ഉപ്പുനീരോർമ്മകൾ... കഥ
text_fieldsഅവൾക്കൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത വേവലാതി ഉണ്ടായി. എനിക്കേറെ പ്രിയപ്പെട്ടൊരുവൻ മരിച്ചു മണ്ണോടു ചേർന്ന് ആണ്ടുകൾ പലതും കഴിഞ്ഞെങ്കിലും അവളിപ്പോഴും അവെൻറ ആണെന്ന ചിന്തയിലാണ് ഞാൻ. അവൾക്കെന്തെ അങ്ങനെ തോന്നാത്തു? അവനവളെ പ്രണയം കൊണ്ട് പൊതിഞ്ഞതല്ലേ, മരണം കൈ പിടിക്കും വരെ അവളോടൊട്ടിയല്ലേ അവൻ നിന്നത്. എന്നിട്ടുമെന്തേയ് അവൾ അവനൊരു പകരക്കാരനെ തേടുന്നു? പലയാവർത്തി ഞാനാ ചോദ്യങ്ങൾ ഉരുവിട്ട് ദിവസം കഴിച്ചുകൂട്ടി. ഒടുക്കം ഞാനാ ശരങ്ങൾ അവൾക് നേരെ തൊടുത്തു. അവളൊന്നു പിടഞ്ഞു.
അവളുടെ ഉണങ്ങാത്ത മുറിവിന് കാവലിരിക്കുന്നവളല്ലേ ഞാൻ, മുറിവിലൊക്കെയും മരുന്നൊഴിച്ചു ഉണക്കം കാത്തിരുന്നവളല്ലേ എന്നിട്ടും ഞാൻ എന്തിനു പിന്നെയും അവളുടെയാ മുറിവിൽ തന്നെ കുത്തി. തുടക്കത്തിലെ പതർച്ചയിൽ നിന്ന് ഉണർന്ന് അവൾ പറഞ്ഞു തുടങ്ങിയതത്രയും ഉപ്പുനീരോർമകളാണ്.
സമയക്കുറവിെൻറ പേരിൽ സ്നേഹം അടയാളപ്പെടുത്താൻ മറന്നുപോയ പ്രിയപ്പെട്ടവർ, സഹതാപം കാണിച്ചു പിരിഞ്ഞു പോയവർ, സഹായം നീട്ടി മുതലെടുക്കാൻ നോക്കിയവർ സമയമുണ്ടാക്കി തിരക്കാതെ സമയമുള്ളപ്പോൾ തിരക്കി ഇറങ്ങുന്ന ഞാനുൾപ്പടെയുള്ളവർ. ഇവരൊക്കെയും അവൾക്ക് മേൽ ഓരോ കല്ലുകൾ കയറ്റി വെച്ചപോൽ ഭാരം ചേർത്ത് വെച്ചു. ഭാരം താങ്ങാൻ ആവാതെ ചുരുണ്ടു കൂടിയ അവൾക്ക് മുന്നിൽ നീണ്ടു വന്ന കൈകൾ ആയിരുന്നു അവളുടെ പുതിയ കാമുകെൻറത്. പറഞ്ഞു തീരാതെ അവളപ്പോഴും എെൻറ മുന്നിലിരുന്നു കിതച്ചു. എെൻറ കണ്ണിലേക്കു നോക്കിയവൾ പിന്നെയും പിന്നെയും വാക്കുകൾ ഒഴുക്കി കൊണ്ടിരുന്നു. നീ പറയും പോലെ നിനക്ക് പ്രിയപ്പെട്ടവനൊരു പകരക്കാരനെ അല്ല ഞാൻ കണ്ടെത്തിയത്, ഇനിയൊരാൾക്കും അദ്ദേഹത്തിന് പകരമാവാൻ കഴിയില്ല. ഞാൻ കണ്ടെത്തിയത് എനിക്കൊരു കൂട്ട് ആണ്, മുന്നോട്ട് നീങ്ങാൻ ഒരു പ്രദീക്ഷയാണ്, ഇനിയും ഈ ഇരുളിൽ ഇങ്ങനെ ഭാരം ചുമന്നു വയ്യ, എനിക്കുമൊന്ന് വെളിച്ചം കാണണം, സ്വപ്‌നങ്ങൾ പങ്കുവെക്കണം, എനിക്കായ് സമയവും ചെവിയും വേണം, ചായാൻ ഒരു തോൾ വേണം. എന്റേത് എന്ന് പറയാൻ ഒരാൾ എങ്കിലും വേണം. ചാവുമ്പോൾ ചുമക്കാൻ അല്ല നിലക്കും മുൻപ് ചേർത്ത് നിർത്താൻ ആണ് ആൾ വേണ്ടത്.
