ബഹുസ്വരതയുടെ സൗന്ദര്യം
text_fieldsഅനേകത, നാനാത്വം, പലമ, വൈവിധ്യം, വ്യത്യസ്തത, ബഹുത്വം എന്നിങ്ങനെ പല പേരുകളിൽ പരിചിതമായ ബഹുസ്വരത, അതിനോട് എതിരിടുമെന്ന് കരുതാവുന്ന തനിമയുടെ ബന്ധുവാകുമ്പോഴാണ്, ആ ബഹുസ്വരത സുന്ദരമാവുന്നത്. തനിമയിൽ ചുരുങ്ങലും പലമയിൽ വിസ്തൃതിയുമുണ്ടെന്ന് പ്രാഥമികതലത്തിൽതന്നെ മനസ്സിലാക്കാൻ ഒരു പ്രയാസവുമില്ല. എന്നാൽ, രണ്ടിനും ഒരിക്കലും രണ്ടായി വേറിട്ടു നിൽക്കാൻ കഴിയില്ല. മലയാളത്തനിമ മാത്രമെടുത്താൽ മലയാളമൊഴിഭേദ പലമയിലൂടെയാണത് നിലനിൽക്കുന്നതെന്ന് മനസ്സിലാവും. ഒരർഥത്തിലും പ്രത്യേകം വ്യക്തമാക്കേണ്ടതില്ലാത്ത ഒന്നിനെ ഈവിധം വ്യക്തമാക്കേണ്ടിവരുന്നത്, നവഫാഷിസ്റ്റ് പശ്ചാത്തലത്തിൽ ഒരു കൃത്രിമ ഒന്ന് അതല്ലെങ്കിൽ ഒരു മേൽക്കോയ്മാ ഏകീകരണപ്രവണത ഭരണകൂട നേതൃത്വത്തിൽ ശക്തമാവുന്നതുകൊണ്ടാണ്. ഒരിക്കൽ ബഹുസ്വരതകളെ ഐക്യപ്പെടുത്തിയ ഒരുമ ഒന്നിനെ, അതേ ബഹുസ്വരതകളെ തകർക്കുന്ന ഭിന്നിപ്പുവില്ലനായി മാറ്റുന്ന ഒരവസ്ഥയെ വിശകലനം ചെയ്യണമെങ്കിൽ, വൈവിധ്യത്തെ വെട്ടിമാറ്റുന്നതല്ല, അതിനെ സൗഹൃദ ഏകത്വത്തിലേക്ക് വിമോചിപ്പിക്കുന്നതാണ് ശരിയായ ഐക്യമെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഭാഷക്കുള്ളിൽ പലഭാഷകളുള്ള, മതത്തിലും മതമില്ലായ്മയിലും പല കാഴ്ചപ്പാടുകളുള്ള, അഭിരുചികളിലും സമീപനങ്ങളിലും പൊതുവായ കാര്യങ്ങൾ പങ്കുവെക്കുമ്പോഴും, വ്യക്തിഗത പ്രത്യേകതകൾ സൂക്ഷിക്കുന്ന പലമകളെ പൊളിച്ചുണ്ടാക്കുന്ന കൃത്രിമ ഏകീകരണത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് തനിമ-പലമ പാരസ്പര്യം ഇന്ന് മറ്റെന്തിലുമെന്നപോലെ ഉയർത്തിപ്പിടിക്കേണ്ടത്.
