ഭീതിയുടെ നിയമം
text_fieldsകൊലയാളി, മരിച്ചവ ജഡത്തിലേക്ക് മാത്രം നോക്കുന്നു.
കണ്ണുകളിലേക്കു നോക്കുന്നില്ല.
ഒട്ടുമേ കുറ്റബോധമില്ലാതെ
ചുറ്റും കൂടിനിന്നവരോട്കൊ
ലയാളി പറയുകയാണ്:
"എന്നെ കുറ്റപ്പെടുത്തേണ്ട,
ഞാൻ ഭയന്നിരിക്കുകയായിരുന്നു"
കൂടിനിന്ന ചിലരിൽ
നീതിയുടെ നിയമങ്ങളേക്കാൾ
മനഃശാസ്ത്ര വിശകലനങ്ങളെ
പിന്താങ്ങുന്നവരുടെ പ്രതികരണമിങ്ങനെ:
"അയാൾ സ്വയം പ്രതിരോധിക്കുകയായിരുന്നുവല്ലോ"
ധർമത്തിന് മുകളിലാണ് പുരോഗമനമെന്ന്,
ഉദ്ഘോഷിക്കുന്ന സ്തുതിപാഠകർ പറയുന്നുണ്ടിങ്ങനെ:
"നീതി, അധികാരത്തിന്റെ ഔദാര്യത്തിൽനിന്നും പ്രകാശിക്കുന്നതാണ്;
അതിനാൽ കൊല്ലപ്പെട്ടവൻ,
കൊലയാളിയിൽ തീർത്ത ഭീതിക്ക്,
മാപ്പ് പറയേണ്ടിയിരിക്കുന്നു."
ജീവിതത്തിനും യാഥാർഥ്യത്തിനും ഇടയിലുഴലുന്ന,
പണ്ഡിത കേസരികളുടെ നിരീക്ഷണമിങ്ങനെ:
"ഇതിവിടെ, ഈ വിശുദ്ധ ഭൂമിയിലല്ലാതെ
മറ്റെവിടെയെങ്കിലുമാണ് സംഭവിച്ചതെങ്കിൽ,
കൊല്ലപ്പെട്ടവന്റെ പേരുപോലും അറിയുമായിരുന്നില്ല;
അതിനാൽ, നമുക്ക് ഭയപ്പെട്ടവനെ
സാന്ത്വനിപ്പിക്കുന്നതിലേക്ക് ശ്രദ്ധതിരിക്കാം."
അവരെല്ലാം ഒന്നിച്ച്,
കൊലയാളിയോട് ഐക്യപ്പെടാൻ
പൊതുവീഥിയിലേക്ക് ഇറങ്ങിയപ്പോൾ
ആ വഴി കടന്നു പോകുകയായിരുന്ന
ചില വിദേശയാത്രികർ
അവരോട് ചോദിക്കുകയാണ്:
"കൊല്ലപ്പെട്ട ആ കുട്ടി എന്ത് തെറ്റാണ് ചെയ്തത്?"
അവരുടെ മറുപടി ഇങ്ങനെ:
"അവൻ വളർന്നു വന്നാൽ
ഭയപ്പെട്ടവന്റെ മകനെ
അവനും ഭയപ്പെടുത്തും."
"ആ സ്ത്രീ ചെയ്ത തെറ്റ് എന്തായിരുന്നു?"
അവർ പറഞ്ഞു:
"അവളിനിയും വളർന്നാൽ
ഒരു ചരിത്രത്തിന് ജന്മം നൽകിയേക്കാം."
"വൃക്ഷത്തെ കരിച്ചതെന്തിന്?"
അവർ പറഞ്ഞു:
"അതിൽ നിന്നും പച്ചനിറത്തിൽ
ഒരു പക്ഷി പ്രത്യക്ഷപ്പെട്ടേക്കാം "
പിന്നെ അവർ ഉച്ചത്തിൽ പറഞ്ഞു:
"ഭയമാണ്, നീതിയല്ല;
അധികാരത്തിന്റെ അടിത്തറ"
കൊല്ലപ്പെട്ടവന്റെ ജഡമപ്പോൾ
ആകാശത്തിൽ തെളിഞ്ഞു.
അവരതിന് നേരെ വെടി ഉതിർത്തെങ്കിലും
ഒരു തുള്ളി രക്തം പോലും
വാർന്നു വീണില്ല.
അവരപ്പോഴും ഭയന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.