളും മോഹങ്ങളും ജീവിതങ്ങളും എല്ലാം അവൾക്കുവേണ്ടി മാത്രമായി.
അനന്തേട്ടനും ഞാനും രാപ്പകലില്ലാതെ ജോലിചെയ്ത് അവളെ വളർത്തിയെടുക്കുമ്പോഴും ഞങ്ങളുടെ മനസ്സിൽ ഒരുപാട് മോഹങ്ങൾ നെയ്തു കൂട്ടിയിരുന്നു - അവൾ വലുതാകുംതോറും ഞങ്ങളുടെ മനസ്സിലെ മോഹങ്ങളും സ്വപ്നങ്ങളും പെരുകിക്കൊണ്ടേയിരുന്നു.
അപ്പോഴും ചോര പൊടിയുന്ന വേദനകൾ നൽകി അസ്ഥിയെ സ്പർശിച്ചുനിൽക്കുന്ന കാൻസർ ദുരിതങ്ങളുടെ ചങ്ങലക്കെട്ടുകൾ തീർത്ത് വീണ്ടും തളച്ചിടുമ്പോഴും മകൾക്കുവേണ്ടി ജീവിക്കാനുള്ള ആഗ്രഹം ആത്മഹത്യയിൽനിന്നും എന്നെ തിരിച്ചുവിളിച്ചുകൊണ്ടിരുന്നു.
മകളെ പാലൂട്ടി വളർത്താനാകാതെ ശരീരത്തിൽനിന്നും പച്ചമാംസം മുറിച്ചു മാറ്റപ്പെടുമ്പോഴും തകർന്ന മനസ്സിൽ സ്നേഹത്തിന്റെ വാക്കുകളാൽ വേദനയകറ്റി അനന്തേട്ടൻ ചേർത്തു നിർത്തുമായിരുന്നു.
ആ സ്നേഹം മനസ്സിൽ ഒഴുകിയെത്തുന്നതിനു മുമ്പേ കൊഴിഞ്ഞുപോയ ഇതൾപോലെ മണ്ണിനോട് ചേർന്നിട്ടും ചുമരുകൾക്കുള്ളിൽ എന്റെ അരികിലുണ്ടെന്ന് ഒരു തോന്നൽ. ചിലപ്പോഴെല്ലാം: ആ ഓർമകൾ മാത്രമാണ് എനിക്ക് കൂട്ടിന്. ചിറകൊടിഞ്ഞ ഒരു കാട്ടുപക്ഷിയായി, അകലങ്ങളിലേക്കു പറന്നുയരാനാകാതെ കൂരക്കുള്ളിൽ ഓരോ ദിനരാത്രവും തനിയെ തള്ളിനീക്കുമ്പോഴും മകളുടെ ഭാവിയെക്കുറിച്ചുള്ള വ്യാകുലത നെഞ്ചിൽ നെരിപ്പോടു തീർത്തുനിന്നു.
ചേർത്തുപിടിക്കാൻ ആരുമില്ലാതെ കമ്പനിയിൽ ജോലിചെയ്തു കിട്ടുന്ന തുച്ഛമായ ശമ്പളംകൊണ്ട് ജീവിതം തള്ളിനീക്കാൻ കഴിയാതെ മകളുടെ വിദ്യാഭ്യാസ ചെലവ് കണ്ടെത്താനാകാതെ ജീവിതം തുടർന്നുകൊണ്ടേയിരുന്നു. കാലങ്ങൾക്കിപ്പുറം സുഖജീവിതത്തിൽ ആർമാദിക്കുന്ന മകൾ ഒറ്റപ്പെടുത്തുമ്പോഴും കുഴിച്ചുമൂടാനാകാത്ത വേദനയാൽ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു, മരണത്തിലേക്കുള്ള യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.