ഉത്തമന് ഊശാൻതാടി, മൂഢന് കാടും പടർപ്പും എന്ന ചൊല്ലും, നായർക്ക് ഇഞ്ചിപക്ഷം, അച്ചിക്ക് കൊഞ്ച് പക്ഷം എന്ന ചൊല്ലും അപഗ്രഥിച്ചാൽ ബഹുസ്വരതയുടെ തത്ത്വം മനസ്സിലാവും. ആദ്യചൊല്ല് ഏതോ ഊശാൻ താടിക്കാരനായ ഉത്തമൻ പ്രൗഢി പ്രകടിപ്പിക്കാൻ പടച്ചതാവും. അപ്പോഴും ഉത്തമന് ഊശാൻ താടി എന്ന് മാത്രമായി പറഞ്ഞ് ആ ചൊല്ല് നിർത്തിയിരുന്നെങ്കിൽ, അപരവിദ്വേഷമില്ലാത്ത ഒരു സ്വയം പരസ്യം മാത്രമായി അത് ഒതുങ്ങുമായിരുന്നു. ഏകസ്വരതയുടെ വീരസ്യം പറച്ചിൽ മാത്രമായി അത് ചുരുങ്ങുമായിരുന്നു. എന്നാൽ, ചൊല്ലിലെ മൂഢന് കാടും പടർപ്പും എന്നതിൽ മൂട്ടിൽ നാല് രോമമുള്ളവന് താടിനിറയെ രോമമുള്ളവനോടുള്ള പരിഹാസമാണ് നുരച്ച് പതയുന്നത്. ഒരാവശ്യവുമില്ലാത്ത ബഹുസ്വരതാനിരാകരണമാണതിൽ നിറയുന്നത്. എന്നാൽ, രണ്ടാമത് പരാമർശിച്ച നായർക്ക് ഇഞ്ചിപക്ഷം എന്നതിൽ അപരവിദ്വേഷരഹിതമായ ഒരു നായർ–തനിമ മാത്രമാണ് തെളിയുന്നത്. അച്ചിക്ക് കൊഞ്ചുപക്ഷം എന്നുകൂടി ചേരുന്നതോടെ അത് ശരിക്കും ബഹുസ്വരതയുടെ ആഘോഷമായി തീരുകയാണ്. ഇഞ്ചിയും കൊഞ്ചും തമ്മിൽ ഇടച്ചിലിന്റെയും ആവശ്യമില്ലെന്ന വിനയത്തിലാണത് നിർവൃതമാവുന്നത്. നവഫാഷിസ്റ്റ് ഇന്ത്യനവസ്ഥയിൽ പച്ചക്കറിപക്ഷമെന്നും ഇറച്ചിപക്ഷമെന്നും ചൊല്ലിനെ പരിമിതികളോടെ പരിഷ്കരിക്കുകയുമാവാം. വെപ്പുപാത്രങ്ങളിൽവെച്ച് ഇവ പങ്കുവെക്കുന്ന മഹാസൗഹൃദത്തെ വാഴ്ത്തുകയുമാവാം!
ബഹുസ്വരത സൂക്ഷ്മാർഥത്തിൽ സഹിഷ്ണുതയോ സങ്കരസംസ്കാരമോ അല്ല. സഹിഷ്ണുത പരമാവധി പറയുന്നത് നീ അങ്ങനെയായതുകൊണ്ടും, ഞാനിങ്ങനെയായതുകൊണ്ടും, എന്തൊക്കെ പറഞ്ഞാലും നമുക്കൊക്കെ എങ്ങനെയെങ്കിലും ഇവിടെ ഒത്തുപോവേണ്ടതുള്ളതുകൊണ്ടും പരസ്പരം ആവുന്നത്ര സഹിച്ച് കഴിഞ്ഞുകൂടാം എന്നാണ്. മറ്റൊരു വഴിയുമില്ലാത്തതുകൊണ്ട് രൂപംകൊള്ളുന്ന ഒരൊത്തുതീർപ്പാണത്. അത്രയും നന്മ അനിവാര്യമായും അതിലുണ്ട്. ഇന്നത്തെ ഇന്ത്യനവസ്ഥയിൽ അതും ആഘോഷിക്കപ്പെടുകതന്നെ വേണം! എന്നാൽ, ബഹുസ്വരത അടിസ്ഥാന മാനവിക മൂല്യങ്ങൾക്ക് മുറിവേൽപിക്കാതെ സ്വാതന്ത്ര്യത്തിലേക്കുള്ള