നരകത്തിലെ പറവകൾ
text_fieldsരാത്രി, ആശുപത്രിയിലെ രണ്ടാംനിലയിൽനിന്ന് അയാൾ ഘോഷയാത്ര കാണുകയായിരുന്നു. ഉലയുന്ന കൊടികളും തീയാളുന്ന പന്തങ്ങളും പൊട്ടിച്ചിതറുന്ന പടക്കങ്ങളും ആളുകളുടെ ആർപ്പുവിളികളുമായി ഘോഷയാത്ര കടന്നുപോയ്ക്കൊണ്ടിരുന്നു. രോഗികളുടെ കൂട്ടിരിപ്പുകാരെല്ലാം ആശുപത്രിവരാന്തയിൽ തിങ്ങിനിറഞ്ഞിരുന്നു.
വർണവെളിച്ചം ചിതറിച്ചുകൊണ്ട് ആൾക്കൂട്ടം ഗല്ലിയിലേക്കുള്ള ഇടുങ്ങിയവഴിയിലേക്ക് മറയുകയാണ്. പശുക്കൾ വരിവരിയായി തെരുവോരത്തുകൂടെ നടന്നുനീങ്ങുന്നു. മുകൾനിലയിലെ കമ്പിയഴികൾക്കിടയിലൂടെ അയാളതെല്ലാം നോക്കിനിന്നു.
ഘോഷയാത്ര അലങ്കോലപ്പെട്ടത് പെട്ടെന്നാണ്.ആളുകളുടെ ആക്രോശങ്ങളും ചിതറിയോടലുകളും നിലവിളികളുമുയരുമ്പോൾ തെരുവുവിളക്കുകൾ ഒന്നൊന്നായി അണഞ്ഞു. കടകളിലേക്ക് തീ ആളിപ്പടർന്നു. പോലീസ് ജീപ്പുകൾ നീല ലൈറ്റുകൾ മിന്നിച്ച് ഇരമ്പിയെത്തിക്കൊണ്ടിരുന്നു. ആസമയം നഴ്സ് അയാളുടെ പേര് ഉച്ചത്തിൽ വിളിക്കുന്നുണ്ടായിരുന്നു. വൃദ്ധ ആളുകൾക്കിടയിൽനിന്ന് അയാളെ തട്ടിവിളിച്ചു. വാർഡിലേക്ക് മടങ്ങിപ്പോകുന്ന നഴ്സിനരികിലേക്ക് അയാൾ വേഗം നടന്നെത്തി, സംസാരിച്ചു.
നഴ്സ് അയാളെ കൊണ്ടുപോയത് കുട്ടികളുടെ ഐ.സി.യുവിനു മുമ്പിലേക്കാണ്. അവിടെവെച്ച് ഡോക്ടറും മുതിർന്ന നഴ്സും കാര്യങ്ങൾ വിശദമാക്കി. നിറയുന്ന കണ്ണുകളുമായി അയാൾ വാതിൽ തുറന്ന് അകത്തുകയറി. തെരുവിൽനിന്ന് ജയ്ശ്രീറാം വിളികളുടെ അലർച്ചകൾ കേൾക്കാം. കരിപ്പുക അവിടെയെല്ലാം പരക്കുന്നു. പുറത്തിറങ്ങിയ അയാൾ വരാന്തയിലൂടെ നടന്ന്, കമ്പി അഴികളിൽ മുഖമമർത്തി കരഞ്ഞു. താഴെ, ഗല്ലിയിൽ തീപടരുന്നു, പശുക്കൾ അമറുന്നു.
പിറ്റേന്ന് വൈകുന്നേരം, നരച്ചുപഴകിയ ചെറിയസ്യൂട്കേസുമായി അയാൾ ആശുപത്രിക്കവാടം കടന്ന് റോഡിലേക്കിറങ്ങി. വാഹനങ്ങൾ കുറവായിരുന്നു.പശു മുറിവേറ്റ കാൽനീട്ടി അയവെട്ടി കിടക്കുന്നു. വടികളും ചെരുപ്പുകളും കൊടികളും വസ്ത്രങ്ങളും ചിതറിക്കിടക്കുന്ന വഴിയിലൂടെ അയാൾ നടന്നു. പൊലീസ് ജീപ്പുകൾ ശബ്ദംമുഴക്കി അങ്ങോട്ടുമിങ്ങോട്ടും പായുന്നു. കത്തിയമർന്ന കടകൾക്കരികിലൂടെ നടന്ന്, ഗല്ലിയിലേക്കുള്ള ഇടുങ്ങിയവഴിയിലേക്ക് അയാൾ കടന്നു.
