കഥ: റൂഹകന്നവർ ഒരുമിച്ചു കൂടുന്നിടം
text_fieldsഅന്നവൻ പുരവിട്ട് പുറത്തിറങ്ങുമ്പോൾ പ്രിയതമ യാത്രയായിട്ട് ഒമ്പതു മാസവും ഒമ്പതു ദിവസവും. അർധരാത്രി, ജിന്ന് ഇറങ്ങുന്ന സമയം, പരിസരമാകെ ഉമ്മുമ്മ പറയാറുള്ള ഊദിൻഗന്ധമല്ല. പകരം ചുടുരക്തത്തിൻ മണം, നാഭിയുടെ ഞരമ്പുകളിൽ കയറിയിറങ്ങിയ കൊലക്കത്തിയിൽനിന്ന് ഇറ്റിവീഴുന്ന ഇളംചോരയുടെ മണം. പോകുന്ന വഴികളിൽ റാന്തൽ കെട്ടുതുടങ്ങിയിരിക്കുന്നു.
കൈയിലുള്ള ചൂട്ടും കത്തിത്തീരാറായി, കൂരിരുട്ടിൽ വഴികൾ എത്ര താണ്ടിയിട്ടും എത്താത്തപോലെ. പള്ളിമൂലയിലെ ആദ്യ വളവു കഴിഞ്ഞപ്പോൾതന്നെ റൂഹകന്നവർ ഒരുമിച്ചു കൂടുന്നിടം പ്രകാശമാണ്. എല്ലാവരും സജീവമായിട്ടുണ്ട്, അവനെത്തുമ്പോൾ കൈയിൽ മത്തുപിടിപ്പിക്കുന്ന ഊദിൻഗന്ധമുള്ള തിരിവിളക്കുമേന്തി തന്റെ പ്രിയപ്പെട്ടവൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
മീസാൻകല്ലിൽ ചേർത്തുവെച്ച മൈലാഞ്ചിച്ചെടിയിൽനിന്ന് വേരിറങ്ങിയ തൂവെള്ള വസ്ത്രധാരിയാണ് ഇന്നവൾ. എന്താ ഇത്ര വൈകിയത് എന്നിലേക്ക് എത്താൻ? അവളുടെ ചോദ്യത്തിന് നീണ്ട നേരത്തെ മൗനമായിരുന്നു ഉത്തരം. പടച്ചവൻ ഒരുമിപ്പിച്ചവരാണ് നമ്മളെ, എന്നാലോ ഭൂലോകത്ത് മനുഷ്യൻ അവരുടെ കാരണത്താൽ വേർപെടുത്തി. എല്ലാ വേലിക്കെട്ടുകളും പൊളിച്ചു ഞാൻ നിന്നെ സ്വന്തമാക്കിയപ്പോൾ അവസാനം അവര് കണ്ടെത്തിയ കാരണം എന്തായിരുന്നു? ഇനിയും എന്നോട് നീ പറയാത്തതിന്റെ കാരണം? ഉയർന്ന കുടുംബകുലീനതയുള്ള ഹാജ്യാർക്കു താഴ്ന്ന കുടുംബത്തിലെ മൊയ്ലിയാര് കുട്ടിയെ പിടിച്ചില്ലേ? ഇരുവരും നീണ്ട നേരത്തെ മൗനം. ആ മൗനം അവരെ കാലങ്ങൾക്കു പിറകിലേക്കു കൊണ്ടുപോയി. പള്ളി ദർസിൽ പോയിരുന്ന കാലം. ഉമ്മുമ്മയുടെ വാക്കുകൾക്കു ചെവികൊടുക്കാതെ മിക്കവാറും അർധരാത്രിയാണ് അവൻ പുര വിട്ട് ഇറങ്ങാറ്.
