എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയനാണ് സേതുവെന്ന് മുഖ്യമന്ത്രി
text_fieldsകൊച്ചി : എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയനാണ് സേതുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം-2022 സേതുവിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളുടെയും സമൂഹത്തിന്റെയും ധര്‍മ്മസങ്കടങ്ങളെ ആവിഷ്‌കരിക്കുന്ന കൃതികളാണു സേതുവിന്റേത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കിരാതം, നനഞ്ഞ മണ്ണ്, പാണ്ഡവപുരം, അറിയാത്ത വഴികള്‍, നിയോഗം, കൈമുദ്രകള്‍, അടയാളങ്ങള്‍ തുടങ്ങിയ കൃതികളിലൊക്കെ വ്യക്തിമനസും സമൂഹമനസും പ്രതിഫലിച്ചു നില്‍ക്കുന്നു. ഇതിഹാസ മാനങ്ങളുള്ള കൃതിയായി പാണ്ഡവപുരം വിലയിരുത്തപ്പെടുന്നു. സമൂഹത്തെ കടഞ്ഞെടുത്ത കഥാപാത്രങ്ങളാണു സേതുവിന്റെ കൃതികളിലുള്ളത്. ഒപ്പം കാലത്തിന്റെ പ്രതിഫലനംകൊണ്ടും അവ ശ്രദ്ധേയമാകുന്നു.
താന്‍ ജനിച്ച ചേന്ദമംഗലത്തെ ജൂതസമൂഹത്തിന്റെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന 'മറുപിറവി' സേതുവിന്റെ കൃതികളില്‍ വേറിട്ട സംസ്‌കാരത്തിന്റെകൂടി സാന്നിധ്യത്താല്‍ ശ്രദ്ധേയമാണ്. പഴയകാല നോവലുകളിലെ സ്ത്രീകഥാപാത്രങ്ങളെ പുനര്‍സൃഷ്ടിക്കുന്ന 'പെണ്ണകങ്ങള്‍' അടക്കമുള്ള ഓരോ നോവലും വ്യത്യസ്ത സമീപന രീതികൊണ്ടും ആവിഷ്‌കാരം കൊണ്ടും ശ്രദ്ധേയമാണ്.
മലയാളി ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തെ തന്റെ നോവലുകളിലൂടെ സേതു അടയാളപ്പെടുത്തുന്നു. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതം സര്‍ഗ്ഗാത്മക ജീവിതത്തിനു തടസമാകുന്നില്ലെന്ന് സ്വന്തം എഴുത്തിലൂടെ സ്ഥിരീകരിച്ച അപൂര്‍വ്വംപേരേയുള്ളൂ. അവര്‍ക്കിടയിലാണു സേതുവിന്റെ സ്ഥാനം. എഴുത്തച്ഛന്‍ പുരസ്‌കാരം അദ്ദേഹത്തിന് ഒരേസമയം അംഗീകാരവും പ്രചോദനവുമാകട്ടെയെന്നും തുടര്‍സംഭാവനകള്‍ക്കുള്ള ഊര്‍ജ്ജം ലഭിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
സമൂഹത്തെക്കുറിച്ചുള്ള കരുതല്‍ ഉള്ളിലുള്ളതുകൊണ്ട് ജാതീയതയുടെ, ഭോഗാലസതയുടെ, കര്‍മ്മരാഹിത്യത്തിന്റെ ഇരുട്ടില്‍ ഒരു വിളക്കു കൊളുത്തി വയ്ക്കുകയാണ് എഴുത്തച്ഛന്‍ ചെയ്തത്. അന്ന് അത് അത്യാവശ്യമായിരുന്നു. അതു ജനങ്ങള്‍ക്കു വേണമായിരുന്നു. അതുകൊണ്ടാണ് മറ്റു പല രാമായണങ്ങളും അക്കാദമിക് അലമാരകളില്‍ വിശ്രമിക്കുമ്പോള്‍ എഴുത്തച്ഛന്റെ രാമായണം വീടുകള്‍ തോറും മനസുകള്‍ തോറും എത്തിയത്.
ബ്രാഹ്മണനു മാത്രമല്ല ചുടല സൂക്ഷിപ്പുകാരനുവരെ അവകാശപ്പെട്ടതാണു ദൈവം എന്നു പ്രഖ്യാപിച്ചു എഴുത്തച്ഛന്‍. ഭാഷാ നവീകരണം മാത്രമല്ല ഈ നിലയ്ക്കുള്ള സാമൂഹിക നവീകരണം കൂടിയാണ് എഴുത്തച്ഛനെ മലയാളിക്കു പ്രിയങ്കരനാക്കുന്നതും ഭാഷയുടെ പിതാവാക്കുന്നതും. അങ്ങനെയുള്ള ഭാഷാ പിതാവിന്റെ പേരിലുള്ള പുരസ്‌കാരമാണ് സേതുവിലേക്ക് ഇപ്പോള്‍ എത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ് മുഖ്യാതിഥിയായി. ഹൈബി ഈഡന്‍ എം.പി, ടി.ജെ. വിനോദ് എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയ് പ്രശസ്തിപത്രം വായിച്ചു. സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.