റെയിൽവേ സ്റ്റേഷനിലേക്ക് പലപ്പോഴുമയാൾ ഈവഴി പോയിട്ടുണ്ട്. അങ്ങിങ്ങായി ഉയരുന്ന പുകപ്പടർപ്പിനുള്ളിലൂടെ നടന്നു. കണ്ണുകൾ നീറാൻ തുടങ്ങിയപ്പോൾ മുഖംകഴുകാനായി തെരുവോരത്തെ പൈപ്പിൻചുവട്ടിലേക്ക് നീങ്ങി. മുഖം കഴുകുമ്പോഴാണ് പുരാതനമായ മദ്റസയും പള്ളിയും കത്തിയമർന്നത് കാണുന്നത്.
കരിഞ്ഞുപോയ കെട്ടിടത്തിനുള്ളിലെ ചാരമായ ഗ്രന്ഥങ്ങൾക്കരികിലിരുന്ന് സൂഫിവര്യൻ കരയുന്നത് നോക്കി അയാൾ അനക്കമറ്റുനിന്നു. കരിഞ്ഞചിറകുകളുമായി പ്രാവ് പള്ളിയുടെ മൂലയിൽ കോറിപ്പിടിച്ചിരിക്കുന്നു. പെട്ടെന്ന്, ഓടിവന്ന വൃദ്ധൻ സ്യൂട്കേസെടുത്തു പാഞ്ഞു. അയാൾ ഒച്ചവെച്ച് പിറകെ കൂടി.
വീടുകൾക്കിടയിലൂടെയും അഴുക്കുചാലുകൾക്കരികിലൂടെയും വൃദ്ധൻ പാഞ്ഞു. പന്നികളെ തള്ളിമാറ്റി, മതിൽ ചാടിക്കടന്ന്, ചപ്പുചവർ കൂനകൾക്കിടയിലൂടെ ഓടുന്ന വൃദ്ധനെ അയാൾ പിന്തുടർന്നു. ചതുപ്പിലെ കല്ലുകളിലൂടെ ചാടിച്ചാടി റെയിൽപ്പാളത്തിലേക്ക് കയറിപ്പോവുന്നത് അയാൾ കണ്ടു. റെയിൽപ്പാളങ്ങൾ കടന്ന് ഓടുന്നതിനിടയിൽ അയാൾ കല്ലുകൾ വൃദ്ധനുനേരെ എറിഞ്ഞു. നിർത്തിയിട്ട ചരക്കുതീവണ്ടികൾക്കരികിൽ വെച്ചാണ് വൃദ്ധനെ കാണാതായത്. അയാളവിടെയെല്ലാം തിരഞ്ഞു. ഓരോ ബോഗിക്കുള്ളിലേക്കും എത്തിനോക്കി.
നിലവിളികേട്ട് പാളങ്ങള്‍ക്കപ്പുറത്തെ മരങ്ങൾക്കരികിലേക്ക് അയാൾ ഓടി. സ്യൂട്കേസ് മരച്ചുവട്ടിൽ കിടക്കുന്നു. വൃദ്ധൻ കരഞ്ഞുകൊണ്ട് ഇടക്കിടക്ക് സ്യൂട്കേസിലേക്ക് തിരിഞ്ഞുനോക്കി ഓടിയോടി അകലുന്നു. പുല്ലുകൾക്കിടയിൽനിന്നയാൾ സ്യൂട്കേസെടുത്ത് അടച്ചു. നെഞ്ചോടുചേർത്ത് നിലത്തിരുന്നു കിതച്ചു. മരങ്ങൾക്ക് മുകളിലൂടെ പരുന്ത് വട്ടംചുറ്റി പറക്കുന്നതു കണ്ടു. അകലെ കാണുന്ന റെയില്‍വേ സ്റ്റേഷനിലേക്ക് അയാൾ നടന്നു.