കുത്തിയത് അവളെയാണെങ്കിലും ഇപ്പൊ നോവുന്നത് മുഴുവൻ എനിക്കാണ്. ഞാൻ എന്തേയ് ഇത് വരെ അവളെ കുറിച്ച് ഓർത്തില്ല. അവളുടെ ഒറ്റപ്പെടലിനെ കുറിച്ചും വേദനയെക്കുറിച്ചും ആവലാതിപ്പെട്ടില്ല. അല്ലെങ്കിലും പ്രിയപ്പെട്ട മനുഷ്യരുടെ കാര്യത്തിൽ ഞാനടക്കം എല്ലാ മനുഷ്യരും സ്വാർത്ഥരാണ്.അവൾ ആയിരുന്നില്ലേ എന്റെ പ്രിയ കൂട്ടുകാരി. ഞാൻ അവളോടും അവളെന്നോടും ചേർന്ന് എത്രയെത്ര മഴക്കാലം കടന്ന് പോയിട്ടുണ്ട്. പരസ്പരം താങ്ങിയും, മുറിവൂട്ടിയും ഞങ്ങളെത്ര വേനലും വസന്തവും വരവേറ്റു. പിന്നെ എവിടെയോ എനിക്ക് അവൾ രണ്ടാംസ്ഥാനക്കാരിയായി.
പരിഭവം പറയാതെ പിന്നെയും അവളെന്നെ കേട്ടു, എനിക്ക് വേണ്ടി സമയങ്ങൾ തന്നു. എന്നിട്ടും ഞാൻ എന്തേയ് അവളെ ഓർത്തില്ല ഇത്രയായിട്ടും, അവളൊറ്റക്ക് ആണെന്ന് തോന്നൽ അവളിൽ ഉണ്ടാവാൻ പാടില്ലായിരുന്നു, ആ വിധം ഞാൻ അവളെ പരിഗണിക്കേണ്ടതായിരുന്നു. അവളുടെ മുന്നിൽ ഞാൻ രണ്ടു അരുവികളെ പ്രസവിച്ചു. കുഞ്ഞിലേ പോൽ അവളെന്നെ തലോടി നെഞ്ചോട് ചേർത്തു. അവളോടൊട്ടി ഞാനൊരിക്കൽ കൂടി അവളുടെ മാത്രം കുഞ്ഞിയായി.ബാല്യത്തിലെന്നപോൽ ഞങ്ങൾ പരസ്പരമൂട്ടി. അവൾക് പ്രിയപെട്ട മകളാണ് ഞാൻ എന്ന് ഓരോ തവണയും പറഞ്ഞു അവളെന്നെ വിശുദ്ധയാക്കുന്നു .മറ്റെല്ലാ ചിന്തകൾക്കും പൂർണവിരാമം ചേർത്ത് ഞാൻ അവളുടെ കാമുകനെ കാത്തു ഈ ബെഞ്ചിലിരിക്കുമ്പോൾ എനിക്ക് ഭാരം കുറഞ്ഞതായി തോന്നി. മുന്നിലെ ലോകം ഒന്നുകൂടെ മനോഹരമായി പുഞ്ചിരിക്കുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.