അനശ്വരനടൻ സത്യന്റെ ജീവിതം നോവലാകുന്നു
text_fieldsമലയാളസിനിമയിലെ അനശ്വരനടൻ സത്യന്റെ ജീവിതം നോവലാകുന്നു. രാജീവ് ശിവശങ്കർ രചിച്ച ‘സത്യം’ എന്ന നോവൽ അടുത്തുതന്നെ മാതൃഭൂമിയിലൂടെ പുറത്തിറങ്ങും. നൂറ്റിനാൽപ്പതോളം സിനിമകളിലഭിനയിച്ച് പ്രശസ്തിയുടെ പാരമ്യത്തിൽ നിൽക്കുന്ന സമയത്താണ് രക്താർബുദം ബാധിച്ച് 1971 ജൂൺ 15ന് 59-ാം വയസിൽ സത്യൻ അന്തരിക്കുന്നത്.
കളരി അഭ്യാസി, അധ്യാപകൻ, സൈനികൻ, പൊലീസ് ഇൻസ്പെക്ടർ, നടൻ, കുടുംബനാഥൻ തുടങ്ങിയ സത്യന്റെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ചർച്ച ചെയ്യുന്ന നോവലാണ് ‘സത്യം’ എന്ന് രാജീവ് ശിവശങ്കർ പറയുന്നു. പ്രേംനസീർ, കെ.ജെ.യേശുദാസ്, പി. ജയചന്ദ്രൻ, ഷീല, ശാരദ, പി.ഭാസ്കരൻ, വയലാർ, ദേവരാജൻ, മധു, രാമു കാര്യാട്ട്, ശാരംഗപാണി, തോപ്പിൽഭാസി തുടങ്ങി മലയാള സിനിമയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച, മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ഒട്ടേറെപ്പേർ കഥാപാത്രങ്ങളാകുന്ന ഈ നോവൽ മലയാളസിനിമയുടെ ചരിത്രംകൂടിയാണെന്ന് രാജീവ് പറഞ്ഞു.
‘തമോവേദം’, ‘പ്രാണസഞ്ചാരം’, ‘പെണ്ണരശ്’, ‘കൽപ്രമാണം’, ‘കലിപാകം’, ‘നാഗഫണം’, ‘പോര്’ തുടങ്ങി 16 നോവലുകൾ ഉൾപ്പെടെ 22 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള രാജീവ് ശിവശങ്കർ ശങ്കരാചാര്യരുടെ ജീവിതത്തെ ആസ്പദമാക്കി ‘മറപൊരുൾ’,കുഞ്ഞാലിമരയ്ക്കാന്മാരുടെ ജീവിതത്തെ ആസ്പദമാക്കി ‘കുഞ്ഞാലിത്തിര’ എന്നീ ജീവചരിത്രനോവലുകളും രചിച്ചിട്ടുണ്ട്. ‘പ്രാണസഞ്ചാര’ത്തിന് തോപ്പിൽരവി പുരസ്കാരവും ‘ദൈവമരത്തിലെ ഇല’ എന്ന കഥാസമാഹാരത്തിന് മനോരാജ് സ്മാരക പുരസ്കാരവും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.