കഥ: വെള്ളിമൂങ്ങയും നക്ഷത്രങ്ങളും
വെള്ളിമൂങ്ങയും നക്ഷത്രങ്ങളും
അപ്പം തിന്നാൽപ്പോരേ കുഴിയെണ്ണണോയെന്നേ അവർ തിരിച്ചു ചോദിക്കുകയുള്ളൂ. ശരിയാണ് -അത്രേയൊള്ളൂ! എങ്കിലും അറിയാനുള്ളൊരു ആകാംക്ഷ.അതോണ്ടാ അത്യപൂർവമായിട്ടെങ്കിലും നടക്കുന്ന ഇടപാടിനിടെ അവരോടത് ചോദിക്കുന്നത്. ഏറ്റവുമൊടുവിൽ അവ എത്തുന്നത് ആരുടെ കൈകളിലായിരിക്കാം, അവരവയെ കൊല്ലുമോ വളർത്തുമോ? വിദേശത്തേക്ക് കടത്തുകയാണത്രെ ചെയ്യാറ്. അതിൽത്തന്നെ ധാരാളം ഉത്തരമായി. കിട്ടുന്ന വൻ തുകയും വിറ്റുകഴിഞ്ഞാൽപ്പിന്നെ മറ്റൊരു റിസ്ക്കുമില്ലെന്നുള്ള സൗകര്യവുമാണ് തങ്ങൾ മൂവരെയും നിരന്തരം ഇതിലേക്ക് ആകർഷിക്കുന്നത്. പക്ഷേ സൂക്ഷിക്കണം, പോലീസെങ്ങാനം അറിഞ്ഞാൽ കഥ കഴിഞ്ഞു.
പിന്നെ ടീവീലും പത്രങ്ങളിലും സകല മൊബൈൽ ഫോണുകളിലും ഫോട്ടോയും വാർത്തകളും കൊണ്ട് നിറയും. എല്ലാം കഴിഞ്ഞ് ജാമ്യത്തിൽ പുറത്തിറങ്ങിയാൽ രണ്ടാം പീഡനം. പണ്ട് ഇങ്ങനെ പുറത്തിറങ്ങിയ ഗോപാലേട്ടന്റെ ഏനക്കേട് കുറെ കണ്ടതാണ്. എന്തിനാ നക്ഷത്ര ആമകളെ കൊണ്ടുപോണേ, എന്തിനാ വെള്ളിമൂങ്ങയെ പിടിക്കണേ... എവിടേക്കാ കൊണ്ടുപോണെ എന്തു വിലകിട്ടി... പോലീസ് നന്നായി തല്ലിയോ... അഥവാ ജയിലാണെങ്കിൽ എത്ര കിടക്കേണ്ടിവരും... പോകുന്നിടത്തെല്ലാം ചോദ്യങ്ങളും ജിജ്ഞാസകളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും. ഒടുവിൽ കൊല്ലങ്ങളോളം ഗോപാലേട്ടന് നാട്ടീന്നു മാറിത്താമസിക്കേണ്ടി വന്നു. അതൊക്കെ ആലോചിക്കുമ്പോൾ എന്തിനാ ഈ പണിക്കു പോണതെന്ന് ആത്മഗതം. എന്നാലും മുടിനാരിഴക്ക് രക്ഷപ്പെട്ടാൽ കിട്ടാൻപോകുന്ന തുകയുടെ വലുപ്പമോർക്കുമ്പോൾതന്നെ നെഞ്ചിടിപ്പാണ്. ഇതുവരെ ചിലരുടെ കൂടെ പേടിക്ക് ഒപ്പം പോയതേയുള്ളൂ.