മുന്നേറ്റത്തിന്റെ വഴികളാണ് അന്വേഷിക്കുന്നത്. അതുകൊണ്ടാണത് സർവ പരിവർത്തനങ്ങളെയും സ്വാഗതം ചെയ്യുകയും അതേസമയം അതിനെ അപഗ്രഥിക്കുകയും, വെറുപ്പിനെ പുറത്താക്കി വാതിലടക്കുകയും, സംവാദങ്ങൾക്ക് അവധി കൊടുക്കാതിരിക്കുകയും ചെയ്യുന്നത്. ഇപ്രകാരം ബഹുസ്വരതയുടെ വശ്യസൗന്ദര്യം ആവിഷ്കരിക്കുന്ന ഹെർമൻ ഹെെസ്സയുടെ ‘സിദ്ധാർഥ’ എന്ന നോവലിലെ, ബ്രാഹ്മണപുത്രൻ (The Brahmins Son) എന്ന ആദ്യ അധ്യായത്തിലെ സ്നേഹസംവാദത്തിന്റെ ഔന്നത്യത്തിലേക്കുയർന്ന ഒരു സന്ദർഭംമാത്രം വിശദമാക്കാനാണ്, അതുവഴി, ഏകസ്വരതയുടെയും കൃത്രിമ ഏകീകരണത്തിന്റെയും, സ്നേഹരാഹിത്യത്തിന്റെയും വൈവിധ്യ വരൾച്ചകളുടെയും അസഹ്യതയും അതിനെ അതിവർത്തിക്കുമ്പോഴുള്ള ആഹ്ലാദവും അടയാളപ്പെടുത്താനാണ് ശ്രമിക്കുന്നത്.
1922ൽ ജർമൻ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘സിദ്ധാർഥ’ ഒരു നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. പ്രസിദ്ധീകൃതമായത് മുതൽ കാൽനൂറ്റാണ്ടിലേറെ കാലം ‘സിദ്ധാർഥ’ ഒരു ചലനവും ഉണ്ടാക്കിയില്ല. എന്നാൽ, പാരമ്പര്യ രചനാരീതികളെയും, സാമ്പ്രദായിക ജീവിതാവസ്ഥകളെയും, മുതലാളിത്ത മൂല്യങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് അമേരിക്കയിൽ രണ്ടാം ലോകസാമ്രാജ്യത്വ യുദ്ധാനന്തരം രൂപംകൊണ്ട, സെൻബുദ്ധിസത്തിൽനിന്ന് പ്രചോദനംകൊണ്ട, പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്ക് ആഘോഷിച്ച, ബീറ്റ് മൂവ്മെന്റ് (Beat Movement) എന്ന ആഞ്ഞടിക്കൽ പ്രതിഷേധ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തോടെ ‘സിദ്ധാർഥ’യുടെ പ്രസക്തിയും പ്രശസ്തിയും വർധിച്ചു. ആർത്തിയിൽ അഭിരമിക്കുന്ന അമേരിക്കൻ മുതലാളിത്ത ജീർണാവസ്ഥയോടുള്ള പുതിയ തലമുറയുടെ രോഷമാണ്, ‘സിദ്ധാർഥ’ നോവലിനെ പുതിയൊരാത്മീയ അന്വേഷണത്തിന്റെ മാനിെഫസ്റ്റോ ആക്കി മാറ്റിയത്. എന്നാലിപ്പോൾ ഇന്ത്യനവസ്ഥയിൽ നോവൽ ബഹുസ്വരത സംബന്ധിച്ച പുതിയ ഉണർച്ചയുടെ പശ്ചാത്തലത്തിലാണ് മുമ്പത്തെക്കാൾ പ്രസക്തമാവുന്നത്.
