മലയാളത്തിലെ ആദ്യ ദേശാന്തര പ്രണയകാവ്യത്തിന് 150 വയസ്സ്
text_fieldsമലപ്പുറം: മലയാളത്തിലെ ആദ്യ അന്തർദേശീയ പ്രണയകാവ്യമെന്ന് വിളിക്കാവുന്ന മഹാകവി മോയിൻകുട്ടി വൈദ്യരുടെ 'ബദറുൽ മുനീർ ഹുസ്നുൽ ജമാൽ' രചിക്കപ്പെട്ടിട്ട് 150 വർഷം. 1872ൽ തന്റെ 17ാമത്തെ വയസ്സിലാണ് വൈദ്യർ ഈ കാവ്യം രചിച്ചത്. പേർഷ്യൻ ഭാഷയിലെ ക്ലാസിക്കൽ പ്രണയകാവ്യങ്ങളിലൊന്നായി പരിഗണിക്കുന്ന, 1785ൽ മിർ ഹസൻ ദഹ്ലവി രചിച്ച 'ബദർ ഇ മുനീർ വേ ബെ നസീറാ'ണ് വൈദ്യരുടെ കാവ്യത്തിന്റെ മൂലകൃതി. മിർ ഹസൻ ദഹ്ലവിയുടെ കാവ്യം 1802ൽ മിർ ഹുസൈനി (ബഹദൂർ അലി) ഉറുദുവിലേക്ക് 'നസ്റി ബെ നസീർ' പേരിൽ വിവർത്തനം ചെയ്തു. ഇതിൽനിന്നാണ് വൈദ്യർ 'ബദറുൽ മുനീർ ഹുസ്നുൽ ജമാൽ' രചിക്കുന്നത്.
ഹിന്ദുസ്ഥാനിലെ അസ്മീർ ദേശത്തെ രാജാവായ മഹാസിന്റെ പുത്രി ഹുസ്നുൽ ജമാലും മന്ത്രി മസാമീറിന്റെ പുത്രൻ ബദറുൽ മുനീറും തമ്മിലുള്ള പ്രണയവും വിരഹവും പുനഃസമാഗവുമാണ് കാവ്യത്തിന്റെ ഇതിവൃത്തം. ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനായ സി.ഡബ്ല്യൂ. ബൗൾഡർ ബെൽ 1871ൽ 'നസ്റി ബെ നസീർ' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതിന്റെ തൊട്ടടുത്ത വർഷമാണ് വൈദ്യർ ഇതേ കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നത്.
ലഭ്യമായ രേഖകൾ പ്രകാരം, ഒരുമലയാള കാവ്യത്തെക്കുറിച്ചും കവിയെക്കുറിച്ചും ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യപഠനം 'ബദറുൽ മുനീർ ഹുസ്നുൽ ജമാലി'നെയും മോയിൻകുട്ടി വൈദ്യരെയും കുറിച്ചാണ്. ബ്രിട്ടീഷ് കൊളോണിയൽ സർക്കാറിന് കീഴിൽ മദ്രാസ് പ്രവിശ്യയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ദ ഇന്ത്യൻ ആന്റിക്വറി'യുടെ 1899 മാർച്ച് ലക്കത്തിലാണ് ഈ കാവ്യത്തെക്കുറിച്ച് പഠനം പ്രസിദ്ധീകരിച്ചത്. മലബാർ ജില്ലയിലെ ബ്രിട്ടീഷ് പൊലീസ് ഓഫിസറും എത്നോഗ്രാഫറുമായിരുന്ന ഫ്രെഡ് ഫൗസറ്റാണ് 'എ പോപുലർ മാപ്പിള സോങ്' പേരിൽ ലേഖനം എഴുതിയത്. 45ാം വയസ്സിൽ വൈദ്യർ മരണപ്പെട്ട് ആറുവർഷത്തിനുശേഷമായിരുന്നു ഇത്. മാപ്പിളമാരുടെ പടപ്പാട്ടുകളെക്കുറിച്ച് ഇതേ പ്രസിദ്ധീകരണത്തിന്റെ 1901 നവംബർ ലക്കത്തിൽ 'വാർ സോങ്സ് ഓഫ് മാപ്പിളാസ് ഓഫ് മലബാർ' ലേഖനവും ഫൗസറ്റിന്റേതായി വന്നു. ലേഖനത്തിന്റെ പ്രധാനഭാഗം വൈദ്യരുടെ ബദർ, ഹുനൈൻ, മലപ്പുറം പടപ്പാട്ടുകളെക്കുറിച്ചാണ്. മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകല അക്കാദമിയും കോഴിക്കോട് കോർപറേഷനും ചേർന്ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളിൽ ബദറുൽ മുനീർ ഹുസ്നുൽ ജമാലിന്റെ 150ാം വാർഷികാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.