ഒറ്റ ട്രിപ്പിനു കൂടെപ്പോയതിന് അവർ ഇത്രയധികം കൂലിതരുന്നുവെങ്കിൽ എത്രയധികം കാശ് അവർക്ക് കിട്ടണം! ആകണമെങ്കിൽ നൂറൂനെപ്പോലെയും കണ്ണനെപ്പോലെയുമാകണം. എന്തൊരു ധൈര്യമാണ്. വെള്ളിമൂങ്ങയും നക്ഷത്ര ആമകളും ഇരുതലമൂരിയുമൊക്കെ എന്തെന്ന് വല്ലപ്പോഴുമാണ് വാർത്തകളിലൂടെ മാലോകരറിയുന്നത്. എന്നാൽ, നൂറുവിന്റെയും കണ്ണന്റെയും ലോകം നേരം വെളുക്കുന്നതുതന്നെ ഇന്നലെത്തെപ്പോലെ നല്ലൊരു കോള് ഇന്നെവിടുന്നു കിട്ടും എന്നാലോചിച്ചാണ്. സൂക്ഷിക്കണേ, പലനാൾ കള്ളൻ ഒരു നാൾ പിടിയിലെന്ന് കെട്ടിയോളുമാര് ചിലപ്പോൾ ഗുണദോഷിക്കും. സാരല്യ, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്നുകൂടി ചേർത്തുപറഞ്ഞിട്ടേ അവർ വായ പൂട്ടൂ. കിട്ടാനുള്ള പ്രയാസങ്ങളും പിടിക്കപ്പെടുമോ എന്ന ആധിയും സദാ കൂടെയുണ്ടാകുന്നതാണ് ഇതിന്റെയൊരു റിസ്ക്കെന്ന് പറയുന്നത്. അതാലോചിക്കുമ്പോൾ മണിക്കുട്ടന്റെയൊപ്പം മാഹിക്ക് പോകാൻ കഴിയാത്തതിൽ വിഷമം തോന്നും.
അവൻ കുറെ വിളിച്ചതാണ് ആ പരിപാടിക്ക്. ഇപ്പോൾ പത്തിരുപത് പണിക്കാരുള്ള ചെറിയൊരു കള്ളു മുതലാളിയായി അവൻ മാറിയത് സങ്കടകരംതന്നെ. എല്ലാത്തിനും തലവര നന്നാവണം. വെറുതെ സങ്കടപ്പെട്ടിട്ട് കാര്യല്യ. എണ്ണൂറും ആയിരവും കൂലിവാങ്ങി മനുഷ്യൻ ദിവസച്ചെലവിന് നെട്ടോട്ടമോടുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കി മക്കളെ കെട്ടിച്ചുവിടുന്നു. പട്ടിണി കിടന്നും വീട് മോടികൂട്ടുന്നു. എന്നാൽ, ഈയൊരു ഏർപ്പാടാണെങ്കിൽ ഇങ്ങനെ പെടാപ്പാടൊന്നും വേണ്ട. ജീവിതം എത്ര മനോഹരമായേനെ. ‘‘ബാവാ... ഇന്നൊരു കോളുണ്ട്...’’ -സതീഷ് കുലുക്കി വിളിച്ചപ്പോൾ ഞെട്ടിയുണർന്നു. ‘‘എന്താണ്ടാ... ആൾക്കാര് ഒറങ്ങ്ണ നേർത്ത്... ശല്യം...’’ ‘‘നട്ടുച്ചക്കാണ്ടോ അന്റെ ഒറക്കം?’’ ‘‘ടാ, എണീക്ക്. ഒരു കോളൊത്ത്ക്ക്ണ്... സുരന്റെ മോൻ കിച്ചൂന് അജ്ജിന്റോട്ന്ന് കിട്ടി. വെളുപ്പിന് കാക്കോള് ആർക്ക്ണണ്ടപ്പം ചെക്കൻ ചെന്ന് നോക്ക്യേതാ... പുല്ലുങ്കൂട്ടത്തില് പറക്കാൻ പറ്റാതെ നിക്കാ സാനം... വെള്ളീന്ന് പറഞ്ഞാ തനി വെള്ളി.