നോവൽ തുടങ്ങുന്നത് സ്വന്തം ഗ്രാമത്തിലൂടെ കടന്നുപോയ സന്യാസിസംഘത്തെ കണ്ടപ്പോൾ മുതൽ സിദ്ധാർഥനുണ്ടായ ആത്മീയാന്വേഷണവ്യഗ്രതയിൽനിന്നാണ്. ഗ്രാമമാകെ ആദരിക്കുന്ന അച്ഛന്റെ വഴിയിലൂടെ ഇടംവലം തിരിയാതെ, ഒരു വ്യാകുലതയുമില്ലാതെ സ്വന്തം നാടിന്റെ അഭിമാനമായി സർവർക്കും മാതൃകയായി ജീവിച്ചുപോരുകയായിരുന്നു മഹാപുരോഹിതനായ, ആദർശമൂർത്തിയായ അച്ഛന്റെ നിഴലായി സിദ്ധാർഥ. പെെട്ടന്നാണ്, ഒരു മിന്നൽപോലെ ജീവിതത്തിലേക്ക് പുതിയൊരു വെളിച്ചം, അപ്രതീക്ഷിതമായി വന്നുവീണത്. വൈകുന്നേരത്തെ പതിവുള്ള ധ്യാനത്തിനുശേഷം ആത്മമിത്രമായ ഗോവിന്ദയോടാണ് സന്യാസിസംഘത്തിൽ ചേരാനുള്ള സ്വന്തം തീരുമാനം ആദ്യം സിദ്ധാർഥ പറഞ്ഞത്. ഗോവിന്ദ നടുങ്ങിപ്പോയി. അച്ഛൻ അതനുവദിക്കുമോ എന്ന ആശങ്കയും പങ്കുവെച്ചു. ‘നമുക്കതേക്കുറിച്ചൊന്നും അധികം സംസാരിക്കേണ്ട. നാളെ പ്രഭാതം മുതൽ ഞാൻ സന്യാസജീവിതം ആരംഭിക്കും’. അതൊരു സന്ദേഹരഹിതമായ തീർപ്പായിരുന്നു. തുടർന്നാണ് നോവലിലെ ഏറ്റവും സംഘർഷഭരിതവും അതേസമയം, ബഹുസ്വരതയുടെ സൗന്ദര്യവും ഗാംഭീര്യവും, വ്യത്യസ്ത തനിമകളെ തകർക്കാതെതന്നെ
ആഘോഷിക്കപ്പെടുന്നതിന്റെ ആവിഷ്കാരവും സാധ്യമാവുന്നത്. സിദ്ധാർഥയും അച്ഛനും തമ്മിലുള്ള സംഭാഷണത്തെക്കാൾ അവർക്കിടയിലെ മൗനവും ഉച്ചരിച്ച വാക്കുകളേക്കാൾ, അവക്കിടയിലെ വെളിച്ചവുമാണ്, വായനയുടെ വഴി തിരിച്ചുവിടുന്നത്. പൊട്ടിത്തെറിയുണ്ടാക്കിയേക്കാവുന്ന, ജീവിതംതന്നെ ചിതറിതെറിച്ചു പോകാവുന്ന സന്ദർഭമാണ്, ബഹുസ്വരതയുടെ പൂത്തിരികൾ കത്തിയപ്പോൾ വർണാഭമായത്!
