മാമുക്കോയയെ സ്ക്രീനിൽ കാണുമ്പോൾ എെൻറ സ്വന്തമൊരാൾ വരുന്നതുപോലെ തോന്നുമെന്ന് ടി.പത്മനാഭൻ
text_fieldsമലയാളത്തിലെ ഹാസ്യനടന്മാരെയൊക്കെ ഇഷ്ടപ്പെടുന്ന എനിക്ക് മാമുക്കോയയെ സ്ക്രീനിൽ കാണുമ്പോൾ എന്റെ സ്വന്തമൊരാൾ വരുന്നതുപോലെ തോന്നുമെന്ന് സാഹിത്യകാരൻ ടി.പദ്മനാഭൻ.
മാമുക്കോയയുടെ അഭിനയം അങ്ങനെയൊരു ആഹ്ലാദമാണ് നൽകുന്നത്. സിനിമയിലല്ലാതെ മാമുക്കോയയെ കാണുന്നത് ഒരു ട്രെയിൻ യാത്രക്കിടയിലാണ്. ഒരു ദിവസം രാത്രി എക്സിക്യൂട്ടീവ് ട്രെയിനിൽ കണ്ണൂരിലേക്ക് വരികയായിരുന്നു. എറണാകുളത്തുനിന്നാണ് കയറിയത്. എ.സി. കമ്പാർട്ടുമെന്റിലാണ് ഇരിക്കുന്നത്. അന്ന്, ഏതോ ഒരു വണ്ടി ഉണ്ടായിരുന്നില്ല. ആലുവായിലെത്തുമ്പോൾ പലരും റിസർവേഷൻ കമ്പാർട്ടുമെന്റിലേക്ക് ഇടിച്ചു കയറി. അങ്ങനെ കയറിയ കൂട്ടത്തിൽ മാമുക്കോയയും ഉണ്ടായിരുന്നു.
മാമുക്കോയയുടെ മുഖത്തെ പരിഭ്രമത്തിൽ നിന്ന് മനസിലായി റിസർവേഷൻ ഇല്ല. എന്റെ അടുത്ത് ഒരു സീറ്റ് ഒഴിഞ്ഞിരിപ്പുണ്ട്. റിസർവ് ചെയ്ത ആൾ വന്നിട്ടില്ല. മിക്കപ്പോഴും യാത്ര ചെയ്യുന്ന ആളായതിനാൽ ടി.ടി.ഇ പരിചിതനാണ്. ഞാൻ ടി.ടി.ഇയോട് മാമുക്കോയയെ ചൂണ്ടി പറഞ്ഞു. `മാമുക്കോയയാണ്, റിസർവേഷനില്ല. തീർച്ച. ദയവ് ചെയ്ത് ഇവിടെ ഇരുത്തു. ടി.ടി.ഇ അങ്ങനെ ചെയ്തു.
സത്യത്തിൽ അതിനുമുമ്പ് ഞങ്ങൾ പരിചയപ്പെട്ടിരുന്നില്ല. ഞാൻ, ടി. പദ്മനാഭൻ എന്നൊന്നും പരിചയപ്പെടുത്താനും പോയില്ല. പക്ഷെ, മാമുക്കോയയ്ക്ക് എന്നെ അറിയുമായിരുന്നു. എന്റെ കഥകൾ വായിച്ചിരുന്നു. ഫറോക്കിലാണ് മാമുക്കോയ ഇറങ്ങിയത്.
മാമുക്കോയ ഒരു ഹാസ്യനടൻ മാത്രമല്ല. പെരുമഴക്കാലം എന്ന സിനിമ കണ്ട ഒരാൾക്ക് മാമുക്കോയ ഹാസ്യനടൻ മാത്രമാണോ? ഒരു പിതാവ് അഭിമുഖീകരിക്കുന്ന ഏറ്റവും തീക്ഷ്ണമായ വേദന ആമുഖത്തുണ്ടായിരുന്നു. മാമുക്കോയ അതിൽ മലയാളത്തിലെ ഏറ്റവും വലിയ സ്വഭാവ നടന്മാരിലൊരാളായി മാറി. എങ്ങനെ നമുക്ക് മറക്കാൻ കഴിയുമെന്ന് പദ്നാഭൻ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.