പത്ത് ഹൈക്കു കവിതകൾ
text_fields1.വേരുകൾ
ചില്ലകളും ഇലകളുമല്ല,
വേരുകളാണത്രേ
മരങ്ങളുടെ ആകാശം നിർണ്ണയിക്കുന്നത്.
2.നഷ്ടപ്രണയം
നമ്മുടേതല്ലാത്ത
ഇടങ്ങളിൽ നിന്നെല്ലാം
ഇറങ്ങി പോരാൻ
കൂടിയുള്ളതാണ് ജീവിതം
എന്ന തിരിച്ചറിവിലാണ്
ഓരോ നഷ്ടപ്രണയവും
അതിജീവിക്കുന്നത്.
3.അക്വേറിയം
കൂട്ടിലടക്കപ്പെട്ട
കിളികളുടെ സ്വാതന്ത്ര്യത്തെ പറ്റി
സംസാരിക്കുന്നവരൊന്നും
ചില്ലുകൂട്ടിൽ വിലയിട്ട് വെച്ച
അലങ്കാര മൽസ്യങ്ങളുടെ
സ്വാതന്ത്ര്യത്തെ പറ്റി
ഒരക്ഷരം മിണ്ടാത്തതെന്തേ ?
4.ജാതി
പറമ്പിൽ വളർന്നിരുന്ന
ജാതിയെ പറിച്ചെടുത്ത്
മനസ്സിൽ നട്ടതിന്‍റെ പിറ്റേന്നാണ്
മനുഷ്യൻ മരിച്ചത്.
5.കടൽ
പകൽ മുഴുവൻ ഭൂമിയിലുള്ളവർക്ക്
വേണ്ടി വിയർത്തൊലിച്ചിട്ട് കിട്ടാത്ത
സന്തോഷമാണ് അവസാനം കടലിലിറങ്ങിയൊന്ന് നനയുമ്പോൾ
എന്ന് സൂര്യൻ
6.ആകാശം
പറക്കുക,
മുകളിൽ ആകാശമുള്ളിടത്തോളമല്ല,
ഉള്ളിൽ ആകാശമുള്ളിടത്തോളം...
7.കണ്ണുനീർ
കണ്ണുനീരിനിത്ര ഉപ്പുരുചിയെന്താണെന്നറിയാമോ ?
ഉള്ളിലെ കടലിൽ
നിന്നാണതൊക്കെയും
ഒഴുകിയെത്തുന്നത്...
8.പുഞ്ചിരി
ഉള്ളിലുള്ള കൊച്ചു കൊച്ചു
സന്തോഷങ്ങൾ
തടവറ ചാടുന്നതാണ് പുഞ്ചിരി
9.സയൻസ്
സയൻസ് തീരെ അപ്ഡേറ്റഡല്ല
ബ്ലഡ് ഒക്കെ നോക്കി
ഗ്രൂപ്പ് മാത്രമെ പറയൂ...
ജാതിയൊന്നും പറയില്ല,
ഇവിടെ മനുഷ്യർ
മുഖം നോക്കി വരെ
ജാതിയും മതവും
ഏതെന്ന് പറയും..
10.സ്വപ്നങ്ങൾ
നിറങ്ങളില്ലാത്ത പട്ടങ്ങളും
ബലൂണുകളും ആകാശത്ത്
പറന്ന് നടക്കുന്നത് കണ്ടിട്ടില്ലേ ?
നിറമോ ഭംഗിയോ അല്ല
അതിനെ ഉയരത്തിൽ പറക്കാൻ
അനുവദിക്കുന്നത് ,
ഉള്ളിൽ നിറച്ച സ്വപ്നങ്ങളാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.