അച്ഛന് പിറകിൽ, തന്നെ അച്ഛൻ കാണുംവിധം കൈകൾ മാറത്തു കെട്ടി നിവർന്നുനിൽക്കുന്ന സിദ്ധാർഥയുടെ ആ നിൽപുതന്നെ വേറിട്ടൊരു തുടക്കമാണ്. സിദ്ധാർഥാ, നിനക്കെന്താണ് പറയാനുള്ളത് എന്ന പിതാവിന്റെ ചോദ്യത്തിന്, ഒരു വളച്ചുകെട്ടുമില്ലാതെ, എനിക്ക് സന്ന്യാസിസംഘത്തിൽ ചേരണം എന്ന മറുപടി കേട്ടപ്പോൾ, സഹസ്രാബ്ദങ്ങളിലൂടെ സ്വാംശീകരിച്ച ഒരു മൂല്യവ്യവസ്ഥയാകെ തന്റെ മുന്നിൽ ഇടിഞ്ഞുപൊളിഞ്ഞു വീഴുന്നതായി ആ പിതാവിന് അനുഭവപ്പെട്ടിരിക്കണം. പുത്രൻ തന്നെ മാത്രമല്ല, പൂർവപിതാക്കളെ കൂടിയാണല്ലോ ഉപേക്ഷിക്കുന്നതെന്നോർത്ത് അദ്ദേഹത്തിന്റെ ഉള്ളമെത്രയോ നൊന്തിരിക്കണം. പക്ഷേ, ആത്മീയന്വേഷകൻ സംയമനം പാലിക്കേണ്ടതുണ്ടല്ലോ എന്നോർത്ത് അദ്ദേഹം വേദനകൾ ഉള്ളിൽ അമർത്തി നിശ്ശബ്ദനായി നിന്നിരിക്കണം! എത്ര പറഞ്ഞാലും പറഞ്ഞുതീർക്കാനാവാത്ത ഒരസ്വസ്ഥ നീറ്റലിൽ പിടഞ്ഞ്, രണ്ടാമതൊരു തവണകൂടി ഉള്ളംപിളർക്കുന്ന ഇത്തരമൊരു അപേക്ഷ എനിക്ക് കേൾക്കാനാവുകയില്ലെന്ന് മകന്റെ മുഖത്ത് നോക്കാതെ നോക്കി, പറയാതെ പറഞ്ഞ് ഇനിയെന്തുവഴിയെന്നറിയാതെ സ്വന്തം കിടപ്പുമുറിയിലേക്ക് പോയിരിക്കണം. അതൊരു പോക്കായിരുന്നില്ല, പതനമായിരുന്നു. സമയം കടന്നുപോയി, കിടക്കപ്പൊറുതി കിട്ടുന്നില്ല. അദ്ദേഹം എഴുന്നേറ്റ് കിളിവാതിലിലൂടെ നോക്കി, സിദ്ധാർഥ ശിരസ്സുയർത്തി നിശ്ചലനായി അതേ നിൽപിലാണ്. നീയെന്തിനാണ് ഇനിയും കാത്തുനിൽക്കുന്നത്, അദ്ദേഹത്തിന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. താങ്കൾക്ക് അതറിയാം, സിദ്ധാർഥക്ക് മറ്റൊന്നും പറയാൻ കഴിയുമായിരുന്നില്ല.
അദ്ദേഹം വീണ്ടും കിടപ്പുമുറിയിൽപോയി. തിരിഞ്ഞും മറിഞ്ഞും കിടന്നു. എല്ലാം മറന്നൊന്നുറങ്ങാൻ. ഉറങ്ങാനായില്ല. എഴുന്നേറ്റ് മുറിയിൽ തലങ്ങും വിലങ്ങും നടന്നു. പിന്നീട് അദ്ദേഹം വീട്ടിൽനിന്നും പുറത്തിറങ്ങി. പോകുന്നവഴി ജനവാതിലിലൂടെ അടുത്ത മുറിയിലേക്ക് മകൻ കിടന്നിട്ടുണ്ടാവുമെന്ന വിശ്വാസത്തിൽ, ഒരൽപം