കുന്നിൻമുകളിലെ പള്ളിയിൽ ജിന്ന് ഇറങ്ങി ചരിവിൽ റൂഹകന്നവർ ഒരുമിക്കുന്ന സമയമാണ്. ഇരുട്ടിൽ കുന്നുകയറിയിറങ്ങി പള്ളിയുടെ വളവു തിരിഞ്ഞുള്ള യാത്ര അത്ര നന്നല്ല. രണ്ടു രണ്ടര കിലോമീറ്റർ ചൂട്ടും കത്തിച്ചു നടന്നു വേണം കവലയിൽ എത്താൻ. പുലർച്ച നാലിനും നാലരക്കുമിടയിൽ മലപ്പുറം-മഞ്ചേരി കെ.എസ്.ആർ.ടി.സി ബസുണ്ട്. നേരത്തേ കവലയിൽ എത്തിയാൽ ബസ് വരുന്നതുവരെ കഥ പറഞ്ഞിരിക്കാൻ അവളുമുണ്ടാകും. മഞ്ചേരിയിൽതന്നെ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്. ആഴ്ചയിൽ വെള്ളി അവധി കഴിഞ്ഞ് തിരിച്ചുപോക്കിൽ കണ്ടുമുട്ടുന്ന നേരമുള്ള കഥപറച്ചിൽ, ഓരോ തവണ വന്നുപോകുമ്പോഴും അവന് അവളോട് പറയാനുണ്ടാകും നടന്നുവരുമ്പോൾ കണ്ട കഥകൾ... മത്സ്യപ്പണി കഴിഞ്ഞ് പള്ളിക്കുളത്തിൽ കുളിക്കാൻ വരുന്നവർ, അകത്തെ പള്ളിയടച്ചാൽ പുറത്തു നിസ്കരിക്കുന്നവർ, ചാപിള്ളയെ മറമാടുന്നവർ, കൂടോത്രം ചെയ്ത് ചേക്കുട്ടി പാവാനെ അടക്കംചെയ്യുന്നവർ, ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിക്കുന്നവർ, അങ്ങനെ നീണ്ടുപോകുന്നു. ആഴ്ചകൾ മാസങ്ങളിലേക്കും പിന്നീട് വർഷങ്ങളിലേക്കും വഴിമാറിയപ്പോൾ അവരുടെ ബന്ധം ദൃഢമാവുകയും ഹാജിയാരുടെ മകൾക്കു മൊയ്ലിയാര് കുട്ടി ഇല്ലാത്ത ജീവിതമില്ലെന്ന തീരുമാനത്തിലേക്കും എത്തേണ്ടിവരുകയും ചെയ്തു. കാര്യകാരണം ഹാജിയാരുടെ ചെവിയിലും എത്തി. വാർത്ത പരന്നു, നാടും നാട്ടുകാരും പിറുപിറുപ്പിന്റെ മുറുക്കം കൂടിവന്നു.
കോടികളുടെ ആസ്തിയുടെ ഏക അവകാശി കൊച്ചുമോള് അഥവാ അവളെ കെട്ടുന്ന മരുമകൻ. ഇതിലേറെ ആസ്തിയുള്ള ഒരു മരുമകനെ കാത്തിരിക്കുന്ന ഹാജ്യാർക്കു കലികയറി. ശിങ്കിടികളോട് ഹാജിയാരുടെ കൽപന. നിഗൂഢമായി അവരത് നടപ്പാക്കുകയും ചെയ്തു.
ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞിരുന്ന് അവര് എന്റെ നെഞ്ചിലേക്ക് കഠാരയിറക്കുമ്പോൾ എന്തിനാണ് നീ സംരക്ഷണമതിൽ തീർത്തത്? ഈ കുന്നിൻചരിവിൽ അന്തസ്സിന്റെയും അഭിമാനത്തിന്റെയും പേരിൽ നമ്മൾക്കു മുന്നിൽ തീർത്ത വേലിക്കെട്ടുകളില്ല, സ്വതന്ത്രമായി വിഹരിക്കാം... ഉദരത്തിൽ പിറക്കാതെപോയ കുഞ്ഞിന്റെ പുഞ്ചിരിയിൽ സന്തോഷത്തിൻ അലയൊലികൾ തീർക്കാം. ഇവിടെയാണ് നമ്മളുടെ സ്വർഗം. റൂഹകന്നവർ പള്ളിക്കാട്ടിലെ ഒരു മൂലയിലെ കുന്നിൻചരിവിലിരുന്ന് ഓർമകളുടെ ചെപ്പുതുറന്നു കഥകൾ തുടരുമ്പോൾ കവലയിലെ ബസ് സ്റ്റോപ്പിൽ ആളുകളെ കയറ്റാൻ കെ.എസ്.ആർ.ടി.സി ബസ് വന്നു നിൽപുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.