കവിത : തോറ്റുപോയവർ
text_fieldsജീവിതത്തിൽ തോറ്റുപോയ
പെണ്ണുങ്ങളുടെ
തൊഴുത്താണത്രേ
വേശ്യാലയം!
കയറില്ലാതെ കെട്ടിയിട്ട
കുറെയേറെ ഉടലുകൾ
മുല്ലപ്പൂ സുഗന്ധവും
ഉടൽക്കുളിരും തേടി
എത്തുന്നവർക്ക്
അറിഞ്ഞോ അറിയാതെയോ
നിറംകെട്ടുപോയ
കുറെ സ്വപ്നങ്ങളെ
കടിച്ചുപറിക്കാം
ഒരുപാടു പേർ
വായിച്ചുപോയ
പുസ്തകങ്ങൾപോലെ
കുത്തഴിഞ്ഞ ജീവിതങ്ങളെ
വിൽക്കപ്പെടുകയാണ്
ഒട്ടിയവയറിൽ
വിനയമില്ലാത്ത വിരലുകളുടെ
അനുസരണയില്ലാത്ത
നുഴഞ്ഞുകയറ്റത്തിൽ
നോവുമർമരങ്ങളുടെ
കുത്തൊഴുക്ക്
വഴിതെറ്റിപ്പോയവർ
വീണ്ടും വഴിതെറ്റി
സഞ്ചരിക്കയാണ്
കാലത്തിന്റെ മുന്നിൽ
കണ്ണീരുമൊലിപ്പിച്ച്
ഉമ്മ വെച്ചും
ഉറക്കെ പാട്ടുപാടിയും
അട്ടഹസിച്ചും
പകുത്തെടുക്കുന്ന
സ്വർഗരാജ്യം
വേദനകളുറങ്ങുന്ന
അടിമകളുടേതാണ്
ചൂടും ചൂരുംതേടി
രഹസ്യമായി എത്രയെത്ര
തേടിയെത്തലുകൾ
നീരുവറ്റിയാലും
മാമ്പഴം മധുരമുള്ളതല്ലേ..?
നാടുകടത്തപ്പെട്ടവരാണ്
പറയാൻ പറ്റില്ല
എന്നാലോ വീട്
വിച്ഛേദിക്കപ്പെട്ടവരാണ്
അകംപറ്റി
തിരിച്ചിറങ്ങിപ്പോരുമ്പോൾ
കൈകാലുകൾ
കഴുകിയിറക്കമാണെങ്കിലും
ചുണ്ടിൽ പറ്റിയ മധുരം
നുണഞ്ഞിറക്കിക്കൊണ്ടിരിക്കും
അകലം കുറച്ചും
അടുപ്പം കൂട്ടിയും
വീണ്ടും വീണ്ടുമെത്തുന്നവർക്ക്
സ്വർഗരാജ്യമാണ്
ഉൾവിളക്കുകളണഞ്ഞാലും
ഉൾത്തുടിപ്പുകൾ
അവസാനിക്കുന്നില്ല
മുഖംമൂടികൾ
വസന്തം തേടിയെത്തുകയാണ്
നഗ്നതയുടെ പൂർണതയിൽ
ദുഃഖിതരും പീഡിതരും
ആർക്കുമാർക്കും വീണ്ടെടുക്കാൻ
ആനന്ദമില്ല അത്രയും
ആഴത്തിൽ പതിഞ്ഞ
അഴലുകളല്ലാതെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.