‘സാങ്കേതിക വിപ്ലവം തിയറ്ററിന്റെ സാധ്യത പരിമിതപ്പെടുത്തുന്നു’
text_fieldsതൃശൂർ: സാങ്കേതിക വിപ്ലവം തിയറ്ററിന്റെ സാധ്യത പരിമിതപ്പെടുത്തുന്നെന്ന് പ്രശസ്ത നാടക നടി ജൂലിയ വാർലി. ഡെൻമാർക്ക് ഓഡിൻ തിയറ്ററിലെ മുഖ്യ നടിയായ ഇവർ ‘ആവേ മരിയ’നാടകാവതരണത്തിന് ഇറ്റ്ഫോക്കിൽ എത്തിയതായിരുന്നു. നടന് മനുഷ്യരുമായി സംവദിക്കാനുള്ള വേദിയാണ് തിയറ്റർ.
പ്രേക്ഷകരുമായുള്ള നേരിട്ടുള്ള ബന്ധമാണ് ആവശ്യം. ഞാൻ മൈക്രോഫോൺ പോലും അവതരണങ്ങളിൽ ഉപയോഗിക്കാറില്ല. മൈക്രോ ഫോൺ ശബ്ദം കൂട്ടുമെങ്കിലും ശബ്ദത്തിന് വിറയൽ വരുത്തും.
എഴുതിത്തയാറാക്കുന്ന സ്ക്രിപ്റ്റ് സോളോ പൊർഫോർമൻസിൽ ഉണ്ടാകാറില്ല. ശരീര ഭാഷയും ചലനങ്ങളുമാണ് സംവേദന മാർഗങ്ങൾ. വളരെ സങ്കീർണമായ ആശയ വിനിമയം ആണത്. സാങ്കേതിക വിദ്യ തിയറ്ററിലെ മനുഷ്യ സാന്നിധ്യത്തിന്റെ ജൈവികത കവരുകയാണ്. തിയറ്റർ മരിക്കുന്നു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. തിയറ്ററുകൾ വളരെ സജീവമാണ്. ഇറ്റ്ഫോക് തന്നെ നോക്കൂ.
ക്ഷേത്രാഘോഷങ്ങളിലെയും ആചാരങ്ങളിലെയും കലാവതരണങ്ങളിലെ തിയറ്റർ സാധ്യത കേരളത്തിലെ നാടകപ്രവർത്തകർ തിരിച്ചറിയുന്നില്ല. ചെറുപ്പക്കാർ വിദേശനാടകങ്ങളുടെ പിറകെയാണ്. സാംസ്കാരികമായി ലഭിച്ച ഈ അനുഗ്രഹം കാണാതെയാണ് അവർ മറ്റ് നാടുകളിലെ തിയറ്ററുകളെ തേടിപ്പോകുന്നത്.
2016ൽ കേരളത്തിൽ വന്നപ്പോൾ ഞാൻ ഇവയെ അടുത്തറിയാൻ അവസരം ലഭിച്ചിരുന്നു. തെരുവുനാടകം നമ്മെ മികച്ച നടന്മാരാക്കുന്നുണ്ട്. ലഭ്യമായ സ്ഥലമനുസരിച്ച് നാടകം ചെയ്യാനുള്ള അറിവ് നൽകും. കേരളത്തിൽ പലതവണ വന്നിട്ടുണ്ട്.
കഥകളി പരിശീലനം സിദ്ധിച്ചത് കലാമണ്ഡലം കൃഷ്ണൻ നമ്പൂതിരിയുടെ കീഴിലാണ്. സംജുക്ത പാണിഗ്രാഹി, പാർവതി ബാവുൽ എന്നിവരൊത്ത് അരങ്ങിലെത്തിയിട്ടുണ്ട്. ഡെൻമാർക്കിൽ ഓഡിൻ തിയറ്ററിന്റെ കീഴിൽ യുജിനിയോ ബാർബയുടെ സംവിധാനത്തിലാണ് നാടകങ്ങൾ അവതരിപ്പിച്ചുവരുന്നത്. ഇതിനകം 42 രാജ്യങ്ങളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.