മൂങ്ങാണ്ന്ന് ഒരു കുട്ടീം പറയൂല... എടാ... എന്തൊരു ചന്താ കാണാന്...’’ വേഗം ഷർട്ടെടുത്തിട്ട് സതീഷന്റെ ഒപ്പം തിരക്കിട്ട് നടന്നു. പാലത്തിനു മുകളിലെത്തിയപ്പോൾ സുരയെ വിളിച്ചു. ‘‘ഇങ്ങള് അവിടെത്തന്നെ നിക്കണ്ട. തോട്ടിന്റെ അപ്പർത്ത്ക്ക് എറങ്ങി നിന്നോളീം.. ആരും കാണണ്ട. ഞാനിപ്പളെത്തും’’ -സുര ആവേശത്തോടെ പറഞ്ഞു. മണ്ണടിക്കാര് ഓലകൊണ്ട് മറച്ചുവെച്ച മൺകൂനകളിലൊന്നിൽ സതീഷന്റെ തോർത്ത് വിരിച്ച് രണ്ടാളുമിരുന്നു. ‘‘എടാ സത്യേ... ഒരുർപ്പ്യ ചെലവില്ലാതല്ലെ മണ്ണിടിക്കാര് ഈ പൈസൊക്കെണ്ടാക്ക്ണ്... ആകെ വേണ്ടത് ഒരു പൊളിവഞ്ചിയും ബുക്കും പേപ്പറുമില്ലാത്ത ഒരു ടിപ്പറും... ഞമ്മക്കും നോക്കാടോ ഈ പരിപാടി. വഞ്ചി ഞാനൊപ്പിച്ചോള. ടിപ്പറ് നിങ്ങള് രണ്ടാളും നോക്കണം. പണിക്ക് നമ്മള് മൂന്നാളും. എന്ത് പറയ്ണ്...?’’ ബാവ മൺകൂനയിൽ മുട്ടുകുത്തി നിന്നു. ‘‘പഹയാ ഒരുർപ്യന്റെ ചെലവില്യാന്ന് പറയരുത്. കാണേണ്ടോരെ കാണേണ്ടപോലെ കണ്ടെങ്കിലേ നടക്കൂ.. അയ്നെന്നെ വേണം ലക്ഷങ്ങള്... എന്നിട്ട് ഊരും പേരൂല്യാത്ത ഉസറുള്ളൊരു ഡ്രൈവറും വേണം ടിപ്പറോടിക്കാൻ... അതൊക്കെ ചെലവ് തെന്നാണ്.
ഇങ്ങനെ നല്ല കാശ് കിട്ടിവരുമ്പോളാകും ഏതെങ്കിലും സ്കൂൾ കുട്ടിന്റെയോ ഒരു പണീല്ലാത്തത്തിന് വ്യായാമമെന്നും പറഞ്ഞ് രാവിലെ നടക്കാനിറങ്ങുന്ന ഏതെങ്കിലും തന്തപ്പടിമാരുടെയോ മേത്ത് ടിപ്പറ് കേറുന്നത്. അതോടെ തീർന്ന് എല്ലാം.. പിന്നെ നാടും വീടും വിട്ട് ഓടണം. കായി നല്ലോണണ്ടെങ്കിലോ, ഒന്നും ഒരു പ്രശ്നല്ല. പക്ഷെ, കായി വേണം...’’ ‘‘എന്നാപ്പിന്നെ വിട്ടേക്ക്... റിസ്‌ക്കെടുക്ക്ണ കാര്യേ പറയണ്ട’’ നേരം ഉച്ചയാകുന്നു. സുര ഇതെവിടെപ്പോയി. ബാവ മൊബൈലെടുത്ത് ഒന്നുകൂടെ വിളിച്ചു. ‘‘ആ... ങ്ങള് അവിടെത്തന്നെ ഇരിക്കാണോ ഇപ്പളും... എടാ ഒരബദ്ധം പറ്റി. കിച്ചുമോൻ അതിനെ തുറന്നു വിട്ടെടോ... ഏതോ തെങ്ങിന്റെ മുകളിലുണ്ട്. കാക്കേള് നല്ല ആർപ്പും വിളിയും...’’ ‘‘നീയപ്പോ കിച്ചുമോന്റെ കൈയിലെന്തിനാ അയ്നെക്കൊട്ത്തെ...?’’ ‘‘എടാ... അവനല്ലേ സാധനം കിട്ടീത്. സ്‌കൂളീ കൊണ്ടാകാണ്ന്നും പറഞ്ഞ് അതിനെ കൂട്ടീന്ന് പിടിക്കാൻ നോക്കീതാ... അതാ പറന്ന്...’’ ‘‘എന്നട്ട് ഓനോ... അന്റെ കിച്ചുമോൻ...’’ നൂറു അരിശം ഉള്ളിലൊളിപ്പിച്ച് ചോദിച്ചു. ആ ചെക്കൻ ആള് ശരിയല്ല. ഇത്ര ചെറുപ്പത്തിലേ വായില് കൊള്ളാത്ത വർത്താനങ്ങളെ പറയൂ.
വംശനാശം, ആഗോളതാപനം, പശ്ചിമഘട്ടം... എവിടുന്നു കിട്ടുന്നെടാ ഇവനിതൊക്കെ...? ‘‘പാവം ന്റെകുട്ടി... കരഞ്ഞോണ്ടാ ഓൻ സ്‌കൂളീ പോയത്’’. സുര ഫോൺ കട്ട് ചെയ്തു. ‘‘നേരം വൈക്യാ സാധനം കടന്നുകളയും. ഇരുട്ടായാൽ അയ്‌ന് കണ്ണ് തെളിയും... പിന്നെ ജീവണ്ടെങ്കീ ഈ പരിസരത്തേക്ക് അതു വരൂല’’. സതീഷന്റെ സ്‌കൂട്ടി സൂര്യയുടെ വീട് ലക്ഷ്യമാക്കിപ്പാഞ്ഞു. ‘‘വെള്ളിമൂങ്ങാണെന്ന് ആരോടും പർഞ്ഞിറ്റില്ല.. മൂങ്ങാണെന്നാ എല്ലാവരോടും പർഞ്ഞിറ്റ്ള്ളത്...’’-സുരയുടെ വീട്ടുവളപ്പിലെ കാക്കകൾ കൂട്ടംകൂടിയാർക്കുന്ന തെങ്ങിലേക്ക് തളപ്പിടുമ്പോൾ ബാവയോട് സുര പറഞ്ഞു. പരിചിതനായ തെങ്ങുകയറ്റക്കാരനേക്കാൾ വേഗത്തിൽ ബാവ മുകളിലേക്ക് കുതിച്ചു. ‘‘ചെക്കനിതിഷ്ടായിട്ടില്ല. ഹെഡ്മാഷോട് പറഞ്ഞാൽ കൊണ്ടോകാൻ വേറെ ആൾക്കാര് വരുമെന്ന് പറഞ്ഞാ സ്കൂളിൽ പോയിട്ടുള്ളത്’’.
-താഴെ സുരനോടും സതീഷനോടും സരസു സ്വകാര്യമെന്നോണം പറഞ്ഞു. ‘‘കുട്ട്യോൾക്ക് എന്തറിയാം സരസോ’’ സുര അവളെ രൂക്ഷമായി നോക്കി. ‘‘ഒരു കുടുംബം പോറ്റാനുള്ള തത്രപ്പാട് ഓല്ക്കറിയോ’’ ‘‘ഉം...’’സരസു അതേയെന്നു തലയാട്ടി. കാക്കകൾ ആർപ്പുവിളികളുമായി തലങ്ങും വിലങ്ങും പറക്കുകയും വാവയുടെ തല റാഞ്ചുകയും ചെയ്തുകൊണ്ടിരുന്നു. ജീവിതത്തിൽ ഒരിക്കൽപ്പോലും കണ്ടിട്ടുണ്ടാവില്ല അവയൊന്നും ഈ സാധനത്തെ. എന്നിട്ടും അപ്പനപ്പൂപ്പന്മാരിൽനിന്നോ മറ്റോ അറിഞ്ഞിട്ടെന്നവണ്ണമാണ് അവയുടെ ആക്രാന്തം. ഇതുവരെ കാണാത്ത ഒന്നിനെ കണ്ടുപേടിച്ചതോ അതോ വെറും കൗതുകമോ... ഇക്കാര്യത്തിൽ മനുഷ്യരെപ്പോലെതന്നെ എല്ലാ ജീവികളുമെന്നു തോന്നുന്നു. ഒരു കൈയ് തെങ്ങിൽ ചേർത്തുപിടിച്ച് മറു കൈകൊണ്ട് നെഞ്ചിൽ പൂട്ടി പതിയെ പതിയെ ബാവ താഴേക്കിറങ്ങി. ‘‘വെള്ളം കൊണ്ട, ദാഹിക്ക്ണ് സരസോ...’’വെള്ളിമൂങ്ങയെ കണ്ണുനിറയെ നോക്കിക്കൊണ്ടിരിക്കുമ്പോൾ ബാവ തന്റെ കഠിനാധ്വാനത്തെ സൂചിപ്പിച്ചു. വെള്ളമെടുക്കാൻ സരസു അകത്തേക്കോടി.