അയാൾ പ്രതീക്ഷിച്ചിരുന്ന തീവണ്ടിയുടെ വിവരങ്ങൾ ഉച്ചഭാഷിണിയിലൂടെ കേട്ടു. സ്യൂട്കേസുമായി പാളത്തിലൂടെ നടന്ന്, പ്ലാറ്റ്ഫോമിലേക്ക് കയറി. മൂന്നാം പ്ലാറ്റ്ഫോമിലേക്കാണ് വരുന്നതെന്നറിഞ്ഞ്,പാലംകയറി അവിടെയെത്തി. തീവണ്ടി വരുന്നതും കാത്തുനിൽക്കുമ്പോൾ ബലൂൺ പറത്തിക്കളിക്കുന്ന പെൺകുട്ടി സ്യൂട്കേസിലേക്ക് ഉറ്റുനോക്കുന്നത് അയാൾ ശ്രദ്ധിച്ചു.
പതിയെ തലതാഴ്ത്തി അയാൾ താഴേക്കുനോക്കി. രണ്ടുമൂന്നു രക്തത്തുള്ളികൾ തറയിലേക്കുവീണിട്ടുണ്ട്. സ്യൂട്കേസിൽനിന്ന് ഒരുതുള്ളികൂടി ഇറ്റിവീണു. അയാൾ കുട്ടിയോട് ചിരിച്ച് കാലുകൊണ്ടത് തുടച്ച്, അടുത്തുള്ള ബാത്റൂമിലേക്കു കയറി.
വണ്ടി എത്തിയശേഷം അയാൾ ബാത്റൂമിൽനിന്നിറങ്ങി. പിറകുഭാഗത്തേക്ക് വേഗംനടന്നു. ചരക്കുസാധനങ്ങൾ കൂലിക്കാർ തീവണ്ടിയിലേക്ക് കയറ്റുന്നുണ്ട്. പിറകിലെ ബോഗിയിലെ പിറകിലെ സീറ്റിൽ അയാളിരുന്നു. അവിടെ ആളുകൾ ഇല്ലായിരുന്നു. സീറ്റിനടിയിലെ കമ്പിയിൽ സ്യൂട്കേസ് കെട്ടിവെച്ച് എഴുന്നേറ്റു, ഫോണെടുത്തു. രണ്ടുമൂന്നു യാ ത്രക്കാർ സീറ്റിലേക്ക് വന്നിരുന്നു. ഫോൺവിളിച്ച് വാതിൽക്കലേക്ക് നടന്ന്, പുറത്തിറങ്ങി. പുറപ്പെടാനുള്ള ചൂളംവിളി മുഴങ്ങുന്നു. പച്ച സിഗ്നൽ തെളിഞ്ഞ്, വണ്ടി നീങ്ങുമ്പോൾ അയാൾ ജാലകത്തിലൂടെ സീറ്റിനടിയിലെ സ്യൂട്കേസ് നോക്കി.
രാത്രി അയാൾ ആശുപത്രിയിലെ വാർഡിലെത്തി. ഭാര്യയും കുഞ്ഞും കട്ടിലിൽ ഉറങ്ങുകയാണ്. കുഞ്ഞിനായി കമ്പിളിപ്പുതപ്പ് വാങ്ങിയിരുന്നു. പുറത്ത് മഴപെയ്യുന്നുണ്ട്. അയാൾ കമ്പിളികൊണ്ട് കുഞ്ഞിനെ പുതപ്പിക്കുമ്പോൾ ഭാര്യ കണ്ണുതുറന്നു. കഴിക്കാനുള്ള മരുന്നുകളെടുത്തു കൊടുക്കുമ്പോൾ അവൾ അയാളുടെ വിരലുകളിൽ പിടിച്ചു.
‘എന്തുചെയ്തു അവനെ..?’
‘ഭഗവാന്‍ രണ്ടു കുഞ്ഞുങ്ങളെ നമുക്കു തന്നു. ഒന്നിനെ തിരിച്ചെടുക്കുകയും ചെയ്തു.’
‘ആശുപത്രിമാലിന്യങ്ങളിലേക്ക് അവനെ തള്ളിയോ..?’
‘ആംബുലൻസിനായി അവർ പറഞ്ഞ വാടക താങ്ങാവുന്നതിനേക്കാളും അധികമായിരുന്നു, ചമേലി. ഞാനവനെ നമ്മുടെ മണ്ണിലേക്ക് തന്നെ...’
