Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right'കട്ടക്കയം പ്രേമകഥ'...

'കട്ടക്കയം പ്രേമകഥ' ജാരസന്തതിയല്ല, അതിനൊരു തന്തയുണ്ട്, അത് സുസ്‌മേഷ് ചന്ത്രോത്ത് എന്ന ഞാനാണ്'; രൂക്ഷ വിമർശനവുമായി കഥാകാരൻ

text_fields
bookmark_border
susmesh chandroth
cancel

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇന്നലെ അവതരിപ്പിക്കപ്പെട്ട 'കയം' നാടകം തന്‍റെ 'കട്ടക്കയം പ്രേമകഥ' എന്ന കഥയുടെ വികൃതമായ അവതരണമാണെന്ന് കഥാകൃത്ത് സുസ്മേഷ് ചന്ത്രോത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് എഴുത്തുകാരൻ രൂക്ഷമായ വിമർശനമുയർത്തിയത്.

തന്‍റെ കഥയെ കയമെന്ന് പേരുമാറ്റിയും കഥാപാത്രങ്ങളുടെ പേര് അതേപടി നിലനിർത്തിയും അവതരിപ്പിച്ചത് നാടകാഭാസമാണെന്നും പകർപ്പവകാശലംഘനമാണെന്നും സുസ്മേഷ് ചന്ത്രോത്ത് പറയുന്നു. നിയമലംഘനമാണ്. വികൃതമായ മോഷണമാണ്. തന്‍റെ കഥ അവതരിപ്പിക്കുന്നത് അറിയിച്ചിട്ടില്ല. കലാകാരനെ ആദരിക്കാത്ത അധമമായ നടപടിയുമാണ്.

ഇപ്പോൾ ഞാൻ കോടതിയിൽ പോകാത്തതും അതിന്റെ അവതരണം റദ്ദു ചെയ്യാൻ ആവശ്യപ്പെടാത്തതും കല മനസ്സിലുള്ള നിരപരാധികളായ കുഞ്ഞുങ്ങളുടെ മനസ്സ് വേദനിക്കാതിരിക്കാൻ മാത്രമാണ്. ആ കുഞ്ഞുങ്ങൾ ഇക്കാര്യത്തിൽ നിരപരാധികളുമാണ്. ഇങ്ങനെ നാടകം അവതരിപ്പിക്കുമ്പോൾ അതിന്റെ കഥയോ നാടകത്തിന്റെ പ്രമേയമോ എഴുത്തുകാരന്റെ അനുമതിയോ നേടിയോ എന്നു ചോദിക്കാത്ത അധ്യാപകരോടും അതിന് നേതൃത്വം നൽകിയ സ്‌കൂളധികൃതരോടും പുച്ഛവും സഹതാപവും മാത്രമേയുള്ളൂ -സുസ്മേഷ് ചന്ത്രോത്ത് പറയുന്നു.

സുസ്മേഷ് ചന്ത്രോത്തിന്‍റെ കുറിപ്പ്

ചെറ്റപ്പണിയെടുക്കരുത് ശരത് കുമാറും അബ്ദുൾ മജീദും. തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇന്നലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ അവതരിപ്പിച്ച കയം എന്ന നാടകം എന്റെ 'കട്ടക്കയം പ്രേമകഥ' എന്ന കഥയുടെ വികൃതമായ അവതരണമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2018 നവംബർ എട്ടിന്റെ ആഴ്ചപ്പതിപ്പിലും തുടർന്ന് അതേ തലക്കെട്ടിൽ മാതൃഭൂമി ബുക്‌സ് രണ്ടു പതിപ്പുകളും പ്രസിദ്ധീകരിച്ച പുസ്തകമാണ് 'കട്ടക്കയം പ്രേമകഥ'. ഒരുവിധം മലയാളി വായനക്കാർക്കെല്ലാം ആ കഥയെപ്പറ്റി അറിയാം. അതിനെ കയമെന്ന് പേരുമാറ്റിയും വീണ, പീറ്റർ എന്നീ കഥാപാത്രങ്ങളുടെ പേര് അതേപടി നിലനിർത്തിയും അവതരിപ്പിച്ച നാടകാഭാസം പകർപ്പവകാശലംഘനമാണ്. നിയമലംഘനമാണ്. വികൃതമായ മോഷണമാണ്. കലാകാരനെ ആദരിക്കാത്ത അധമമായ നടപടിയുമാണ്. പാലക്കാട് ജില്ലയിലെ വട്ടേനാട് ജി.വി.എച്ച്.എസ്.എസിനുവേണ്ടി ശരത് കുമാറും അബ്ദുൾ മജീദുമാണ് എന്റെ അനുമതി കൂടാതെയും അറിവ് കൂടാതെയും കഥയെടുത്ത് നാടകമാക്കി അവതരിപ്പിച്ചത്.