സുന്ദരമായ മുഖത്തെ നിഗൂഢതയൊളിപ്പിച്ച അതിന്റെ കണ്ണുകൾ ദയാവായ്പ്പിനായി ആരെയോ തിരഞ്ഞുകൊണ്ടിരുന്നു. സർവ ശക്തിയുമെടുത്ത് കുതറിപ്പറക്കാൻ വെമ്പൽകൊള്ളുന്ന അതിനെ അടക്കിനിർത്താൻ ബാവ പാടുപെടുന്നുണ്ട്. പിടിയെങ്ങാനും മുറുകിയാൽ കഥ കഴിയുമോ എന്ന പേടിയിൽ ഇറയത്തെ വീശുവലയുമായി ഓടിവന്നു സുര. ‘‘വേണ്ട വേണ്ട... വല്ല പെട്ടിയോ കോഴിക്കൂടോ എടുത്തിട്ടു വാ... ഇപ്പോക്കിടന്ന് പരക്കം പാഞ്ഞിട്ട് കാര്യല്യ.
നമ്മളിത്തരം സംഗതികളൊക്കെ മുൻകൂട്ടിക്കാണണം. ഇത് മ്മളെ ചോറല്ലേ...’’ സുര പഴയൊരു തക്കാളിപ്പെട്ടിയുമായി വന്നു. പെട്ടി നേരെപിടിച്ച് കണ്ണുചിമ്മുന്ന വേഗതയിൽ ബാവ അതിനെ പൂട്ടി. ‘‘കിച്ചുമോൻ സ്‌കൂളുവിട്ട് വരണുണ്ട്’’ സരസു വെള്ളവുമായി വന്നു. ഓന്റെ കൂടെ മാഷെമ്മാരോ ആരൊക്കെയോ ണ്ട്...’’ ‘‘പടച്ചോനേ, കുടുങ്ങ്യ...’’ ബാവ നെഞ്ചത്ത് ആഞ്ഞൊരു അടിയടിച്ചു. ‘‘പെട്ടിയിലാക്കി ഇതിനെ എവിടേക്കാ കൊണ്ടുപോകുന്നെ?’’ -കിച്ചുമോന്റൊപ്പം അടുക്കളവശത്തേക്ക് കടന്നുവന്നവരിൽ കാക്കി പാന്റ്സിട്ട മാഷ് ചോദിച്ചു. ‘‘ആർക്ക് കൊടുക്കാനാ ഇത് കൊണ്ടുപോണേന്ന്...??’’ -കൂട്ടത്തിൽ ഉയരമുള്ള മറ്റൊരു കാക്കിപ്പാന്റ്സുകാരൻ കണ്ണുരുട്ടി. ‘‘വാ, ആ പെട്ടിയുമെടുത്ത് വണ്ടീലോട്ട് കേറ്’’. അച്ഛനെയും കൂട്ടുകാരെയും പോലീസുകാർ കൊണ്ടുപോകുന്നത് കണ്ട് കിച്ചുമോൻ ചിരിച്ചു. പെട്ടിയുടെ പൊളിഞ്ഞ പാളിയിലൂടെ തെളിഞ്ഞ സുന്ദരമായ കണ്ണുകൊണ്ട് വെള്ളിമൂങ്ങ കിച്ചുവിനോടെന്തോ പറയുന്നുവെന്ന് സരസു അവനു കാണിച്ചുകൊടുത്തു...