‘എങ്ങനെ..?’
‘രാവിലെ അവൻ നമ്മുടെ ചോട്ടുവിന്‍റെ കൈകളിലെത്തും. ചോട്ടു അവനെ മുത്തശ്ശിയുടെ അരികിലെത്തിക്കും. അവർ നമ്മുടെ മണ്ണിലേക്കവനെ...’’
കുഞ്ഞു കരഞ്ഞു. അവൾ ചെരിഞ്ഞുകിടന്ന് തലോടി. എന്നിട്ടും കരച്ചിലടക്കാതായപ്പോൾ മുലകൊടുക്കാനായി അയാൾ കുഞ്ഞിനെ പതിയെ ഉയർത്തിക്കൊടുത്തു. മുലക്കണ്ണിലേക്ക് കുഞ്ഞു ചുണ്ടുകൾ ചേർത്തു. മഴയിലൂടെ മിന്നലുകൾ ചിത്രംവരക്കുന്നുണ്ടായിരുന്നു.
ചെരുപ്പുകൾ തുന്നുമ്പോഴും അവൻ ചൂളംവിളിക്കായി കാതോർത്തുകൊണ്ടിരുന്നു. പലരും കൂലിചോദിക്കുമ്പോഴും മറുപടിപറയാതെ പണിതുടരുന്ന അവൻ കിട്ടിയ പൈസ പെട്ടിയിലേക്കിട്ടു. തോലിലൂടെ സൂചിയും നൂലും നീങ്ങുമ്പോഴും ഉള്ളിൽ പാളങ്ങളും കറങ്ങുന്ന ഇരുമ്പുചക്രങ്ങളുമായിരുന്നു. റിക്ഷാവാലകൾ റെയിൽവേസ്റ്റേഷൻ ഭാഗത്തേക്ക് നീങ്ങുന്നു. ഉച്ചഭാഷിണിയിലൂടെ തീവണ്ടി വരുന്ന വിവരങ്ങളുയർന്നു. അവൻ ആയുധങ്ങൾ പെട്ടിയിലേക്കിട്ട് അടച്ചു. എഴുന്നേറ്റ്, റെയിൽപാളങ്ങളുടെ അറ്റത്തേക്ക് നോക്കി നടന്നു.
‘ചോട്ടൂ... എങ്ങോട്ടാടാ..?’
ബാഗുതുന്നുന്നയാൾ ചോദിച്ചു.
‘വണ്ടിയിൽ ഒരാള് വരുന്നുണ്ട്...’
അവൻ തെരുവിലൂടെ റിക്ഷകൾക്ക് പിറകെ ഓടി, ഒന്നിലേക്ക് ചാടിക്കയറി. ചൂളംവിളി അരികിലേക്കണയുന്നു. തീവണ്ടി പ്ലാറ്റ്ഫോമിലൂടെ നീങ്ങുന്നതിനിടയിൽ അവൻ പിറകിലെ ബോഗിയിലേക്കു പാഞ്ഞു.
മുത്തശ്ശിയുടെ കൈകളിലെ വെള്ളത്തുണിയിൽ കുഞ്ഞ് മലര്‍ന്നുകിടക്കുകയാണ്. പത്തി വിടർത്തിയ നാഗത്തലയുള്ള വടിയുംകുത്തി ഊരുമൂപ്പൻ മുന്നിൽ നടക്കുന്നു. വിറകുകൾ പുറത്തുവെച്ചുകെട്ടിയ കഴുത മുത്തശ്ശിക്ക് പിറകിൽ ചുവടുകൾവെക്കുന്നുണ്ട്. കഴുതക്കിരുവശത്തും ചോട്ടുവും പറകൊട്ടുന്ന യുവാവും. അവർക്കെല്ലാം പിറകിൽ രണ്ടുപട്ടികൾ തലതാഴ്ത്തി നടക്കുന്നു. വറ്റിവരണ്ട പുഴയിലൂടെ സംഘം നീങ്ങുകയാണ്. നീർപ്പക്ഷിക്കൂട്ടം ഒച്ചവെച്ച് അവര്‍ക്കു മുകളിലൂടെ വരിവരിയായ് പറക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.