ആശ്വാസം കൊതിച്ചുകൊണ്ട് നോക്കി. ഇല്ല. അതേ നിൽപ്. അതേ നിശ്ചയദാർഢ്യം, അദ്ദേഹം ഒരിക്കൽകൂടി കിടപ്പുമുറിയിലേക്ക് തിരിച്ചുവന്നു. അർധരാത്രിയും പിന്നിട്ടു. ആ കിളിവാതിലിലൂടെ വീണ്ടുമയാൾ സമാധാനം കിനാവുകണ്ട് മകനെ നോക്കി. യാഥാർഥ്യമായിത്തീർന്ന ഒരു പേക്കിനാവുപോലെ സിദ്ധാർഥ നിൽക്കുകയാണ്. ഒരു മാറ്റവുമില്ല. സങ്കടവും ദേഷ്യവും ഉത്കണ്ഠയും ഭീതിയും അദ്ദേഹത്തിൽ നിറഞ്ഞു. പ്രഭാതമാവാൻ കുറച്ചുസമയം ബാക്കിനിൽക്കേ, സിദ്ധാർഥൻ നിൽക്കുന്ന മുറിയിലേക്കയാൾ പ്രവേശിച്ചു. ഇതുവരെ താൻകണ്ട, താനറിഞ്ഞ, സ്നഹിച്ച, സിദ്ധാർഥനല്ല, ഈ സിദ്ധാർഥനെന്നയാൾ തിരിച്ചറിഞ്ഞു. തലപ്പൊക്കത്തോടെ, എന്നാൽ വിനയാന്വിതനായി തൊട്ടുമുന്നിൽ എന്നാൽ ഏറെ അകലത്തിൽ നിൽക്കുന്ന, പരിചിതനെങ്കിലും, അതിനേക്കാൾ അപരിചിതനായിതീർന്ന പ്രിയപുത്രനോട് ഒരിക്കൽകൂടി പ്രാർഥിച്ചുകൊണ്ട് അയാൾ ചോദിച്ചു: സിദ്ധാർഥാ നീയെന്താണിനിയും കാത്തുനിൽക്കുന്നത്? ഒരു ഭാവഭേദവുമില്ലാതെ മുമ്പ് എപ്രകാരമാണോ സംസാരിച്ചത് അതുപോലെ, തലതാഴ്ത്താതെ, ശബ്ദമുയർത്താതെ, സങ്കടമോ സന്തോഷമോ കൂടാതെ, സർവസംഗപരിത്യാഗിയെപ്പോലെ നിസ്സംഗനായി സിദ്ധാർഥൻ പറഞ്ഞു: പിതാവേ അങ്ങേക്കതറിയാം. തുടർന്ന് നിശ്ശബ്ദതക്ക് വിരാമമിട്ടുകൊണ്ട് അവർ തമ്മിൽ നടന്ന സംഭാഷണവും, തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് നോവലിന്റെ ന്യൂക്ലിയസ്. ബഹുസ്വരതയുടെയും!
നീ ഈ നിൽപ് തുടങ്ങിയിട്ട് എത്രയോ സമയമായി. ഇപ്പോൾ പ്രഭാതമാവാറായി. ഇനി ഉച്ചയാവും, പിന്നെ വൈകുന്നേരമാവും. അപ്പോഴും നീ ഇതുപോലെ കാത്തുനിൽക്കുമോ? കാത്തുനിൽക്കും. എത്ര സമയമായാലും.
നീ ക്ഷീണിച്ചുപോവും സിദ്ധാർഥാ...
ശരിയാണ് ഞാൻ ക്ഷീണിച്ചുപോകും
നീ ഉറങ്ങിപ്പോവും സിദ്ധാർഥ
ഇല്ല, ഞാനുറങ്ങില്ല
നീ മരിച്ചുപോകും സിദ്ധാർഥാ
അതെ ഞാൻ മരിച്ചുപോവും
എന്നാലും നീ നിന്റെ തീരുമാനം മാറ്റുകയില്ലേ? സ്വന്തം പിതാവിനെ നീ അനുസരിക്കുകയില്ലേ?