മുൻവർഷങ്ങളിലും പല സ്‌കൂൾ നാടകപ്രവർത്തകരും എന്റെ കഥകളെടുത്ത് നാടകമായും മോണോ ആക്ടായും മറ്റ് കലാരൂപങ്ങളായും സ്‌കൂൾ കലോത്സവവേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ പേർ മാത്രമാണ് എന്നെ മുന്നേ വിവരമറിയിക്കാനുള്ള മാന്യത കാണിച്ചിട്ടുള്ളത്. അവരോട് നാടകം വേറെ കലാരൂപമാണെന്നും എനിക്കറിയാത്ത പണിയായതിനാൽ നിങ്ങൾക്കതിൽ പരിപൂർണമായ സ്വാതന്ത്ര്യമുണ്ടെന്നും സ്‌ക്രിപ്‌റ്റോ റിഹേഴ്‌സലോ എനിക്ക് കാണേണ്ട കാര്യമില്ലെന്നും അതേ മാന്യതയോടെ ഞാൻ പറഞ്ഞിട്ടുമുണ്ട്. അവതരണം കാണാൻ നിർബന്ധിച്ച ചിലരുടെ അവതരണങ്ങൾ ഞാൻ കാണുകയും ചെയ്തിട്ടുണ്ട്. പ്രതിഫലം വാങ്ങാതെ അനുമതി കൊടുത്തിട്ടുള്ള ഇത്തരം സന്ദർഭങ്ങളിൽ എന്റെ പേരും മൂലകൃതിയുടെ പേരും അനൗൺസ് ചെയ്യണമെന്നും പോസ്റ്ററുകൾ തയ്യാറാക്കുന്നുണ്ടെങ്കിൽ അതിൽ വയ്ക്കണമെന്നും മാത്രമാണ് ഞാൻ അഭിപ്രായപ്പെട്ടിട്ടുള്ളത്. മുൻകൂർ അനുമതി വാങ്ങിയവർ അങ്ങനെ ചെയ്തിട്ടുമുണ്ട്. സ്‌കൂൾ വിദ്യാർഥികളിലെ കലാവാസനയെയും അതിനെ പ്രോത്സാഹിപ്പിക്കാനായി രംഗത്തിറങ്ങുന്ന യുവാക്കളെയും അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന രീതിയാണ് നാളിതുവരെ ഞാൻ പിന്തുടർന്നിട്ടുള്ളത്. എന്നാൽ ശരത്കുമാറും അബ്ദുൾ മജീദും എന്റെ കുഞ്ഞിനെ തട്ടിയെടുത്ത് തന്തയില്ലാത്ത ജാരസന്തതിയുടെ വേഷമണിയിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിൽ അവരുടെ രാഷ്ട്രീയവും അഭിപ്രായങ്ങളും ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഈ ധിക്കാരത്തിനും നിയമലംഘനത്തിലും എന്തുപേരാണ് വിളിക്കേണ്ടത്..?
കഥയിൽ അവർ തിരുകിക്കയറ്റിയ രാഷ്ട്രീയത്തോടോ അവരുടെ ആശയപ്രകടനങ്ങളോടോ അല്ല എന്റെ പ്രതിഷേധം. ഞാനറിയാതെ എന്റെ കഥയെടുത്ത് പേരും ഉള്ളടക്കവും മാറ്റി കൂസലില്ലാതെ അവതരിപ്പിച്ചതിലാണ്. ഇതിനെതിരെ എനിക്കോ പ്രസാധകരായ മാതൃഭൂമി ബുക്‌സിനോ ഇത്തരം വഞ്ചനകൾക്കും മോഷണത്തിനുമെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയും. പുസ്തകത്തിന്റെ പ്രസിദ്ധീകരണ കരാർ നിലനിൽക്കുന്നിടത്തോളം കാലം പ്രസാധകർക്കാണ് കൃതിയുടെമേൽ പകർപ്പവകാശം. ഇപ്പോൾ ഞാൻ കോടതിയിൽ പോകാത്തതും അതിന്റെ അവതരണം റദ്ദു ചെയ്യാൻ ആവശ്യപ്പെടാത്തതും കല മനസ്സിലുള്ള നിരപരാധികളായ കുഞ്ഞുങ്ങളുടെ മനസ്സ് വേദനിക്കാതിരിക്കാൻ മാത്രമാണ്. ആ കുഞ്ഞുങ്ങൾ ഇക്കാര്യത്തിൽ നിരപരാധികളുമാണ്. ഇങ്ങനെ നാടകം അവതരിപ്പിക്കുമ്പോൾ അതിന്റെ കഥയോ നാടകത്തിന്റെ പ്രമേയമോ എഴുത്തുകാരന്റെ അനുമതിയോ നേടിയോ എന്നു ചോദിക്കാത്ത അധ്യാപകരോടും അതിന് നേതൃത്വം നൽകിയ സ്‌കൂളധികൃതരോടും പുച്ഛവും സഹതാപവും മാത്രമേയുള്ളൂ. ഒരുപക്ഷേ പൊതുവിൽ കാണുന്നതുപോലെ കഥകളുമായോ സാഹിത്യവുമായോ ബന്ധമില്ലാത്ത അധ്യാപകരാവാം അവിടെയുള്ളത്. അവർ ഇത് മേൽപ്പറഞ്ഞ അധമന്മാരുടെ മൗലികമായ ആശയമാണെന്ന് തെറ്റിദ്ധരിച്ച് കൈയടിക്കുകയും ചെയ്തിട്ടുണ്ടാവാം. അതിനാൽ ഇനിമേലിൽ എന്റെ ഏതെങ്കിലും സാഹിത്യരചനയെടുത്ത് മുൻകൂർ അനുമതിയില്ലാതെ നാടകമായോ മറ്റേതെങ്കിലും കലാരൂപമായോ കലോത്സവവേദികളിലോ മറ്റെവിടെയെങ്കിലുമോ അവതരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് പരസ്യമായി അറിയിക്കുന്നു. എന്റെ രചന മറ്റുള്ളവരുടെ തോന്ന്യാസത്തിന് അവതരിപ്പിക്കപ്പെട്ടാൽ അതിൽ അഭിമാനിക്കുന്നവനല്ല ഞാൻ. ഇതിലെനിക്ക് രോഷവും ദുഃഖവും മാത്രമേയുള്ളൂ.
ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടിയോട് ഒരഭ്യർഥന. സ്‌കൂൾ കലോത്സവങ്ങളിൽ അവതരിപ്പിക്കുന്ന രചനകളിൽ പകർപ്പവകാശമുള്ള രചയിതാവിൽ നിന്നും രേഖാമൂലമുള്ള സമ്മതപത്രം ലഭിച്ചിട്ടുണ്ടോ എന്ന് സ്‌കൂളധികൃതർ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ഇനിമേലിൽ സ്വീകരിക്കണം. അങ്ങനെയല്ലാത്ത രചനകൾ സ്‌കൂൾ കലോത്സവവേദികളിൽ നിന്നും മാറ്റിനിർത്തുകയും വേണം. നാടകത്തിന് മാർക്കിടാൻ വരുന്ന ജഡ്ജസിന് മുന്നിൽ ഈ സമ്മതിപത്രത്തിന്റെ പകർപ്പുകൾ ഹാജരാക്കണം. അത് കിട്ടിയെന്ന് ജഡ്ജസ് ഉറപ്പുവരുത്തുകയും വേണം. ഇത് മുഴുവൻ കലാകാരന്മാർക്കും വേണ്ടിയുള്ള അഭ്യർഥനയാണ്.
ഇനി ശരത് കുമാറിനോടും അബ്ദുൾ മജീദിനോടും. കയമെന്ന പേരിൽ നിങ്ങൾ വേദിയിൽ കയറ്റി ബഹുജനങ്ങളെ കാണിച്ച 'കട്ടക്കയം പ്രേമകഥ' എന്ന കുട്ടി ജാരസന്തതിയല്ല. അതിനൊരു തന്തയുണ്ട്. അത് സുസ്‌മേഷ് ചന്ത്രോത്ത് എന്ന ഞാനാണ്. മേലിൽ ഇതുപോലുള്ള ചെറ്റപ്പണികളുമായി കലാകാരന്മാരുടെ അഭിമാനം മുറിപ്പെടുത്തരുത്. എന്റെ രണ്ടു ദിവസങ്ങളാണ് ആത്മവേദനയാൽ എനിക്ക് നഷ്ടമായത്. നിങ്ങൾ ചെയ്തത് കലാപ്രവർത്തനമല്ല. നിങ്ങൾ നെറിയുള്ള കലാകാരന്മാരുമല്ല. ഇക്കാര്യത്തിൽ കലാസ്‌നേഹികളുടെ പിന്തുണ കൂടി അഭ്യർഥിക്കുന്നു. ചിത്രവും പത്രവാർത്തയും നാടകത്തിന്റെ വീഡിയോയും അയച്ചുതന്ന പ്രിയ സുഹൃത്തിന്, നന്ദി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:susmesh chandrothKerala State School Kalolsavam 2025
News Summary - Susmesh Chandroth facebook post Kerala Kalolsavam drama competition
Next Story