കലാകാരനായ ഐ.എ.എസുകാരൻ കേന്ദ്ര സാഹിത്യ പുരസ്കാര ജേതാവ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന്റെ മുൻ ചീഫ് സെക്രട്ടറി, കവി, ഗാനരചയിതാവ്, മലയാള സർവകലാശാല മുൻ വൈസ് ചാൻസലർ, ഐ.എം.ജി ഡയറക്ടർ... കെ. ജയകുമാറിനെക്കുറിച്ചുള്ള വിശേഷണങ്ങളിലേക്ക് ഒരു പൊൻതൂവൽ കൂടി. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവ്.
ഇംഗ്ലീഷിലും മലയാളത്തിലുമായി 15 കവിതാ സമാഹാരങ്ങൾ ഉൾപ്പെടെ 47 കൃതികളാണ് കെ. ജയകുമാറിന്റെ തൂലികയിൽ പിറന്നത്. അതിൽ പത്താമത്തെ കവിതാസമാഹാരമായ 'പിംഗളകേശിനി'ക്കാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കവിത എഴുത്തിനും ചിത്രരചനക്കുമുള്ള സമയം ജയകുമാർ കണ്ടെത്തിയിരുന്നു. പല സ്ഥലങ്ങളിലും ചിത്രപ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു.
1952 ഒക്ടോബർ ആറിന് പ്രശസ്ത ചലച്ചിത്രസംവിധായകൻ എം. കൃഷ്ണൻ നായരുടെയും സുലോചനയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ച കെ. ജയകുമാർ, കേരള സർവകലാശാലയിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1978ൽ ഐ.എ.എസ് നേടി. അസി. കലക്ടറായി തുടക്കം. 1986ൽ കോഴിക്കോട് ജില്ല കലക്ടറായിരിക്കെ, ആദ്യ കവിതാസമാഹാരമായ 'ഒറ്റപ്പെട്ടവരുടെ പാട്ട്' പ്രസിദ്ധീകരിച്ചു.
ഏഴ് കൃതികള്‍ ഇംഗ്ലീഷില്‍ രചിച്ച ജയകുമാറിന്റെ സാഹിത്യ സംഭാവനകളിൽ ടഗോറിന്റെ ‘ഗീതാഞ്ജലി’, ഖലീല്‍ ജിബ്രാന്റെ ‘പ്രവാചകന്’, ഒമര്‍ ഖയ്യാമിന്റെ ‘റുബായിയത്ത്’, റൂമിയുടെ ‘നൂറു കവിതകള്‍’ എന്നിവയുടെ മലയാള വിവർത്തനവും ജയദേവന്റെ ‘ഗീതാഗോവിന്ദ’ത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും ഉൾപ്പെടും. ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലും കൃതികൾ പ്രസിദ്ധീകരിച്ചതിനൊപ്പം നൂറിലേറെ സിനിമകള്‍ക്ക് ഗാനരചനയും നിര്‍വഹിച്ചിട്ടുണ്ട്. 2022ല്‍ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി.
വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സാംസ്കാരിക വകുപ്പ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തുടങ്ങിയ തസ്തികകളിൽ മാത്രമല്ല, സംസ്ഥാന ചലച്ചിത്രവികസന കോർപറേഷൻ എം.ഡി, എം.ജി സർവകലാശാല വൈസ് ചാൻസലർ തുടങ്ങിയ പദവികളും വഹിച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് 2012ൽ വിരമിച്ചശേഷം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസലറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.