സിദ്ധാർഥൻ എന്നും അവന്റെ പിതാവിനെ അനുസരിച്ചിട്ടേയുള്ളൂ. അവൻ പിന്നെയൊന്നും പറഞ്ഞില്ല. അതേനിൽപ്. അതിലെല്ലാം ഉണ്ടായിരുന്നു. പ്രഭാതത്തിലെ ആദ്യരശ്മികൾ ആ മുറിയിലേക്ക് കടന്നുവന്നു. സിദ്ധാർഥയുടെ കാൽമുട്ടുകൾ വിറക്കുന്നത് പിതാവ് കണ്ടു. പക്ഷേ, അതോടൊപ്പം ആ മുഖത്ത് നിശ്ചയദാർഢ്യം കനക്കുന്നതും! സിദ്ധാർഥന്റെ തൊട്ടുമുന്നിലാണ് നിൽക്കുന്നതെങ്കിലും അവനിപ്പോൾ തനിക്ക് തൊടാനാവാത്തവിധം അകലെയായി കഴിഞ്ഞെന്ന് അയാൾക്ക് ബോധ്യമായി. അവൻ വീടുവിട്ടുകഴിഞ്ഞെന്ന് ഒരു വേദനയോടെ അയാളറിഞ്ഞു. സ്വന്തം വഴി കണ്ടെത്തിയ മകനെ അയാൾ പിന്നെ തടഞ്ഞില്ല, തടയാനാവുമായിരുന്നില്ല. സിദ്ധാർഥയുടെ ചുമലിൽ കൈവെച്ചുകൊണ്ട് അയാൾ പറഞ്ഞു. നീ നിെന്റ ഇഷ്ടംപോലെ സന്യാസി സംഘത്തിൽ ചേർന്നോളൂ. നിനക്കതിൽനിന്ന് സ്വാസ്ഥ്യവും സംതൃപ്തിയും കിട്ടുകയാണെങ്കിൽ നീ മടങ്ങിവരണം. ഞങ്ങൾക്കും അത് പകർന്ന് തരണം. അഥവാ നിനക്ക് ആനന്ദം കിട്ടുന്നില്ലെങ്കിലും നീ തിരിച്ചുവരണം. നമുക്ക് നമ്മുടെ പതിവ് പൂജകൾ ചെയ്ത് പഴയതു പോലെ വീണ്ടും ഒന്നിച്ച് കഴിയാം. ഇനി നീ പോവുക. അവസാനമായി നിന്റെ അമ്മയെ ചുംബിച്ച് അവളോട് വിവരങ്ങളെല്ലാം പറയുക. പതിവുള്ള പൂജാകർമങ്ങൾക്കുള്ള സമയമായി. ഞാനും പോവുകയാണ്. അയാൾ മകന്റെ ചുമലിൽനിന്നും കൈയെടുത്ത് നടന്നുപോയി. അന്ന് അച്ഛനൊപ്പം സിദ്ധാർഥ പതിവു പോലെ നടന്നില്ല. അവസാനമായി തലകുനിച്ചു. സ്വയം നിയന്ത്രിച്ചു. പിതാവ് പറഞ്ഞതുപോലെ അമ്മയെ വന്ദിച്ചു. പിൻവിളിക്ക് കാത്തുനിൽക്കാതെ പ്രഭാതത്തിനു മുമ്പുള്ള പുലർച്ചയുടെ ഉണർവിൽ നടന്നു.
മതപരിവർത്തന വിരുദ്ധ ബിൽ മുതൽ നിരവധി മനുഷ്യവിരുദ്ധതകൾക്കിടയിൽ അതിനോടൊക്കെയുമെതിരിടുന്ന വൈവിധ്യത്തെ ആഴത്തിലറിഞ്ഞ്, അതനുസരിച്ച് സ്വതന്ത്രമാവുന്ന ബഹുസ്വരതയുടെ സൗന്ദര്യമാണ് മകനെന്നപോലെ ആ അച്ഛന്റെയും സ്വന്തം വഴികളിലൂടെയുള്ള വേറിട്ട നടത്തം. പുറത്തുപോയ മകൻ എപ്പോഴും തിരിച്ചുവരാൻ കഴിയുംവിധം വിസ്തൃതമായൊരു വീട്, അതോടൊപ്പം വിട്ടുപോവുമ്പോഴും ചേർത്തുപിടിക്കുന്നൊരു അച്ഛനും മകനും! ബഹുസ്വരത വെട്ടലും കിഴിക്കലുമല്ല, കൂട്ടലും പെരുക്കലുമാണ്. സഹിഷ്ണുതക്കപ്പുറമുള്ള സൗഹൃദവും സ്വാതന്ത്ര്യവുമാണ്. മതപരിവർത്തനത്തിനും മതത്തിൽനിന്നുള്ള പരിവർത്തനത്തിനും മതമേയില്ലാത്ത ആത്മീയാന്വേഷണത്തിനും എന്തിനും അതൊന്നും മനുഷ്യത്വത്തിന് മുറിവേൽപിക്കുകയില്ലെങ്കിൽ അതിൽ ഇടമുണ്ട്.
‘സിദ്ധാർഥ’യിലെ അച്ഛനും മകനും തമ്മിൽ നടന്ന, മതപരിവർത്തന സംവാദം, ഏതർഥത്തിലും സൂക്ഷ്മവും സമഗ്രവും സർഗാത്മകവുമായ ബദൽ അന്വേഷണങ്ങൾക്ക് ശക്തിപകരുംവിധം പ്രചോദനാത്മകമാണ്. സ്വന്തം വിശ്വാസത്തിൽ അഗാധബോധ്യമുള്ള അച്ഛൻ, സിദ്ധാർഥന്റെ പെെട്ടന്നുള്ള, ‘മതം’മാറ്റത്തിൽ സങ്കടപ്പെടുന്നതും, പ്രതിരോധിക്കുന്നതും സ്വാഭാവികവും. എന്നാൽ, സിദ്ധാർഥനെ മതപരിവർത്തന ക്രമത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള സർവശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ തന്നെപ്പോലെതന്നെ തന്റെ മകനും, അഗാധമാംവിധം മറ്റൊരു വിശ്വാസത്തിലാണുള്ളതെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. തുടർന്ന് ഓരോരുത്തരും നടത്തേണ്ട ആത്മീയാന്വേഷണം തറവാട്ട് മഹിമയുടെയോ, സ്വന്തം കാഴ്ചപ്പാടിന്റെയോ കാര്യമല്ലെന്ന് വിനയപൂർവം തിരിച്ചറിയുന്നു. ചുമലിൽ കൈവെച്ചുകൊണ്ട്, യാത്രക്ക് മംഗളം ആശംസിക്കുന്നതോടെ അപാരമായൊരു വിനയത്തിൽ ഇരുവരും വിനിമയവിധേയമല്ലാത്ത ഉദാത്തമായൊരവസ്ഥയിലേക്ക് ഉയരുന്നു. അതും കഴിഞ്ഞ് ആത്മീയാന്വേഷണത്തിൽ സംതൃപ്തനായാലും, അല്ലെങ്കിലും സ്വന്തം വീട്ടിലേക്ക് എപ്പോഴും തിരിച്ചുവരാൻ പാകത്തിൽ നിനക്കുവേണ്ടി ഒരു വാതിൽ ഇവിടെ എപ്പോഴും തുറന്നുതന്നെയിരിക്കുമെന്ന് ഉറപ്പു പകരുന്ന നിർവൃതിയിൽ സ്വയം അനുഭൂതിപ്പെടുന്നു. ഒരു വീട്ടിൽ സൗഹൃദപൂർവം സ്നേഹസംവാദം തുടർന്നുകൊണ്ട് വ്യത്യസ്ത വിശ്വാസങ്ങളിൽപെട്ടവർക്കും, ഒരു വിശ്വാസവുമില്ലാത്തവർക്കും സ്വയമറിഞ്ഞും പരസ്പരമറിഞ്ഞും അപരവിദ്വേഷ കറയില്ലാതെ ജീവിക്കാൻ കഴിയുമെന്നും, ശരിക്കുള്ള ഏത് ആത്മീയാന്വേഷണവും മതപരിവർത്തനവും മതരഹിതാവസ്ഥകളും കണക്കല്ല, കവിതയാണെന്നും, നവഫാഷിസ്റ്റ് മതപ്പേടിയെയും ഏകമാതൃകാശാഠ്യങ്ങളെയും പൊളിച്ച്, ‘സിദ്ധാർഥ’ നോവൽ ജനായത്തത്തിന്റെ വഴി വിസ്തൃതപ്പെടുത്തുന്നു. ബഹുസ്വരതയുടെ ആ മത്തുപിടിപ്പിക്കുന്ന മാസ്മരിക സൗന്ദര്യം പകരുന്ന നിർവൃതിയിൽ സർവ അസംബന്ധ തർക്കങ്ങളും അതോടെ അപ്രസക്തമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.